
കളമശേരി ∙ വടക്കൻ, മധ്യ കേരള തീരങ്ങളിൽ ഉപരിതല കടൽജലത്തിന്റെ ‘റെഡ് ടൈഡ്’ പ്രതിഭാസം, നോക്റ്റിലൂക്ക സിൻറ്റിലാൻസ് എന്ന ഡൈനോ ഫ്ലാജെലേറ്റ് മൈക്രോ ആൽഗയുടെ ചുവന്ന വകഭേദത്തിന്റെ വൻതോതിലുള്ള വ്യാപനത്താലാണെന്നു കുസാറ്റ് മറൈൻ ബയോളജി, മൈക്രോ ബയോളജി, ബയോ കെമിസ്ട്രി വിഭാഗം ഗവേഷകർ കണ്ടെത്തി. കുഫോസ് അസിസ്റ്റന്റ് പ്രഫസർ ഡോ. ലതിക സിസിലി തോമസിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം ചാവക്കാട് ബീച്ചിലും കോഴിക്കോട് ജില്ലയിലെ ബീച്ചുകളിലും നടത്തിയ നിരീക്ഷണങ്ങളെത്തുടർന്നാണ് ആൽഗൽ ബ്ലൂം സ്ഥിരീകരിച്ചത്.
ഉപരിതല പ്രവാഹങ്ങളുടെ സ്വാധീനത്താൽ ആൽഗൽ ബ്ലൂം തെക്കോട്ടു വ്യാപിച്ചു. പ്രാദേശികമായി പൂനീർ, പോളവെള്ളം അല്ലെങ്കിൽ കരവെള്ളം എന്നു മലയാളത്തിൽ അറിയപ്പെടുന്ന ഈ പ്രതിഭാസം കിലോമീറ്ററുകളോളം തീരപ്രദേശങ്ങളിൽ വ്യാപിച്ചിട്ടുണ്ട്.
ആഴം കുറഞ്ഞ ഇന്റർ ടൈഡൽ സോണുകളിൽ ചുവപ്പു നിറം ഏറ്റവും പ്രകടമാണ്. രാത്രി കടൽതീരത്ത് അതിശയകരമായ നീല- പച്ച ബയോലുമിനിസെൻസും (കവര്) ഒപ്പമുണ്ട്.
നോക്റ്റിലൂക്ക സിൻറ്റിലാൻസ് രണ്ടു രൂപങ്ങളിലാണു കാണപ്പെടുന്നത് – ഗ്രീൻ ടൈഡിനു കാരണമാകുന്ന പച്ച വകഭേദവും പ്രധാനമായി ഡയാറ്റങ്ങളെ ഭക്ഷിക്കുന്ന റെഡ് ടൈഡ് ഉണ്ടാക്കുന്ന ചുവന്ന വകഭേദവും. കേരളത്തിന്റെ തീരദേശ ജലാശയങ്ങളിൽ മഴക്കാലത്ത് 2 വകഭേദങ്ങളും കാണപ്പെടുന്നുണ്ട്.കാലാവസ്ഥ വ്യതിയാനം, സമുദ്രോപരിതല താപനിലയിലെ വർധന, ജലമലിനീകരണം എന്നിവ കേരള തീരത്ത് ഇത്തരം പ്രതിഭാസത്തിന്റെ ആവർത്തനം വർധിപ്പിക്കുമെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]