
പിറവം∙ ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട അരീക്കൽ വെള്ളച്ചാട്ടത്തിൽ നടപ്പാക്കേണ്ട
വികസന പദ്ധതികളെ കുറിച്ചു വിലയിരുത്തുന്നതിന് അനൂപ് ജേക്കബ് എംഎൽഎ, കലക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ അരീക്കലിൽ സന്ദർശനം നടത്തി.
അരീക്കൽ വികസനത്തെ കുറിച്ചു പഞ്ചായത്തു നേരത്തെ തയാറാക്കി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.
മണ്ണത്തൂർ മലനിരകളിൽ നിന്നു ഉദ്ഭവിക്കുന്ന ഉറവ തോടായി മാറി അരീക്കലിലെ പാറക്കെട്ടുകൾക്കിടയിലൂടെ പതിക്കുന്നതാണ് അരീക്കൽ വെള്ളച്ചാട്ടത്തിന്റെ ഭംഗി. 150 അടിയോളം ഉയരമുള്ള വെള്ളച്ചാട്ടത്തിൽ വെള്ളം തങ്ങി നിൽക്കുന്നതിനു തടയണ ഉൾപ്പെടെ ഒട്ടേറെ സൗകര്യങ്ങൾ പലപ്പോഴായി പൂർത്തിയാക്കിയിട്ടുണ്ട്.
എന്നാൽ വേനൽ ശക്തമാകുന്നതോടെ ഡിസംബർ മുതൽ വെള്ളച്ചാട്ടം വറ്റും.
ഇതിനു പ്രതിവിധിയായി താഴ്ഭാഗത്തു നിന്നു കടന്നു പോകുന്ന എംവിഐപി കനാലിനു സമീപം തടയണ തീർത്തു വെള്ളം പമ്പു ചെയ്തു മുകളിലെത്തിച്ചു വെള്ളച്ചാട്ടം പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിയാണു നിർദേശിക്കപ്പെടുന്നത്. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 28 ലക്ഷം രൂപ അനുവദിച്ചതായി അനൂപ് ജേക്കബ് അറിയിച്ചു. സഞ്ചാരികളെ ആകർഷിക്കുന്നതിനു ഗ്ലാസ് ബ്രിജ്, സാഹസിക ടൂറിസം ഇനങ്ങൾ എന്നിവയും പരിഗണനയിൽ ഉള്ളതായി കലക്ടർ അറിയിച്ചു.
തഹസിൽദാർ രഞ്ജിത് ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്, ജില്ലാ പഞ്ചായത്ത് അംഗം ആശ സനിൽ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]