
സീപോർട്ട്–എയർപോർട്ട് റോഡിൽ ഗതാഗതക്കുരുക്ക്: പരീക്ഷ എഴുതാൻ പോയ വിദ്യാർഥികളടക്കം കുടുങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരുമ്പനം ∙ സീപോർട്ട്–എയർപോർട്ട് റോഡിൽ ഇരുമ്പനം ഇന്ത്യൻ ഓയിൽ കമ്പനി ടെറിട്ടറി ഓഫിസിന് സമീപം ടൂറിസ്റ്റ് സ്ലീപ്പർ ബസ്, ഓട്ടോറിക്ഷയിലേക്കും ടാങ്കർ ലോറിയിലേക്കും ഇടിച്ചു കയറിയ സംഭവത്തെത്തുടർന്ന് സീപോർട്ട് എയർപോർട്ട് റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്. ഇന്നലെ ഉച്ചയ്ക്ക് 12.15ന് ആരംഭിച്ച ഗതാഗതക്കുരുക്ക് 3ന് ശേഷമാണ് അൽപം കുറഞ്ഞത്. ഗതാഗതം പൂർണമായും നിലച്ചതോടെ പരീക്ഷ എഴുതാൻ സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർഥികളടക്കം റോഡിൽ കുടുങ്ങി.
ഇതോടെ പൊലീസ് സംഘം ഓരോ ബസിലും ഉണ്ടായിരുന്ന വിദ്യാർഥികളെ മറ്റു വാഹനങ്ങളുടെ സഹായത്തോടെ സ്കൂളുകളിൽ എത്തിച്ചു. ഇരുമ്പനം മുതൽ കരിങ്ങാച്ചിറ ജംക്ഷൻ വരയും കാക്കനാട് വരെയും വാഹനങ്ങളുടെ വലിയ നിര റോഡിൽ ദൃശ്യമായിരുന്നു. എൽപിജി ബുള്ളറ്റ് ടാങ്കറുകളും, ഇന്ധനം നിറച്ച ടാങ്കറുകളും അടക്കം ഒട്ടേറെ വാഹനങ്ങളാണ് റോഡിൽ കുടുങ്ങിയത്.
ഇന്ധനം നിറച്ച ടാങ്കർ ലോറിയിലേക്ക് ബസ് ഇടിച്ചു കയറി
ഇരുമ്പനം ∙ സീപോർട്ട്–എയർപോർട്ട് റോഡിൽ ഇരുമ്പനം ഇന്ത്യൻ ഓയിൽ കമ്പനി ടെറിട്ടറി ഓഫിസിന് സമീപം ടൂറിസ്റ്റ് സ്ലീപ്പർ ബസ്, ഓട്ടോറിക്ഷയിലേക്കും ടാങ്കർ ലോറിയിലേക്കും ഇടിച്ചു കയറി. ഇന്നലെ ഉച്ചയ്ക്ക് 12.15നായിരുന്നു അപകടം. ഓട്ടോ ഡ്രൈവർ ജീവൻ ലാൽ, ടാങ്കർ ഡ്രൈവർ ഗോകുൽ എന്നിവർക്ക് ഗുരുതര പരുക്കുണ്ട്. രണ്ടു പേർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേർ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അപകടത്തെ തുടർന്ന് സീപോർട്ട് -എയർപോർട്ട് റോഡിൽ മണിക്കൂറുകൾ വാഹന ഗതാഗതം തടസ്സപ്പെട്ടു.
കാക്കനാട് ഭാഗത്ത് നിന്ന് ഇരുമ്പനം ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസാണ് ഓട്ടോയിലും ടാങ്കറിലും ഇടിച്ചു കയറിയത്.ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോൾ ഇടിക്കാതിരിക്കാൻ പിന്നാലെ വന്ന ബസ് ശ്രമിക്കുന്നതിനിടെ ഓട്ടോയിലേക്കും തുടർന്ന് എതിർദിശയിൽ വന്ന ടാങ്കറിലേക്കും ഇടിച്ചു കയറുകായിരുന്നുവെന്ന് ബസ് ഡ്രൈവർ ഷിബിൻ പറഞ്ഞു. ഐഒസി ടെർമിനലിൽ നിന്ന് ഇന്ധനം നിറച്ച് എത്തിയ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഇന്ധനം ഉണ്ടായിരുന്നതിനാൽ നാട്ടുകാർ ഉൾപ്പെടെ ഏറെ പരിഭ്രാന്തരായിരുന്നു.
