ന്യൂഡൽഹി / കൊച്ചി ∙ ആകെയുള്ള 5,000 നഴ്സുമാരിൽ മൂവായിരത്തോളം പേർ മലയാളികൾ, എല്ലാ വാർഡുകളിലും വിഭാഗങ്ങളിലും മലയാളി നഴ്സുമാർ. 10 വർഷം മുൻപ് വരെ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) നഴ്സിങ് വിഭാഗത്തിൽ അത്രയേറെ മലയാളികളുണ്ടായിരുന്ന കാലമായിരുന്നു. 2016ൽ എയിംസിൽ ആകെ നഴ്സുമാരുടെ എണ്ണം 5,000 ഉണ്ടായിരുന്നതിൽ 3,500 പേർ വരെ മലയാളികളായിരുന്നെങ്കിൽ നിലവിൽ 7,000 നഴ്സുമാരിൽ മലയാളികൾ രണ്ടായിരത്തിൽ താഴെയായി ചുരുങ്ങി.
രാജ്യത്തെ സർക്കാർ മേഖലയിലെ നമ്പർ വൻ സ്ഥാപനമായ ഡൽഹി എയിംസിലേക്ക് മലയാളി എത്താൻ മടിക്കുന്നതിനു പിന്നിൽ രാജ്യാന്തര കുടിയേറ്റം മുതൽ ഡൽഹിയിലെ മലിനീകരണം വരെ കാരണമായി നഴ്സുമാർ പറയുന്നു.
മികച്ച തൊഴിൽ അവസരങ്ങളും ജീവിതനിലവാരവും തേടി ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലേക്ക് കേരളത്തിൽനിന്ന് കാലങ്ങളായി തുടരുന്ന നഴ്സുമാരുടെ കുടിയേറ്റത്തിന്റെ തോത് കഴിഞ്ഞ 10 വർഷത്തിനിടെ വർധിച്ചിട്ടുണ്ട്. അത് എയിംസ് ഉൾപ്പെടെ ഡൽഹിയിലെ സർക്കാർ സ്വകാര്യ മേഖലയിലേക്ക് മലയാളി നഴ്സുമാരെത്തുന്നതിന്റെ നിരക്ക് കുറച്ചിട്ടുണ്ട്.
മലിനീകരണം മറ്റൊരു വെല്ലുവിളിയാണ്. എയിംസിൽ നഴ്സിങ് ഓഫിസറായിരുന്നവർ പോലും മലിനീകരണത്താലുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം ജോലി ഉപേക്ഷിച്ച് വിദേശത്തേക്ക് കുടിയേറുന്നു.
താമസത്തിനുൾപ്പടെയുള്ള അമിത ചെലവും താങ്ങാനാകാത്തതാണെന്ന് നഴ്സുമാർ പറയുന്നു. 7,000 നഴ്സുമാർക്കായി ആകെയുള്ളത് 340 ക്വാർട്ടേഴ്സാണ്.
അതിൽതന്നെ 250ൽ താഴെ മാത്രമേ താമസയോഗ്യമായതുള്ളൂ.
രാജ്യത്തെ മികച്ച സർക്കാർ ആശുപത്രിയിൽ ജോലി ലഭിച്ചശേഷവും അത് ഉപേക്ഷിച്ച് വിദേശത്തേക്കു പോകേണ്ട ഗതികേടിലേക്കു നഴ്സുമാരെത്തുന്നതു മതിയായ ജീവിതസാചര്യങ്ങളുടെ കുറവ് കാരണമാണ്.
മലിനീകരണവും വർധിച്ചുവരുന്ന ദൈനംദിന ചെലവുകളും സഹിച്ച് തുടരാമെന്നു കരുതിയാലും താമസത്തിനു വലിയ തുക വേറെ കണ്ടെത്തണം. മെച്ചപ്പെട്ട
ജീവിതസൗകര്യങ്ങള്‍ ഏർപ്പെടുത്തി നഴ്സുമാരുടെ സേവനം ഇന്ത്യയിൽ ലഭ്യമാക്കാൻ സർക്കാർ തയാറാകണം.
വിപിൻ കൃഷ്ണൻ, എയിംസ് നഴ്സിങ് യൂണിയൻ മുൻ ജനറൽ സെക്രട്ടറി
ഉയർന്ന തസ്തികകളിൽ ഒഴിവില്ലാത്തതും ഡൽഹി എയിംസിലെ നഴ്സുമാരെ വലയ്ക്കുന്നു. താഴെ ഗ്രേഡുകളിൽ ജോലിക്ക് കയറുന്നവർക്ക് നഴ്സിങ് ഗ്രേഡ് ഒന്ന് തസ്തികയിലെത്താൻ ചുരുങ്ങിയത് 25 വർഷമെങ്കിലും കാത്തിരിക്കണം.
തെക്കേ ഇന്ത്യയിൽ ഉൾപ്പെടെ പുതിയ എയിംസുകൾ പ്രവർത്തനം തുടങ്ങിയതോടെ അവിടെ പുതിയ ഒഴിവുകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അതിനാൽ ആ അവസരങ്ങൾ തിരഞ്ഞെടുക്കാനാണ് ഭൂരിഭാഗം മലയാളികളും ഇഷ്ടപ്പെടുന്നത്.
ഉത്തരേന്ത്യയിലെ റസിഡൻസി കോച്ചിങ് കേന്ദ്രങ്ങൾ
വിദേശരാജ്യങ്ങളിൽ ജോലി നേടുന്നതിനു കേരളത്തിൽ പരിശീലന കേന്ദ്രങ്ങളുള്ള മാതൃകയിൽ എയിംസിലെ നഴ്സിങ് റിക്രൂട്മെന്റ് പരീക്ഷയായ നോർസെറ്റിന് (നഴ്സിങ് ഓഫിസർ റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റ്) ഉദ്യോഗാർഥികളെ പരിശീലിപ്പിക്കാൻ റസിഡൻസി കോച്ചിങ് കേന്ദ്രങ്ങൾ ഉത്തരേന്ത്യയിൽ സജീവമാണ്.
എല്ലാ വർഷവും നടത്തുന്ന പരീക്ഷയാണ് നോർസെറ്റ്. ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഈ കോച്ചിങ് സെന്ററുകളുടെ സാധ്യത ഉത്തരേന്ത്യയിലെ ഉദ്യോഗാർഥികൾ പ്രയോജനപ്പെടുന്നുണ്ടെന്നു നഴ്സുമാർ പറയുന്നു.
ഉയർന്ന തസ്തികകളിൽ ഒഴിവില്ലാത്തതിനാൽ മിക്കവർക്കും കൃത്യസമയത്തു സ്ഥാനക്കയറ്റമുണ്ടാകുന്നില്ല. മെച്ചപ്പെട്ട
ജീവിതസാഹചര്യവും തൊഴിൽ ഉയർച്ചയും ലഭിക്കുമ്പോൾ മിക്കവരും മറ്റ് അവസരങ്ങൾ തേടിപോകുന്നതു സ്വാഭാവികമാണ്.
ചാരുലത ശശിധരൻ, നഴ്സിങ് ഓഫിസർ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

