കാക്കനാട് ജില്ലാ ജയിലിലെ ജലക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണം: മനുഷ്യാവകാശ കമ്മിഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ കാക്കനാട് ജില്ലാ ജയിലിലെ കടുത്ത ജലക്ഷാമം പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർക്കും എക്സിക്യൂട്ടീവ് എൻജിനീയർക്കും നിർദേശം നൽകി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജയിൽ സന്ദർശിക്കണമെന്നും ജലക്ഷാമത്തിനുള്ള കാരണം കണ്ടെത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഫലപ്രദമായ നടപടികൾ സ്വീകരിച്ച ശേഷം രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
ഏപ്രിൽ 22ന് രാവിലെ 10ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കമ്മിഷൻ ഉത്തരവ് നടപ്പിലാക്കിയതിന്റെ രേഖാമൂലമുള്ള വിശദീകരണവുമായി ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും ജയിൽ സൂപ്രണ്ട് നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥനും ഹാജരാകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ജയിലിൽ ജല അതോറിറ്റി വെള്ളം നൽകുന്നത് 4 ദിവസം കൂടുമ്പോഴാണെന്നാണ് പരാതി. തടവുകാർ വല്ലപ്പോഴും മാത്രമാണ് നനയ്ക്കുകയും കുളിക്കുകയും ചെയ്യുന്നത്. ജയിൽ പരിസരത്ത് മെട്രോ നിർമാണം നടക്കുന്നതിനാൽ പൈപ്പ് പൊട്ടി വെള്ളം മുടങ്ങുന്നത് പതിവാണ്. 110 പേരെ പാർപ്പിക്കാൻ സ്ഥലമുള്ള ജയിലിൽ 200 ലധികം പേരെ പാർപ്പിക്കാറുണ്ടെന്നാണ് വിവരം. ടാങ്കറിൽ വെള്ളമടിക്കാനുള്ള ഫണ്ടില്ല. ചിറ്റേത്തുകര, രാജഗിരിവാലി, തുതിയൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പൈപ്പ് ലൈനിൽ നിന്നാണ് ജയിലിലും വെള്ളം ലഭിക്കുന്നത്.