
പറവൂർ ∙ എൽകെജി മുതൽ ഹയർസെക്കൻഡറി വരെ നിയോജകമണ്ഡലത്തിലെ എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെയും സുരക്ഷാ സംവിധാനങ്ങൾ സേഫ്റ്റി ഓഡിറ്റിങ്ങിലൂടെ വിലയിരുത്തുമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മികച്ച വിദ്യാർഥികൾക്കുള്ള എംഎൽഎയുടെ സ്പെഷൽ മെറിറ്റ് അവാർഡ് വിതരണ ഉദ്ഘാടനത്തിലാണ് പ്രതിപക്ഷനേതാവ് സേഫ്റ്റി ഓഡിറ്റിങ് പ്രഖ്യാപിച്ചത്.
തേവലക്കരയിൽ ഷോക്കേറ്റ് വിദ്യാർഥിയുടെ ജീവൻ നഷ്ടമായ സാഹചര്യത്തിൽ അപകടകരമായ നിർമിതികളോ കെട്ടിടങ്ങളോ മറ്റു പ്രശ്നങ്ങളോ വിദ്യാലയങ്ങളിൽ ഉണ്ടോയെന്നു കണ്ടെത്തുകയാണ് ലക്ഷ്യം.
ഓഡിറ്റിങ്ങിനായി വിദ്യാലയങ്ങൾക്കു നൽകാനുള്ള പെർഫോമ പ്രതിപക്ഷനേതാവ് എഇഒയ്ക്ക് കൈമാറി. സ്കൂളുകൾ പൂരിപ്പിച്ചു നൽകുന്ന പ്രശ്നങ്ങൾ എംഎൽഎ ഓഫിസ് നേരിട്ട് പരിശോധിച്ചു പരിഹാരമുണ്ടാക്കും.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു നിയോജക മണ്ഡലത്തിൽ ഇത്തരമൊരു ഓഡിറ്റിങ് നടത്തുന്നതെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു. സ്കൂളുകളിലെ സുരക്ഷ പരിശോധിക്കാനുള്ള ഓഡിറ്റിങ് എല്ലാ യുഡിഎഫ് എംഎൽഎമാരുടെയും മണ്ഡലത്തിൽ നടപ്പാക്കാൻ ആവശ്യപ്പെടുമെന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. തേവലക്കര സ്കൂളിന്റെ സ്ഥിതി വളരെ മോശമാണെന്നാണു ബാലാവകാശ കമ്മിഷൻ പറഞ്ഞത്.
സംസ്ഥാനത്തെ പല സ്കൂളുകളിലും പരിതാപകരമായ അവസ്ഥയാണ്. വിദ്യാലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം.
ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സമരം തുടങ്ങിയപ്പോൾ ആ സമരത്തിന്റെ ശ്രദ്ധ തിരിക്കാനാണ് കേരള സർവകലാശാലയിൽ എസ്എഫ്ഐക്കാരെക്കൊണ്ട് സമരാഭാസം നടത്തിച്ചത്.
ഇപ്പോൾ പ്രശ്നം പരിഹരിക്കാൻ അഞ്ച് മിനിറ്റ് പോലും എടുത്തില്ല. വയനാട്ടിലെ പാവങ്ങൾക്കായി സർക്കാർ 742 കോടി പിരിച്ചതിനെക്കുറിച്ചു അന്വേഷിക്കണം.എസ്എസ്എൽസി, പ്ലസ്ടു, സിബിഎസ്ഇ പരീക്ഷകളിൽ എല്ലാ വിഷയത്തിനും എപ്ലസ്/ എ വൺ നേടിയ വിദ്യാർഥികൾക്കും വിവിധ തലങ്ങളിലെ റാങ്ക് ജേതാക്കൾക്കും കൂടുതൽ എപ്ലസ് നേടിയ സ്കൂളുകൾക്കുമാണ് മെറിറ്റ് അവാർഡ് നൽകിയത്. ആയിരത്തോളം വിദ്യാർഥികൾ പുരസ്കാരം ഏറ്റുവാങ്ങി.
തേവലക്കരയിൽ വൈദ്യുതി ആഘാതമേറ്റു മരിച്ച മിഥുൻ എന്ന വിദ്യാർഥിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. നഗരസഭാധ്യക്ഷ ബീന ശശിധരൻ അധ്യക്ഷയായി.
ഉപാധ്യക്ഷൻ എം.ജെ.രാജു, ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്.രതീഷ്, കൊച്ചുറാണി, ബ്ലോക്ക് പ്രസിഡന്റുമാരായ എം.എസ്.റെജി, ഫ്രാൻസിസ് വലിയപറമ്പിൽ, കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടർ ടി.എ.നവാസ്, സ്ഥിരസമിതി അധ്യക്ഷരായ സജി നമ്പിയത്ത്, വനജ ശശികുമാർ, അനു വട്ടത്തറ, രമേഷ് ഡി.കുറുപ്പ്, കുസാറ്റ് മുൻ ഗണിത വിഭാഗം മേധാവി പ്രഫ.വിജയകുമാർ അമ്പാട്ട്, എഇ നിഖില തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]