കൂത്താട്ടുകുളം∙ ടൗണിലെ അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. എംസി റോഡിലും മാർക്കറ്റ് റോഡിലും ഓണംകുന്ന്– അശ്വതി കവല റോഡിലും ഉൾപ്പെടെ അനധികൃത പാർക്കിങ് വ്യാപകമാണ്.
റോഡരികിൽ വാഹനം പാർക്ക് ചെയ്ത് ദൂരെ സ്ഥലങ്ങളിൽ ജോലിക്കു പോകുന്നവരുമുണ്ട്. ഈ വാഹനങ്ങൾ രാവിലെ മുതൽ വൈകിട്ട് വരെ റോഡരികിൽ കിടക്കുന്ന സ്ഥിതിയാണ്.
പലരും റോഡിലേക്കു കയറ്റിയാണു വാഹനം പാർക്കു ചെയ്യുന്നത്. നടപ്പുറം ബൈപാസിലെ അനധികൃത പാർക്കിങ് മൂലം ബസുകൾ ഉൾപ്പെടെ കുരുങ്ങുന്നതു പതിവാണ്.
ടിബി കവല, മീഡിയ കവല, ഓണംകുന്ന് കവല, സെൻട്രൽ കവല, ഗവ.
ആശുപത്രിത്താഴം, നടപ്പുറം ബൈപാസ് എന്നിവിടങ്ങളിൽ പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഈ ഭാഗത്തെ ഇടറോഡുകൾ ബിഎംബിസി നിലവാരത്തിലാക്കി വൺ വേ സംവിധാനം ഏർപ്പെടുത്തിയാൽ ഗതാഗതം സുഗമമാക്കാനാകും എന്നാണ് വിലയിരുത്തൽ.
ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് തുടങ്ങണമെന്നും ആവശ്യം ഉയരുന്നുണ്ട്. റോഡുകൾ തകർന്നു കിടക്കുന്നതും സുഗമമായ ഗതാഗതത്തിന് തടസ്സമാകുന്നു.
സെൻട്രൽ കവലയിൽ വൺവേ തെറ്റിച്ചു വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നതും ഗതാഗതക്കുരുക്കിനു കാരണമാണ്.
എംസി റോഡിലൂടെ വരുന്ന വാഹനങ്ങൾ അനധികൃതമായി മാർക്കറ്റ് റോഡിലേക്ക് പ്രവേശിക്കുന്നതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതോടെ വീതി കുറഞ്ഞ മാർക്കറ്റ് റോഡിലൂടെ വരുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുരുങ്ങുന്നതും പതിവാണ്.
ഇവിടെ അനധികൃത പാർക്കിങ് വ്യാപകമാണ്.
നടക്കാൻ ഇടമില്ലാതെ കാൽനടക്കാർ
ടൗണിലെ അനധികൃത പാർക്കിങ് മൂലം കാൽനടക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. ആളുകൾ റോഡിലൂടെ കയറി നടക്കുമ്പോൾ അപകടം ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നു.
ഫുട്പാത്തിലെ വഴിയോര കച്ചവടവും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഫുട്പാത്തിലെ പാർക്കിങ്ങും കച്ചവടവും കണ്ടെത്തി നടപടി സ്വീകരിക്കാൻ ഫുട്പാത്ത് അസോസിയേഷൻ രൂപീകരിക്കണമെന്നാണ് ആവശ്യം.
ക്യാമറകൾ പ്രവർത്തനരഹിതം
വാഹനങ്ങളുടെ ചട്ടലംഘനം കണ്ടെത്താൻ ടൗണിൽ സ്ഥാപിച്ച ക്യാമറകൾ പ്രവർത്തിക്കുന്നില്ല.
സെൻട്രൽ കവലയിൽ അഞ്ചും നടപ്പുറം ബൈപാസിൽ രണ്ടും ഉൾപ്പെടെ 7 ക്യാമറകളാണ് ടൗണിലുള്ളത്. 3 വർഷം മുൻപാണ് സെൻട്രൽ കവലയിൽ ക്യാമറ സ്ഥാപിച്ചത്.
