
കൊച്ചി മെട്രോ മീഡിയനിൽ കോൺക്രീറ്റ് ടൈൽ വിരിക്കില്ല; പരസ്യവരുമാനം വേണ്ടെന്നു വന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ഇടപ്പള്ളി മുതൽ പേട്ട വരെ മെട്രോ മീഡിയനിൽ കോൺക്രീറ്റ് ടൈൽ വിരിക്കാനുള്ള തീരുമാനം കൊച്ചി മെട്രോ വേണ്ടെന്നു വച്ചു. മെട്രോ മീഡിയനിൽ ടൈൽ വിരിക്കാനും ഹാൻഡ്റെയിൽ വച്ച് അതിൽ പരസ്യം ചെയ്തു വരുമാനമുണ്ടാക്കാനും ടെൻഡർ ചെയ്തിരുന്നു. തീരുമാനം വേണ്ടെന്നു വച്ചതോടെ കെഎംആർഎൽ പൊതുസമക്ഷം ഒരു അഭ്യർഥന കൂടി വച്ചു. മെട്രോ മീഡിയൻ പൂന്തോട്ടമായി പരിപാലിക്കാൻ പൊതുജന സഹകരണം വേണം. മീഡിയൻ കോൺക്രീറ്റ് ആക്കാനുള്ള തീരുമാനത്തിനെതിരെ പത്രവാർത്തകൾ വരികയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. മീഡിയനിൽ ൈടൽ വിരിക്കരുതെന്നും പൂന്തോട്ടമായി പരിപാലിക്കണമെന്നും മന്ത്രി പി. രാജീവ്, ഹൈബി ഇൗഡൻ എംപി, എംഎൽഎമാരായ ടി. ജെ. വിനോദ്, ഉമ തോമസ് എന്നിവർ ആവശ്യപ്പെട്ടു. മെട്രോ ഫ്യൂവൽ സ്റ്റേഷൻ ഉദ്ഘാടന വേളയിൽ മീഡിയനിൽ പൂന്തോട്ടമൊരുക്കാൻ സഹകരിക്കണമെന്നു മന്ത്രി പി. രാജീവ് ബിപിസിഎലിനോടും അഭ്യർഥിച്ചു.
പൂന്തോട്ടം ഒരുക്കാൻ ജില്ലാ ഹോർട്ടികൾചർ സൊസൈറ്റി തയാറാണെന്നു ടി. ജെ. വിനോദ് എംഎൽഎ അറിയിച്ചു. പൂന്തോട്ടമൊരുക്കാൻ സഹകരിക്കണമെന്നു കെഎംആർഎൽ ബിപിസിഎലിനോടും ഹോർട്ടികൾചർ സൊസൈറ്റിയോടും ആവശ്യപ്പെട്ടു കത്തു നൽകി.28 കിലോമീറ്റർ നീളമുള്ള മെട്രോലൈനിൽ പില്ലറുകൾക്കിടയിലായി ആകെ 989 മീഡിയനുകളുണ്ട്. ഇതിൽ 465 പില്ലറുകൾ ദേശീയപാത അതോറിറ്റിയുടെ നിയന്ത്രണത്തിലാണ്. ബാക്കി ഇടപ്പള്ളി മുതൽ പേട്ട വരെ 524 മീഡിയനുകളാണ് കൊച്ചി മെട്രോയ്ക്കുള്ളത്.
മീഡിയൻ പച്ചപിടിപ്പിക്കാൻ സ്പോൺസർഷിപ്പിന് പലവട്ടം ശ്രമിച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ലെന്നാണു കെഎംആർഎൽ പറയുന്നത്. 64 മീഡിയൻ സ്പേസിലെ സ്പോൺസർഷിപ് ലഭിച്ചുള്ളു. ബാക്കി 460 മീഡിയനുകളും വൃത്തികേടായി കിടക്കുകയാണ്. കരാറെടുത്ത പലരും അതു പരിപാലിക്കാൻ തയാറായില്ല, കരാർ പുതുക്കിയുമില്ല. മീഡിയനുകളിൽ മാലിന്യം നിറയുന്ന സാഹചര്യത്തിലാണു ടൈൽ വിരിക്കാൻ തീരുമാനിച്ചത്. 524 മീഡിയനുകളും ഒരുമിച്ചോ ഭാഗികമായോ പച്ചപ്പിനായി വിട്ടുനൽകാൻ മെട്രോ തയാറാണെന്ന് അധികൃതർ അറിയിച്ചു. ഒരു മീഡിയന് പ്രതിവർഷം 5000 രൂപയാണു വാടക. കാഴ്ച മറയ്ക്കാത്ത വിധം പച്ചപ്പിനുള്ളിൽ പരസ്യബോർഡ് സ്ഥാപിക്കാം. ചെടികൾ നട്ടു വെള്ളവും വളവും നൽകി പരിപാലിക്കണം എല്ലാ മീഡിയനുകളിലും ചെടികൾ വളരാനാവശ്യമായ മണ്ണുണ്ട്.
സ്വന്തമായി പണം മുടക്കി മെട്രോ മീഡിയനിൽ പൂന്തോട്ടം ഒരുക്കാൻ കഴിയാത്തതിനാലാണു സ്പോൺസർഷിപ് തേടുന്നതെന്നു കെഎംആർഎൽ അറിയിച്ചു. മെട്രോ മനോഹരമാക്കാൻ കൊച്ചിയിലെ വൻകിട സ്ഥാപനങ്ങളും പരിസ്ഥിതി സംഘടനകളും സ്ഥാപനങ്ങളും മുന്നോട്ടു വന്നില്ലെങ്കിൽ , മാലിന്യം നിറഞ്ഞ് നഗരത്തിലെ ഏറ്റവും മോശം കാഴ്ചയായി മെട്രോ മീഡിയനുകൾ മാറുമെന്നു കെഎംആർഎൽ ആശങ്കപ്പെട്ടു.