മൂവാറ്റുപുഴ∙ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് ആൻഡ് സ്റ്റഡീസിന്റെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ (ജിപിആർ) ഉപയോഗിച്ചുള്ള സ്കാനിങ് മൂവാറ്റുപുഴയിൽ പൂർത്തിയാക്കി.എംസി റോഡിൽ കച്ചേരിത്താഴം പാലത്തിനു സമീപമുള്ള കുഴിയുടെ സമീപ പ്രദേശങ്ങളിലാണ് ജിപിആർ ഉപയോഗിച്ചുള്ള വിശദമായ സ്കാനിങ് നടത്തിയത്. വൈകിട്ട് നടത്തിയ ട്രയൽ റണ്ണിനു ശേഷം വൈദ്യുതി, ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് രാത്രി സ്കാനിങ് പൂർത്തിയാക്കിയത്.കിഫ്ബിയുടെ ഉന്നതതല സംഘം നടത്തിയ സ്ഥല പരിശോധനയ്ക്കും മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിനും ശേഷം കുഴി മൂടുന്നതിനുള്ള മാർഗരേഖ കിഫ്ബി തയാറാക്കിയിട്ടുണ്ട്.
ജിപിആർ ഉപയോഗിച്ചു നടത്തിയ പരിശോധനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മാർഗരേഖയ്ക്ക് കിഫ്ബി അന്തിമ അനുമതി നൽകുക.കച്ചേരിത്താഴത്ത് ഇന്ത്യൻ ബേക്കറിയുടെ മുൻവശത്തുള്ള കാന മുനിസിപ്പാലിറ്റിയുടെ സ്ഥലത്തിലൂടെ പുഴയിലേക്ക് തിരിച്ചുവിടും.
മറുഭാഗത്ത് രാജേശ്വരി ഹോട്ടലിന്റെ മുൻവശത്ത് വരെ എത്തിയിരിക്കുന്ന പുതിയ റോഡിലെ കാന കെഎസ്ഇബി, ജല അതോറിറ്റി എന്നിവയുടെ പോസ്റ്റും വാട്ടർ കണക്ഷന്റെ പൈപ്പുകളും മാറ്റിയ ശേഷം ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് യോജിപ്പിച്ചു പുഴയിലേക്ക് ഒഴുക്കും.
പാലത്തിനു സമീപമുള്ള കുഴിയിൽ കണ്ടെത്തിയ ബലക്ഷയം സംഭവിച്ച പഴയ കൽക്കെട്ട് ഡ്രെയ്നേജ് പൂർണമായും അടച്ചുപൂട്ടും. എന്നാൽ, ഇപ്പോഴുള്ള രണ്ട് കാനകളുടെയും ആഴവും വിസ്തൃതിയും കൃത്യമായി കണ്ടെത്തണം.
കൂടാതെ ഈ കാനകൾക്കു പുറമേ മറ്റേതെങ്കിലും ഡ്രെയ്നേജ് ഉണ്ടോ എന്ന പരിശോധനയ്ക്കും ശേഷമേ ഏതു വിധത്തിൽ കുഴി അടയ്ക്കണം എന്നുള്ള തീരുമാനം ഉണ്ടാകുകയുള്ളൂ. നഗരസഭയുടെ സ്ഥലത്തു കൂടിയുള്ള കാന നിർമാണത്തിന് അനുമതിക്കായി നഗരസഭയ്ക്ക് അടിയന്തരമായി കത്ത് നൽകാൻ എംഎൽഎ കെആർഎഫ്ബിയോട് നിർദേശിച്ചു. പൊതു താൽപര്യം മുൻനിർത്തി കെആർഎഫ്ബിയുടെ അഭ്യർഥന ലഭിക്കുന്ന മുറയ്ക്ക് നഗരസഭ ഇതിനു വേണ്ട
എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് നഗരസഭാ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]