2 മാസം മാത്രമേ ഇവ പ്രവർത്തിച്ചുള്ളൂ എന്നാണു വിവരം. ക്യാമറ സ്ഥാപിച്ച കമ്പനി ഒരു വർഷം പോലും പരിപാലനം നടത്തിയില്ല.
ഇവിടെ സ്ഥാപിച്ച പ്രധാന ക്യാമറ മാസങ്ങളായി കാണാനില്ല. മാസങ്ങൾ മുൻപ് വാഹനമിടിച്ച് തകർന്ന ക്യാമറ എവിടെയാണെന്നു പോലും അറിയാത്ത സ്ഥിതിയാണ്.
മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ നഗരസഭ നടപ്പുറം ബൈപാസിൽ സ്ഥാപിച്ച ക്യാമറയും നോക്കുകുത്തിയായി തുടരുന്നു.
ബസുകൾ പോകുന്നത് തോന്നുംപടി
ടൗണിലെ ഗതാഗത പരിഷ്കരണം പാലിക്കാൻ തയാറാകാതെ തോന്നുംപടിയാണ് ബസുകളുടെ സഞ്ചാരം. പലതവണ ജനപ്രതിനിധികൾ ബസുകൾ തടഞ്ഞു പ്രതിഷേധിച്ചിട്ടും ഇവർ ടൗൺ ചുറ്റുന്നില്ല.
ബസുകൾ എംസി റോഡിൽ നിന്നു നടപ്പുറം ബൈപാസിലേക്ക് കയറുന്ന ഭാഗത്തോ ബസ് സ്റ്റാൻഡിലോ യാത്രക്കാരെ ഇറക്കി വിടുന്നെന്ന പരാതി ദിനംപ്രതി വർധിക്കുകയാണ്. ടൗണിൽ സബ് സ്റ്റേഷൻ ഭാഗത്തേക്ക് പോകേണ്ട
യാത്രക്കാർ ഓട്ടോറിക്ഷ വിളിക്കേണ്ട സ്ഥിതിയാണ്.
സർക്കാർ ആശുപത്രി, കെഎസ്ഇബി ഓഫിസ്, ബാങ്കുകൾ, ടൗൺ പള്ളി എന്നിവിടങ്ങളിലേക്കെല്ലാം പോകേണ്ടവരാണ് ദുരിതത്തിലാകുന്നത്.
2022ൽ നഗരസഭ നടപ്പാക്കിയ ഗതാഗത പരിഷ്കരണമാണു വർഷങ്ങൾ കഴിഞ്ഞിട്ടും പാലിക്കപ്പെടാത്തത്. കെഎസ്ആർടിസി ഓർഡിനറി ബസുകളും പ്രൈവറ്റ് ബസുകളും ടൗൺ ചുറ്റി സർക്കാർ ആശുപത്രിത്താഴം വഴി സ്റ്റാൻഡിൽ പ്രവേശിക്കണം എന്നാണു ചട്ടം.
എന്നാൽ പാലാ ഭാഗത്തു നിന്നു വരുന്ന ബസുകൾ എളുപ്പ വഴിയായ നടപ്പുറം ബൈപാസ് വഴിയും പിറവം ഭാഗത്തു നിന്നു വരുന്ന ബസുകൾ നേരിട്ടും സ്റ്റാൻഡിൽ പ്രവേശിക്കും. യാത്രക്കാർക്കു പരാതി അറിയിക്കാൻ നഗരസഭ മുൻ ഭരണസമിതിയുടെ നേതൃത്വത്തിൽ ബസുകളിൽ ഫോൺ നമ്പർ ഒട്ടിച്ചിരുന്നു.
എന്നാൽ ഇങ്ങനെ ലഭിച്ച പരാതികളിൽ നടപടിയെടുത്തിട്ടില്ല എന്നാണു വിവരം. അധികൃതരുടെ അനാസ്ഥയാണ് ബസ് ജീവനക്കാർക്ക് നിയമ ലംഘനത്തിനു പ്രോത്സാഹനമാകുന്നത് എന്ന ആക്ഷേപം ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

