കാക്കനാട്∙ മന്ത്രി ഗണേഷ്കുമാറിന്റെ നിർദേശം ഉദ്യോഗസ്ഥർ നിറവേറ്റി, വാഹനങ്ങളിൽ നിന്ന് അഴിച്ചെടുത്ത നൂറു കണക്കിന് എയർ ഹോണുകൾ മണ്ണുമാന്തി യന്ത്രക്കൈകളിൽ ഞെരിഞ്ഞമർന്നു. ഒരാഴ്ചയ്ക്കിടെ വിവിധ ഇടങ്ങളിൽ വാഹന പരിശോധന നടത്തി പിടിച്ചെടുത്തവയാണു കൊച്ചിയിലും പറവൂരിലും മട്ടാഞ്ചേരിയിലും നശിപ്പിച്ചത്.
എയർഹോണുകൾ റോഡ് റോളർ ഉപയോഗിച്ചു നശിപ്പിക്കണമെന്നാണു മന്ത്രി നിർദേശിച്ചത്.
എയർ ഹോണുകൾ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം കമ്മട്ടിപ്പാടത്തിനടുത്തു നിരത്തി വച്ചു മണ്ണുമാന്തി യന്ത്രക്കയ്യിൽ ഘടിപ്പിച്ച റോളർ കൊണ്ടു ഞെരിച്ചമർത്തുകയായിരുന്നു. പറവൂരിലും മട്ടാഞ്ചേരിയിലും ഇതേ രീതിയിൽ തന്നെ നശിപ്പിച്ചു.
അവശിഷ്ടങ്ങൾ ഓഫിസിലേക്കു മാറ്റി. കഴിഞ്ഞയാഴ്ച കോതമംഗലത്തു മന്ത്രിയുടെ ചടങ്ങിനിടെ ഹോൺ മുഴക്കിയെത്തിയ ബസ് അലോസരം സൃഷ്ടിച്ചതിനെ തുടർന്നാണ് എയർ ഹോൺ പരിശോധനയ്ക്ക് നിർദേശം നൽകിയത്.
എറണാകുളം ആർടിഒയുടെയും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും സ്ക്വാഡുകൾ പിടികൂടിയ എയർ ഹോണുകളാണു നശിപ്പിച്ചത്. മൂവാറ്റുപുഴ ആർടിഒ പിടികൂടിയ എയർ ഹോണുകൾ കുറവായിരുന്നതിനാൽ നശിപ്പിച്ചിട്ടില്ല.
എയർഹോൺ ഉപയോഗിച്ച വാഹനങ്ങൾക്കു 4,48,000 രൂപ പിഴ ചുമത്തിയിരുന്നു.
112 ഡെസിബൽ വരെ ശബ്ദമുള്ള ഹോണുകളാണു വാഹനങ്ങളിൽ അനുവദനീയമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടുന്ന എയർ ഹോണുകൾ 140ൽ കൂടുതൽ വരെ ഡെസിബൽ ശബ്ദം പുറപ്പെടുവിക്കുന്നവയാണ്.
ഉദ്യോഗസ്ഥർ പരിശോധിച്ചാലും കണ്ടെത്താനാകാത്ത വിധമാണു ചില വാഹനങ്ങളിൽ ഇവ പിടിപ്പിച്ചിരിക്കുന്നത്. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ബി.ഷിജോ, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ടി.ബി.റാക്സൺ, ദീപു പോൾ, അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണു കമ്മട്ടിപ്പാടത്ത് എയർ ഹോണുകൾ നശിപ്പിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

