മലയാറ്റൂർ∙ അടിവാരത്ത് സ്കൂളിനോടു ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്ത് ആടിനെ അജ്ഞാത ജീവി കൊന്ന് പകുതിയോളം മാസം ഭക്ഷിച്ച നിലയിൽ കണ്ടെത്തി. ആടിനെ കൊന്നത് പുലിയാണെന്നാണ് നാട്ടുകാർ പറയുന്നത്.
നാട്ടുകാരുടെ ശക്തമായ ആവശ്യത്തെ തുടർന്ന് പുലിയെ കുടുക്കാനുള്ള കൂട് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് രാത്രിയിൽ സ്ഥാപിച്ചു. മണപ്പാട്ടുചിറയ്ക്കു സമീപം താമസിക്കുന്ന കുരിശിങ്കൽ വർഗീസിന്റെ ആടിനെയാണ് അജ്ഞാത ജീവി കൊന്നത്. ആടിനെ കാണാതായതിനെ തുടർന്ന് പകൽ മുഴുവനും പലയിടത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പുല്ലുകൾ വളർന്നു നിൽക്കുന്ന ഒഴിഞ്ഞ സ്ഥലത്ത് ഇന്നലെ രാവിലെ ആടിന്റെ ജഡം കണ്ടെത്തുകയായിരുന്നു.ഇവിടെ നിന്ന് 500 മീറ്ററോളം മാറി ഒരു ഫാമിന്റെ സമീപത്ത് പുലിയാണെന്നു സംശയിക്കുന്ന അജ്ഞാത ജീവിയുടെ ആക്രമണം കുറച്ചു നാൾ മുൻപ് ഉണ്ടായിരുന്നു.
തുടർന്നും അതേ രീതിയിലുള്ള ആക്രമണം ഉണ്ടായതോടെ നാട്ടുകാർ പുലിപ്പേടിയിൽ ആയി. സമീപത്തുള്ള വനമേഖലയുടെ പരിസര പ്രദേശങ്ങളിൽ പലപ്പോഴും പുലി നാട്ടിലിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നു തിന്നിട്ടുണ്ട്.
അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായ സ്ഥലത്തും പരിസരത്തും ക്യാമറ വയ്ക്കാമെന്നും ആക്രമണം നടത്തുന്നത് പുലിയാണെന്ന് തീർച്ചപ്പെടുത്തിയാൽ മാത്രമേ കൂട് വയ്ക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദം ലഭിക്കുകയുള്ളുവെന്നും സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ നാട്ടുകാർ ഇതിനെ എതിർത്തു. കൂടിനു പകരം ക്യാമറ വച്ചതു കൊണ്ട് പുലിയെ കിട്ടില്ലെന്നും കൂട് വയ്ക്കാതെ പിരിഞ്ഞു പോകില്ലെന്നും നാട്ടുകാർ ശക്തമായ നിലപാട് എടുത്തതോടെ കൂട് സ്ഥാപിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചു.
ജനസാന്ദ്ര മേഖലയിലാണ് പുലിയെന്നു കരുതുന്ന ജീവിയുടെ ആക്രമണം ഉണ്ടായതെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി.
സ്കൂളും പള്ളിയും തൊട്ടടുത്താണ്. കൂടാതെ കുരിശുമുടിയിലേക്ക് ധാരാളം തീർഥാടകരും മണപ്പാട്ടുചിറയിലേക്ക് വിനോദ സഞ്ചാരികളും ദിവസേന വരുന്ന സ്ഥലമാണെന്നും നാട്ടുകാർ പറഞ്ഞു.
നാട്ടുകാരുടെ ആശങ്ക കണക്കിലെടുത്ത് പ്രശ്നം പരിഹരിക്കാൻ ശാശ്വത പരിഹാരം വേണമെന്നും അതിനു അടിയന്തര നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് റോജി എം.ജോൺ എംഎൽഎ വനം മന്ത്രി എ.കെ.ശശീന്ദ്രന് കത്തു നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]