
ആലുവ∙ ജവാഹർലാൽ നെഹ്റു മുനിസിപ്പൽ പാർക്കിന് ഇന്നു 30 വയസ്സ്. പെരിയാറിന്റെ തീരത്ത് രണ്ടര ഏക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന പാർക്ക് 1995 ജൂലൈ 21നാണ് തുറന്നത്.
ബ്രിട്ടിഷ് ഭരണകാലത്തു കൊച്ചിയുടെ റസിഡന്റായിരുന്ന ബ്രണ്ടൻ സായിപ്പിന്റെ ബംഗ്ലാവും പൂന്തോട്ടവുമായിരുന്നു ഇവിടെ. ഇതു പിന്നീടു ചേർത്തല അന്ത്രപ്പേർ കുടുംബത്തിലെ കാരണവർ കുഞ്ഞുണ്ണി അന്ത്രപ്പേർ വാങ്ങി.
അദ്ദേഹം ഇതിന് ‘അന്ത്രപ്പേർ ഗാർഡൻസ്’ എന്നു പേരിട്ടു.
കുഞ്ഞുണ്ണി അന്ത്രപ്പേറിന്റെ പിന്മുറക്കാർ ഈ സ്ഥലം പണയപ്പെടുത്തി ബാങ്ക് വായ്പ എടുത്തിരുന്നു. തിരിച്ചടവു മുങ്ങിയതോടെ ഭൂമി ബാങ്ക് ഏറ്റെടുത്തു.
തുടർന്നു കേസായി. കോടതിയിൽ പണം കെട്ടിവച്ചാണ് നഗരസഭ സ്ഥലം പൊന്നുംവിലയ്ക്ക് എടുത്തത്.
അന്ന് എംഎൽഎ ആയിരുന്ന കെ. മുഹമ്മദാലിയും നഗരസഭാധ്യക്ഷനായിരുന്ന എം.ഒ.
ജോണും ആണ് ഇതിനു നേതൃത്വം നൽകിയത്. ബാങ്ക് ജപ്തി ചെയ്യുന്ന കൊള്ളാവുന്ന സ്ഥലങ്ങൾ വളഞ്ഞ വഴിയിലൂടെ ലേലത്തിൽ പിടിക്കുന്ന റിയൽ എസ്റ്റേറ്റ് സംഘം ഈ പുഴയോര മണ്ണിൽ നോട്ടമിട്ടിരുന്നു.
ഇതറിഞ്ഞതോടെയാണ് മുഹമ്മദാലിയും ജോണും ചേർന്ന് അതിവേഗം നടപടികൾ പൂർത്തിയാക്കി ഭൂമി ഏറ്റെടുത്ത്.
നഗരസഭാ ഉപാധ്യക്ഷനും 2 ഭരണപക്ഷ കൗൺസിലർമാരും എതിർത്തെങ്കിലും അവർ കാര്യമാക്കിയില്ല. എതിർത്ത 3 കൗൺസിലർമാർ ഭരണത്തിനു പിന്തുണ പിൻവലിച്ചതോടെ ജോണിനു ചെയർമാൻ സ്ഥാനം രാജിവയ്ക്കേണ്ടി വന്നു.
പക്ഷേ, അടുത്ത തിരഞ്ഞെടുപ്പിൽ ജോൺ തന്നെ വീണ്ടും ചെയർമാനായി. നഗരമധ്യത്തിൽ, പുഴയിൽ നിന്നു വെള്ളം കയറാത്തത്ര ഉയരത്തിലുള്ള ഭൂമി പാർക്കിനു വേണ്ടി ഏറ്റെടുത്തതു ശരിയായ നടപടി ആയിരുന്നുവെന്നു പിന്നീടു കാലം തെളിയിച്ചു.
ഇപ്പോൾ മഹാത്മാഗാന്ധി മുനിസിപ്പൽ ടൗൺ ഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു ആദ്യം പാർക്ക്.
അതു പുതിയ സ്ഥലത്തേക്കു മാറ്റിയ ശേഷമാണ് ടൗൺ ഹാൾ പണിതത്. പാർക്കിനോട് അനുബന്ധിച്ചു 2000ൽ ബോട്ട് സവാരി ആരംഭിച്ചെങ്കിലും അധികകാലം നീണ്ടില്ല. കരാർ എടുത്തവർ നിർത്തിപ്പോയി.
പാർക്ക് ഇന്നു പഴയതു പോലെ ഭംഗിയായി സംരക്ഷിക്കുന്നില്ല എന്നു പരാതിയുണ്ട്. പക്ഷേ, നഗരവാസികൾക്കു സായാഹ്നം ചെലവിടാൻ ആലുവയിൽ ഇത്രയും മനോഹരമായ മറ്റൊരു പൊതു സ്ഥലമില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]