ഹരിതോർജ ഉൽപാദന മേഖലയിൽ സിയാലിന് വീണ്ടും രാജ്യാന്തര അംഗീകാരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ ഹരിതോർജ ഉൽപാദന മേഖലയിൽ ഏർപ്പെടുത്തിയ പരീക്ഷണങ്ങൾക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് (സിയാൽ) വീണ്ടും രാജ്യാന്തര അംഗീകാരം. പയ്യന്നൂർ സൗരോർജ പദ്ധതിയിൽ പരീക്ഷിച്ച സാങ്കേതിക സംവിധാനത്തിനാണ് എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എസിഐ) അംഗീകാരം ലഭിച്ചത്. പ്രതിവർഷം 6–15 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളം എന്ന വിഭാഗത്തിലാണ് അംഗീകാരം.
ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ എസിഐ പ്രസിഡന്റ് എസ്.ജി.കെ.കിഷോറിൽ നിന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് അവാർഡ് സ്വീകരിച്ചു. സിയാൽ എയർപോർട്ട് ഡയറക്ടർ ജി.മനു, എസിഐ ഇന്റർനാഷനൽ ഏഷ്യ-പസഫിക് ഡയറക്ടർ ജനറൽ സ്റ്റെഫാനോ ബറോൻസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്ത് അധികം പരീക്ഷിക്കപെട്ടിട്ടില്ലാത്ത ഭൗമ ഘടനാനുസൃത സോളാർ പ്ലാന്റ് ആണ് പയ്യന്നൂരിലെ സിയാൽ സൗരോർജ പ്ലാന്റ്. ഭൂമിയുടെ ഘടനയ്ക്ക് അനുസൃതമായി സ്ഥാപിക്കുന്ന ഇത്തരം പ്ലാന്റുകൾക്ക് നിരപാർന്ന സ്ഥലത്തുള്ള പ്ലാന്റുകളെക്കാൾ 35 ശതമാനത്തിലധികം പാനലുകളെ ഉൾക്കൊള്ളാൻ കഴിയും. ഇതിനായി ഭൂമിയുടെ ചരിവ് നികത്തേണ്ടതില്ല. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ സമ്പൂർണ വിമാനത്താവളമായ സിയാൽ, വിഭിന്നങ്ങളായ നിരവധി ഹരിതോർജ ഉൽപാദന സംരംഭങ്ങൾക്കാണ് തയാറെടുക്കുന്നത്.