
പെരുമ്പാവൂരിൽ ഗതാഗതം തടസ്സപ്പെടുത്തി വാഹന പാർക്കിങ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുമ്പാവൂർ∙ പൂപ്പാനി വാച്ചാൽപ്പാടം റോഡിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള ഭാരവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതത്തെ ബാധിക്കുന്നു. അപകട സാധ്യതയുമുണ്ട്. പകലും രാത്രിയും റോഡിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ വലിയ വാഹനങ്ങളുടെ നീണ്ട നിരകാണാം. തൊട്ടടുത്തുള്ള ഗോഡൗണിലേക്കു പ്രവേശിക്കുന്നതിനായി ഊഴം കാത്തുകിടക്കുന്ന ഈ ചരക്കുവാഹനങ്ങൾ മറ്റു വാഹനയാത്രക്കാർക്ക് 2 ദിശയിലേക്കുമുളള സുഗമ സഞ്ചാരം തടസ്സപ്പെടുത്തുന്നുവെന്നാണു പരാതി.
മഴക്കാലത്ത് വെള്ളക്കെട്ടിലാകുന്ന റോഡ് അടുത്ത കാലത്താണ് പാലങ്ങൾ നിർമിച്ചും ഉയരം കൂട്ടിയും സിമന്റുകട്ടകൾ പാകി വീതികൂട്ടിയും സഞ്ചാരയോഗ്യമാക്കിയത്. റോഡിന്റെ മുക്കാൽ ഭാഗവും കയ്യടക്കുന്ന രീതിയിൽ ചരക്കു വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതിനാൽ മറുപകുതിയിലൂടെ 2 ദിശയിലേയ്ക്കുമുള്ള സഞ്ചാരം മറ്റുവാഹനങ്ങളെ അപകടത്തിൽപ്പെടുത്താൻ സാധ്യതയുണ്ട്. ചരക്കുവാഹനങ്ങൾ കൂട്ടമായി വന്നു പാർക്ക് ചെയ്യുന്നത് ഗതാഗത സ്തംഭനത്തിനും ഇടയാക്കുന്നുണ്ട്.
വശങ്ങളിൽ ബലവത്തായ കൈവരികളില്ലാത്തതിനാൽ ശ്രദ്ധയൊന്നു തെറ്റിയാൽ പെരുമ്പാവൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പതിക്കുന്നത് അഞ്ചടി താഴ്ചയുള്ള പാടത്തേക്കായിരിക്കും. രാത്രിയിൽ വെളിച്ചമില്ല. സൈൻ ബോർഡുകളോ മുന്നറിയിപ്പുകളോ പ്രദർശിപ്പിച്ചിട്ടില്ല. കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഈ വഴിയിലൂടെ പട്രോളിങ് പതിവുള്ളതാണെങ്കിലും അനധികൃത പാർക്കിങ് കണ്ടില്ലെന്നു നടിക്കുകയാണെന്നാണു പരാതി.