ബസിന്റെയും ടാങ്കറിന്റെയും മുൻവശം പൂർണമായും തകർന്നു. തൃപ്പൂണിത്തുറയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് രണ്ടു വാഹനങ്ങളുടെയും ഡ്രൈവർമാരെ പുറത്തെടുത്തത്.ടാങ്കർ ലോറി സമീപത്തെ പെട്രോൾ പമ്പിലേക്ക് വൈകിട്ട് 3ന് മാറ്റിയിട്ടു. ഇന്ധനം ഇരുമ്പനത്തുള്ള പെട്രോൾ പമ്പിലേക്ക് ഇറക്കും. വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയതിനു ശേഷമാണ് ഗതാഗതം പൂർണമായി പുന:സ്ഥാപിച്ചത്.
ഒഴിവായത് വൻ ദുരന്തം
സമീപത്തെ ഐഒസി ഫില്ലിങ് സ്റ്റേഷനിൽ നിന്ന് ഇന്ധനം നിറച്ച ടാങ്കർ ലോറിയിലേക്കാണ് ടൂറിസ്റ്റ് സ്ലീപ്പർ ബസ് ഇടിച്ചു കയറിയത്. ടാങ്കർ ലോറിയുടെ മുൻവശത്തെ ഡ്രൈവർ കാബിൻ പൂർണമായും തകർന്നു. ഡ്രൈവറെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇന്ധന ചോർച്ച ഇല്ലാതിരുന്നതിനാൽ തന്നെ വൻ ദുരന്തമാണ് ഇന്നലെ വഴിമാറിയത്. വൈകിട്ട് 3നാണ് ടാങ്കർ ലോറി റോഡിൽ നിന്ന് മാറ്റാനായത്. ക്രെയിൻ ഉപയോഗിച്ച് വലിച്ച് മാറ്റുന്നതിനിടയിലും റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. ടാങ്കർ ലോറിയിലുണ്ടായിരുന്ന ഇന്ധനം ഇരുമ്പനം ഐഒസി പമ്പിലേക്ക് മാറ്റും.
റോഡിന് വീതിയില്ലാത്തത് അപകടനിരക്ക് വർധിപ്പിക്കുന്നു
സീപോർട്ട്–എയർപോർട്ട് റോഡിൽ ചിത്രപ്പുഴ പാലം മുതൽ പുതിയ റോഡ് ജംക്ഷൻ വരെയുള്ള ഭാഗങ്ങളിൽ റോഡിലെ വീതിക്കുറവ് അപകട നിരക്ക് വർധിപ്പിക്കുന്നു. ഐഒസി, ബിപിസിഎൽ, എച്ച്പി കമ്പനികളുടെ ഇന്ധന വിതരണ കേന്ദ്രവും ഇരുമ്പനത്താണ്. ഈ ഭാഗത്താണ് ഏറ്റവും വീതി കുറവും. വാഹനങ്ങൾ മറി കടക്കുവാൻ ഏറെ പ്രയാസമാണ് ഈ ഭാഗത്ത്.
റോഡിരികിലെ അനധികൃത പാർക്കിങ് തടയുവാൻ വഴിയരികിൽ കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിനെ മറി കടന്നും പാർക്കിങ് തുടരുന്നുണ്ട്. റിഫൈനറിയിലേക്ക് ഉൾപ്പെടെ ചരക്കുമായി വലിയ ലോറികളാണ് ഇതു വഴി കടന്നു പോകുന്നത്. വലിയൊരു ലോറി പോയാൽ അതിനു പിന്നാലെ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെടുന്നതും ഇരുമ്പനത്തെ പതിവു കാഴ്ചയാണ്. മെട്രോ റെയിൽ നിർമാണം നടക്കുന്നതു മൂലമുള്ള തിങ്ങലുമുണ്ട്.
‘റോഡ് കയ്യേറും കച്ചവടം’
ഇരുമ്പനം ട്രാക്കോ കേബിൾ പരിസരം മുതൽ പുതിയ റോഡ് ജംക്ഷൻ വരെ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് കയ്യേറി അനധികൃത കച്ചവടം വ്യാപകമാകുന്നുവെന്ന് പരാതിയുണ്ട്. പല ഭാഗങ്ങളിലും കോൺക്രീറ്റ് ഇട്ടും, ടൈൽ പാകിയും റോഡ് കയ്യേറിയ നിലയിലാണ്. പൊതുമരാമത്ത് വകുപ്പ്, റോഡ് സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥർ ഇതിനെതിരെ പരാതി ലഭിച്ചാലും നടപടി സ്വീകരിക്കാറില്ല. വലിയ അപകടങ്ങൾക്ക് ശേഷം ഉടമയ്ക്ക് നോട്ടിസ് നൽകി സംഭവം അവസാനിപ്പിക്കുന്ന രീതിയാണ് ഉദ്യോഗസ്ഥരുടേത്.