
വിഷപ്പാമ്പ് ഭീതിയിൽ അരൂർ മേഖല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അരൂർ ∙വിഷപ്പാമ്പുകൾ മേഖലയിൽ ഭീതി പരത്തുന്നു. ഒരുമാസം നൂറിലധികം വിഷപ്പാമ്പുകളെ അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട് മേഖലകളിൽ നിന്നു പിടിച്ചത്.2 മാസത്തിനിടെ പത്തിലേറെ പേർക്കാണ് കടിയേറ്റത്. ഒരാൾ മരിക്കുകയും ചെയ്തു. തീരദേശ റെയിൽപാതയ്ക്ക് ഇരു വശമുള്ള കുറ്റിക്കാടുകൾക്കു സമീപമാണ് പാമ്പ് ശല്യമേറിയത്.റെയിൽവേയുടെ കീഴിലുള്ള സ്ഥലമായതിനാൽ പഞ്ചായത്തുകൾക്ക് കുറ്റിക്കാടുകൾ വെട്ടിത്തെളിക്കാൻ കഴിയില്ല. റെയിൽവേയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ സാധ്യമാകൂ. എന്നാൽ റെയിൽവേ അധികൃതർ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് കുറ്റിക്കാടുകൾ വെട്ടി നീക്കി ശുചീകരിക്കാറുള്ളൂ. ഇത് പ്രായോഗികമല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ എന്നീ പഞ്ചായത്തുകളുടെ മധ്യത്തിലൂടെയാണ് തീരദേശ റെയിൽപാത കടന്നു പോകുന്നത്.
മുൻപ് പെരുമ്പാമ്പുകൾ അപൂർവമായി കണ്ടിരുന്ന സ്ഥാനത്താണ് വിഷപ്പാമ്പുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചത്.മൂർഖൻ, അണലി എന്നീ വർഗത്തിൽപെട്ട വിഷപ്പാമ്പുകളാണ് അധികവും. അണലിയുടെ ഒറ്റപ്രസവത്തിൽ അൻപതിലധികം കഞ്ഞുങ്ങൾ ഉണ്ടാകുന്നതിനാൽ അണലിയാണ് അധികമുള്ളത്. പെരുമ്പാമ്പുകളുടെ സാദൃശ്യമുള്ളതിനാൽ പിടികൂടുമ്പോൾ അണലി പെരുമ്പാമ്പാണെന്നു കരുതി യുവാക്കൾ കയ്യിലെടുത്ത് പ്രദർശിപ്പിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.കുറ്റിക്കാടുകളും കരിയിലകൾ നിറഞ്ഞ് ശുചിത്വമില്ലാത്തതാണ് വിഷപ്പാമ്പുകൾക്ക് താവളമാക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കിഴക്കൻ നാടുകളിൽ നിന്നു പൂഴിമണൽ കൊണ്ടുവരുന്നതിലൂടെയും പ്രളയ സമയത്തുണ്ടായ മലവെള്ളപ്പാച്ചിലിലും പാമ്പുകൾ ഒഴുകിയെത്തിയുമാണ് മേഖലയിൽ വിഷപ്പാമ്പുകളുടെ എണ്ണം വർധിക്കാൻ കാരണം.
അണലി പ്രസവിച്ചു, 60 കുഞ്ഞുങ്ങളെ
അരൂർ∙ കുത്തിയതോട് വീടിനു സമീപത്തുനിന്നു പിടികൂടിയ അണലി അറുപതോളം കുഞ്ഞുങ്ങളെ പ്രസവിച്ചു. സർപ്പ വൊളന്റിയറായ പട്ടണക്കാട് കുര്യഞ്ചിറ തമ്പിയാണ് കഴിഞ്ഞ ദിവസം കുത്തിയതോട് മുൻ പഞ്ചായത്ത് പ്രസിഡന്റായ മോളി സുഗുണാനന്ദന്റെ വീടിനു സമീപത്ത് നിന്നു ഏകദേശം 7 വയസ്സ് പ്രായം വരുന്ന 2 മീറ്ററോളം നീളമുള്ള അണലിയെ പിടികൂടിയത്. ഫോറസ്റ്റ് അധികൃതർക്ക് കൈമാറാനിരിക്കെയാണ് അണലി പ്രസവിച്ചത്. സാധാരണ അണലി ചുരുണ്ടുകിടക്കുമ്പോൾ പ്രസവിക്കാറില്ലെന്ന് പാമ്പ് പിടിത്തത്തിന് പരിശീലനം ലഭിച്ച കുര്യഞ്ചിറ തമ്പി പറഞ്ഞു. 2 പതിറ്റാണ്ടിലേറെയായി തമ്പി വിഷപ്പാമ്പ് അടക്കമുള്ള വന്യ ജീവികളെ പിടിച്ച് വനം വകുപ്പിന് കൈമാറാൻ തുടങ്ങിയിട്ട്. പുതിയ അതിഥിയെയും കുഞ്ഞുങ്ങളെയും വനവകുപ്പിനു കൈമാറുമെന്ന് തമ്പി പറഞ്ഞു.