കോതമംഗലം ∙ കോട്ടപ്പടി–പിണ്ടിമന പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ വെറ്റിലപ്പാറയിൽ പറമ്പിൽ കെട്ടിയിരുന്ന പോത്തിനെ കാട്ടാനക്കൂട്ടം ആക്രമിച്ചു കൊന്നു.
ഇന്നലെ പുലർച്ചെ നാലോടെയാണു സംഭവം. തുടുമ്മേൽ ബെന്നി വർഗീസ് വളർത്തിയിരുന്ന 3 പോത്തുകളിൽ ഒന്നാണ് ആനകളുടെ ആക്രമണത്തിൽ ചത്തത്.
ബെന്നിയുടെ സഹോദരന്റെ റബർത്തോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്ന പോത്തുകളെ ആക്രമിക്കുകയായിരുന്നു. ആനകളുടെ പരാക്രമത്തിനിടെ 2 പോത്തുകൾ രക്ഷപ്പെട്ടു.
കാട്ടാനക്കൂട്ടത്തിന്റെ അലർച്ചയും പോത്തുകളുടെ കരച്ചിലും കേട്ടെങ്കിലും ഭയം കാരണം വീട്ടുകാർ പുറത്തിറങ്ങിയില്ല.
പുലർച്ചെ ടാപ്പിങ്ങിനെത്തിയ ബെന്നിയുടെ സഹോദരനാണു പോത്തിനെ ചത്തനിലയിൽ കണ്ടത്. ആന്തരികാവയവങ്ങൾ പുറത്തുചാടിയിരുന്നു.
തുടർന്നു വനപാലകർ സ്ഥലത്തെത്തി. വെറ്ററിനറി സർജൻ പോസ്റ്റ്മോർട്ടം നടത്തി.
രണ്ടര വയസ്സുള്ളതായിരുന്നു പോത്ത്.
വനാതിർത്തിയിൽ സ്ഥാപിച്ച വൈദ്യുതവേലി തകർത്താണ് ആനകൾ ജനവാസമേഖലയിൽ എത്തുന്നത്. സ്വകാര്യവ്യക്തികൾ സ്ഥാപിച്ച ഉയർന്ന വോൾട്ടേജ് പ്രവഹിക്കുന്ന വൈദ്യുത വേലികളും കാട്ടാനക്കൂട്ടം തകർത്തു.
വാഴ, പൈനാപ്പിൾ, തെങ്ങ്, കമുക് ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിക്കുന്നത് പതിവാണ്. മുൻപും കാട്ടാനകൾ വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്.
രാത്രി വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നു നാട്ടുകാർ പറഞ്ഞു.
പ്രധാന സഞ്ചാരമാർഗമായ കോതമംഗലം-വെറ്റിലപ്പാറ റോഡിലൂടെ സന്ധ്യ കഴിഞ്ഞാൽ യാത്ര ചെയ്യാൻ കഴിയില്ല. ഏതുസമയവും കാട്ടാനക്കൂട്ടം റോഡിലെത്താം.
വെള്ളിയാഴ്ച രാത്രി ബൈക്ക് യാത്രികൻ ആനക്കൂട്ടത്തിന്റെ മുൻപിൽ നിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കാട്ടാനകളെ പ്രതിരോധിക്കാൻ വൈദ്യുതവേലി ഫലപ്രദമല്ലാത്തതിനാൽ ട്രഞ്ച് സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

