സാധാരണക്കാരന്റെ ജീവിതത്തെയും രാഷ്ട്രീയത്തെയും സിനിമയുടെ ക്യാൻവാസിൽ പകർത്തിയ ശ്രീനിവാസൻ കേരളത്തിലെ ഏറ്റവും ജനകീയനായ സിനിമാക്കാരിൽ ഒരാളായിരുന്നു. കാൾ മാർക്സിന്റെ പുസ്തകം വായിച്ചതു കൊണ്ടൊന്നും ജനങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടില്ല എന്ന് വിശ്വസിച്ച ശ്രീനിവാസൻ പുതിയ കാലത്തിന്റെ രാഷ്ട്രീയമായ ജൈവകൃഷിയിലേക്ക് ഇറങ്ങി മാതൃക സൃഷ്ടിച്ചു.
17 വർഷം ഒപ്പമുണ്ടായിരുന്ന ഡ്രൈവർക്ക് വീട് വച്ച് നൽകി അദ്ദേഹം മനുഷ്യസ്നേഹത്തിന്റെ മുഖമായി. എന്നും സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾക്കു വേണ്ടി സംസാരിച്ചിരുന്ന ശ്രീനിവാസൻ സിൽവർലൈൻ പദ്ധതിയെ നിശിതമായി വിമർശിച്ചു.
രാഷ്ട്രീയത്തിലെ കള്ളന്മാർക്ക് അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യമെന്നും അതിനെ ജനാധിപത്യം എന്നല്ല തെമ്മാടിപത്യം എന്നാണ് വിളിക്കാൻ ആഗ്രഹിക്കുന്നതെന്നും തുറന്നു പറയാനുള്ള ധൈര്യം ശ്രീനിവാസൻ കാണിച്ചിട്ടുണ്ട്. സിനിമയിലെ താരാധിപത്യത്തെ വിമർശിക്കാൻ തയാറായ സിനിമാക്കാരൻ കൂടിയായിരുന്നു ശ്രീനിവാസൻ.
പുതിയ കാലത്തിന്റെ രാഷ്ട്രീയമായ ജൈവകൃഷി
ഒരു സിനിമാക്കാരന്റെ താരജാഡയേതുമില്ലാതെ അദ്ദേഹം പാടത്തിറങ്ങി ജൈവകൃഷി എന്താണെന്ന് മലയാളിയെ പഠിപ്പിച്ചു.
പുതിയ കാലത്തിനു വേണ്ട സാമൂഹിക- രാഷ്ട്രീയ പ്രവർത്തനം ജൈവകൃഷിയാണെന്നാണ് ശ്രീനിവാസൻ വിശ്വസിച്ചിരുന്നത്.
അതുകൊണ്ട് തന്നെ ജൈവകൃഷിയുടെ പ്രചാരണത്തിന് വേണ്ടി അദ്ദേഹം ആദ്യംമുതലെ രംഗത്തെത്തി. എറണാകുളത്തെ കണ്ടനാട്ട് വാങ്ങിയ സ്ഥലത്തു ജൈവകൃഷി പരീക്ഷിക്കുകയും ചെയ്തു.
അത് വിജയിച്ചതോടെ വീട്ടിലേക്ക് ആവശ്യമായ നെല്ലും പച്ചക്കറിയുമെല്ലാം കൃഷി ചെയ്യുന്നതിനു പുറമേ വിൽപനയും ആരംഭിച്ചു. ഇതിനായി ശ്രീനി ഫാംസ് എന്ന സംരംഭകവും തുടങ്ങി.
കൂടാതെ, വീട്ടിലെ പാലിന്റെ ആവശ്യത്തിനും കൃഷിക്കും ചാണകത്തിനുമായി അദ്ദേഹത്തിന്റെ വീട്ടിലും കുള്ളൻ പശുക്കളെ വളർത്തിയിരുന്നു. രാസവസ്തുക്കൾ ചേർക്കാത്ത മത്സ്യ കൃഷിയും നടത്തിയിരുന്നു.
കേരളത്തിലെ ആദ്യത്തെ ‘ഹരിത ഗൃഹം’
പരിസ്ഥിതിക്ക് വേണ്ടി എന്നും വാദിച്ചിരുന്ന ശ്രീനിവാസൻ സ്വന്തമായി വസതി നിർമിച്ചും മാതൃക കാണിച്ചു.
തൃപ്പൂണിത്തുറയ്ക്കു സമീപം കണ്ടനാടിന്റെ ഗ്രാമീണതയിൽ ശ്രീനിവാസൻ നിർമിച്ച വസതിയെ തേടിയെത്തിയത് കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ വസതി (ഗ്രീൻ ഹൗസ്) എന്ന ബഹുമതിയാണ്. പരിസ്ഥിതി സൗഹൃദ കെട്ടിട
നിർമാണം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലാണു (ഐജിബിസി) ശ്രീനിവാസന്റെ വസതിയെ ‘ഹരിത ഗൃഹ’മായി അംഗീകരിച്ചത്. ഏറ്റവും ഉയർന്ന റേറ്റിങ്ങായ പ്ലാറ്റിനം ഗ്രേഡാണ് 6,364 ചതുരശ്ര അടി വലുപ്പവും നാലു കിടപ്പു മുറിയുമുള്ള വസതിക്കു ലഭിച്ചത്.
