
കൊച്ചി ∙ വൈറ്റിലയിൽ സിഗ്നൽ ഒഴിവാക്കി ഗതാഗത പരിഷ്കരണം സാധ്യമാക്കാമെന്നു നിർദേശം. എസ്എ റോഡിൽ നിന്നും തൃപ്പൂണിത്തുറയിൽ നിന്നും വരുന്ന വാഹനങ്ങൾ സിഗ്നൽ തടസ്സം ഇല്ലാതെ തുടർച്ചയായി മുന്നോട്ടുപോകുമ്പോൾ, എസ്എ റോഡിൽ കടവന്ത്ര മുതലും തൃപ്പൂണിത്തുറ റോഡിൽ തൈക്കൂടം മുതലുമുള്ള ഗതാഗതക്കുരുക്കിനു പൂർണമായ പരിഹാരമാവും.
ജംക്ഷനിൽ ചെറിയ ക്രമീകരണങ്ങൾ വരുത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നിർദേശങ്ങളാണു മന്ത്രി കെ.ബി. ഗണേഷ്കുമാർ വിളിച്ച യോഗത്തിൽ ചർച്ചയായത്.
ഇതിന് 1.5 കോടി രൂപ അനുവദിക്കാനും ധാരണയായി.
വൈറ്റിലയിലെ ഇപ്പോഴത്തെ പ്രശ്നം എസ്എ റോഡിലും തൃപ്പൂണിത്തുറ റോഡിലുമുള്ള വാഹനക്കുരുക്കാണ്. ഇടപ്പള്ളി– കുണ്ടന്നൂർ ട്രാക്കിലെ വാഹനങ്ങൾക്കു മേൽപാലത്തിലൂടെ കടന്നുപോകാം.
എന്നാൽ വൈറ്റിലയിൽ 80 % വാഹനങ്ങൾ വരുന്നതു തൃപ്പൂണിത്തുറ– എസ്എ റോഡിലേക്കാണ്. ഇവിടെ സിഗ്നൽ ഒഴിവാക്കിയാൽ വാഹനങ്ങൾക്ക് ഇടതടവില്ലാതെ മുന്നോട്ടുപോകാം.
എസ്എ റോഡിലെയും തൃപ്പൂണിത്തുറ റോഡിലെയും ബ്ലോക്ക് ഒഴിവായിക്കിട്ടും.
∙എസ്എ റോഡിൽ നിന്നുള്ള വാഹനങ്ങൾക്കു തൃപ്പൂണിത്തുറ, കുണ്ടന്നൂർ, മൊബിലിറ്റി ഹബ്, പൊന്നുരുന്നി, ആലുവ ഭാഗത്തേക്കു തിരിയാൻ ഇപ്പോൾ ഒറ്റവഴിയേയുള്ളു. ജംക്ഷനിൽ നിലവിലുള്ള ട്രാഫിക് ടവറിന്റെ ഇടതു ഭാഗത്തുകൂടി മൊബിലിറ്റി ഹബിലേക്കു പ്രവേശിക്കാൻ പാകത്തിന് ഇപ്പോൾ മീഡിയൻ കട്ട് ചെയ്തിട്ടുണ്ട്.
അതു കുറച്ചുകൂടി വീതി കൂട്ടിയാൽ കുണ്ടന്നൂർ, ഹബ്, തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും കടത്തിവിടാം. ആലുവ, പൊന്നുരുന്നി ഭാഗത്തേക്കുള്ള വാഹനങ്ങൾക്കു ഫ്രീ ലെഫ്റ്റ് കിട്ടും.
മറ്റു വാഹനങ്ങൾ ഹബ് വഴി മെട്രോ സ്റ്റേഷനു മുന്നിലൂടെ ഹബ് എക്സിറ്റ് വഴി അമ്പലത്തിനു മുന്നിൽ വന്നു തൃപ്പൂണിത്തുറ റോഡിൽ പ്രവേശിക്കും. തൃപ്പൂണിത്തുറയ്ക്കുള്ള വാഹനങ്ങൾക്കു ഫ്രീ ലെഫ്റ്റും കുണ്ടന്നൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്കു വൈറ്റില ജംക്ഷനിൽ തിരിച്ചെത്തി ഫ്രീ ലെഫ്റ്റും കിട്ടും.
ഹബിൽ നിന്നു വരുന്ന വാഹനങ്ങൾക്കു പവർ ഹൗസ് ജംക്ഷനിൽ വലത്തേക്കു തിരിയാൻ പാടില്ല. ജംക്ഷനിൽ നിന്നു ഹബിലേക്കുള്ള റോഡ് കുറച്ചുകൂടി വീതി കൂട്ടണം.
∙ തൃപ്പുണിത്തൂറ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് അരൂർ ഭാഗത്തേക്കു പോകാൻ പവർഹൗസ് റോഡ് വഴി തിരിയാം.
എസ്എ റോഡിലേക്കു ജംക്ഷനിൽനിന്നു നേരിട്ടു കടക്കാം. ഹബിലേക്കു പോകേണ്ട
വാഹനങ്ങൾക്കു ജംക്ഷനിൽ വലത്തോട്ടു തിരിഞ്ഞ് എസ്എ റോഡിൽനിന്നു വരുന്ന വാഹനങ്ങൾക്കൊപ്പം ഹബിലേക്കു പോകാം. ∙ കുണ്ടന്നൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്കു പൊന്നുരുന്നി ഭാഗത്തേക്കു കടക്കണമെങ്കിൽ എസ്എ റോഡിൽ നിന്നുവരുന്ന വാഹന നിരയെ മുറിച്ചു കടക്കേണ്ടിവരും.മെട്രോ പില്ലർ 855 നും പൊലീസ് ടവറിനും ഇടയിൽ 15 മീറ്റർ സ്ഥലമുണ്ട്.
ഇൗ വാഹനങ്ങൾക്ക് ഇതുവഴി എസ്എ റോഡിൽ നിന്നു വരുന്ന വാഹനങ്ങളുടെ നിരയിൽ വന്ന് ഇടതു ട്രാക്കിലേക്കു കടന്നു പൊന്നുരുന്നിയിലേക്കു പോകാം. വൈറ്റില യുണൈറ്റഡ് ഫോറം ആണു ജംക്ഷനിലെ തിരക്കും റോഡുകളുടെ വീതിയും പഠിച്ച് റിപ്പോർട്ട് തയാറാക്കിയത്.
ഇതു മന്ത്രിക്കു സമർപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]