
അയ്യോ കള്ളാ … പറ്റിച്ചേ; വയോധികയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുത്തു കള്ളൻ കടന്നു, മുക്കുപണ്ടമാണെന്ന് അറിയാതെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കളമശേരി∙ പുലർകാലത്തു ബൈക്കിൽ വന്ന മോഷ്ടാവ് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞപ്പോൾ കള്ളനെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് 75 വയസ്സുകാരിയായ മണിയമ്മ (രാധാമണി) പറഞ്ഞു ‘ നീ കൊണ്ടുപൊയ്ക്കോ, അതുകൊണ്ട് എനിക്കു വലിയ പ്രയോജനമില്ല’ലോട്ടറി വിൽപനക്കാരിയായ പള്ളിലാംകര പുന്നപ്പറമ്പിൽ മണിയമ്മ ശനി രാവിലെ 5ന് ഗണപതി അമ്പലത്തിലേക്കു പോകുന്നതിന് വീട്ടിൽ നിന്നിറങ്ങി റോഡിലെത്തിയപ്പോഴാണു ബൈക്കിലെത്തിയ യുവാവ് വർക്ഷോപ് മെക്കാനിക്കിനെ അന്വേഷിച്ച് വാഹനം നിർത്തിയതും മാല പൊട്ടിച്ചു കടന്നതും. മാല മുക്കുപണ്ടമാണെന്നു മണിയമ്മയ്ക്കു മാത്രമറിയാമായിരുന്ന രഹസ്യം. എന്നും രാവിലെ ലോട്ടറി വിൽപനക്കിറങ്ങുന്ന മണിയമ്മ രണ്ടുദിവസമായി കള്ളന്റെ നിരീക്ഷണത്തിലായിരുന്നു.പതിവില്ലാതെ ഒരു യുവാവ് വഴിയിലൂടെ നിരന്തരം പോകുന്നതു മണിയമ്മയും ശ്രദ്ധിച്ചിരുന്നു. മാലപൊട്ടിച്ചു കള്ളൻ രക്ഷപ്പെട്ടപ്പോൾ തുടക്കത്തിൽ അമ്പരന്നുവെങ്കിലും സമീപത്തെ വീട്ടുകാരോടു കാര്യം പറഞ്ഞപ്പോൾ കള്ളനു പറ്റിയ അമളിയോർത്തു മണിയമ്മയ്ക്കു ചിരിയടക്കാൻ കഴിഞ്ഞില്ല. മോഷണവിവരം ചിരിച്ചുകൊണ്ടാണു മണിയമ്മ അറിയിച്ചതെന്നു സമീപവാസികൾ പറഞ്ഞു. മണിയമ്മ പൊലീസിൽ പരാതി നൽകി. വർഷങ്ങൾക്കു മുൻപ് ലോട്ടറി ടിക്കറ്റുകൾ വാങ്ങാൻ കാക്കനാട്ടേക്കു ബസിൽ സഞ്ചരിക്കവെ മണിയമ്മയുടെ കഴുത്തിൽ നിന്നു സ്വർണമാല മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. പിന്നീടിങ്ങോട്ട് സ്വർണമാല അണിഞ്ഞു നടക്കാറില്ലെന്നു മണിയമ്മ പറഞ്ഞു.