മനുഷ്യസ്നേഹത്തിന്റെ വീട്
17 വർഷമായി ഒപ്പമുള്ള തന്റെ ഡ്രൈവർക്ക് ശ്രീനിവാസൻ വീടു വച്ചു നൽകിയ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
ഇത്തവണത്തെ വിഷുദിനത്തിലായിരുന്നു വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നത്. പയ്യോളി സ്വദേശിയായ ഷിനോജാണ് ശ്രീനിവാസൻ വീട് വച്ചു നൽകിയത്.
നടന്റെ വീട് സ്ഥിതിചെയ്യുന്ന എറണാകുളം ജില്ലയിലെ കണ്ടനാട് തന്നെയാണ് ഡ്രൈവർക്കും താരം വീട് ഒരുക്കിയത്. ശാരീരിക അവശതകൾ വക വയ്ക്കാതെ കണിക്കൊന്നപ്പൂക്കളുമായാണ് പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാൻ ശ്രീനിവാസൻ എത്തിയത്.
സിൽവർലൈൻ പദ്ധതി
എന്നും മനുഷ്യപക്ഷത്ത് നിന്നിരുന്ന ശ്രീനിവാസൻ സിൽവർലൈൻ പദ്ധതിയെ വലിയ രീതിയിലാണ് വിമർശിച്ചത്.
സിൽവർലൈൻ പദ്ധതി വന്നില്ലെങ്കിലും സംസ്ഥാനത്ത് ആരും മരിച്ചു പോകില്ലെന്നു ശ്രീനിവാസൻ തുറന്നടിച്ചു. ജനങ്ങൾക്കു വേണ്ട
അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചിട്ടു വേണം പദ്ധതിയെന്നും ഇക്കാര്യത്തിൽ വലിയ ബാധ്യത വരുത്തിവയ്ക്കുന്നതു സംസ്ഥാനത്തിന്റെ ഭാവിവികസനത്തിനു പണം കടം കിട്ടാത്ത സ്ഥിതിയുണ്ടാക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു. നേട്ടം ഉണ്ടായിരുന്നെങ്കിൽ പ്രതിഷേധിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും പദ്ധതിയോട് എതിർപ്പുണ്ടാകില്ലായിരുന്നെന്നും ശ്രീനിവാസൻ പരിഹസിച്ചു.
ഇത് ജനാധിപത്യമല്ല
രാഷ്ട്രീയക്കാർക്കെതിരെ തുറന്നു സംസാരിക്കാൻ മടിക്കാത്ത ശ്രീനിവാസൻ നരകത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നാണ് ഒരിക്കൽ പറഞ്ഞത്.
‘1500 വർഷങ്ങൾക്ക് മുൻപ് ഗ്രീസിലാണത്രേ ആദ്യം ജനാധിപത്യത്തിന്റെ ഒരു മോഡൽ ഉണ്ടായത്. അന്ന് തത്വചിന്തകനായ സോക്രട്ടീസ് അദ്ദേഹത്തിന്റെ അനുഭവത്തിൽനിന്നു പറഞ്ഞത് കഴിവുള്ളവരെയാണ് ഭരിക്കാൻ വേണ്ടി ജനങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നാണ്.
ഈ കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവ് വോട്ട് ചെയ്യുന്നവർക്ക് ഉണ്ടാകണം. അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പ്രശ്നം എന്ന് അന്നത്തെക്കാലത്ത് അദ്ദേഹം പറഞ്ഞു.
ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഡെമോക്രസി കണ്ടുപിടിച്ചവനെ തൂക്കിക്കൊന്നിട്ട് ആത്മഹത്യ ചെയ്യുമായിരുന്നു.
കാരണം രാഷ്ട്രീയത്തിലെ പെരും കള്ളന്മാർക്ക് അവർ ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്മാരെ ഒരു ചുക്കും ചെയ്യാൻ പറ്റാത്ത വ്യവസ്ഥിതിയാണ് ഇവിടെ.
ഞാനിതിനെ ജനാധിപത്യം എന്നല്ല പറയുക, മറിച്ച് തെമ്മാടിപത്യം എന്നാണ്. വളരെ ദയനീയമായ ഒരു ചുറ്റുപാടിലാണ് നമ്മൾ ജീവിക്കുന്നത്.
ഒരു കഴിവുമില്ലാത്ത കള്ളന്മാരായ ആൾക്കാർ രാഷ്ട്രീയത്തിൽ ഇങ്ങനെ വന്നുകൊണ്ടേയിരുന്നു. അവർ കട്ട് മുടിച്ച് നമ്മളെയും നാടിനെയും നശിപ്പിക്കും.
ഈ ദുരിതം എന്നെങ്കിലും മാറുമോ എന്ന ആഗ്രഹത്തോടുകൂടി കഴിയാം എന്നല്ലാതെ ഒരു പ്രതീക്ഷയും നമുക്കില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെ പ്രത്യേകമായി എടുത്തു പറയുകയല്ല എല്ലാ രാഷ്ട്രീയപാർട്ടികളും കണക്കാണ്’.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

