
കൊച്ചി ∙ നഗരത്തിലെ അപകടക്കെണിയൊരുക്കുന്ന, താഴ്ന്നു കിടക്കുന്ന കേബിൾകുരുക്കുകളെ കുറിച്ചു പലവട്ടം പറഞ്ഞിട്ടുണ്ട്; പക്ഷേ, അപകടങ്ങൾ ആവർത്തിക്കുന്നു. വെള്ളിയാഴ്ച രാത്രി 9നു ചിലവന്നൂർ റോഡിൽ കേബിൾ കുരുങ്ങിയുണ്ടായ അപകടത്തിൽ യുവാവിനു ഗുരുതരമായി പരുക്കേറ്റു.
വരാപ്പുഴ സ്വദേശി ഷാനിനാണു പരുക്കേറ്റത്. കാൽമുട്ടിനും കാലിനും പൊട്ടലുണ്ടായ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്വകാര്യ ഇന്റർനെറ്റ് സേവന ദാതാവിന്റെ കേബിൾ ഹാൻഡിലിൽ കുടുങ്ങി ബൈക്ക് വീഴുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു. ഇവിടെ ഒട്ടേറെ സ്ഥലങ്ങളിൽ താഴ്ന്നു കിടക്കുന്ന കേബിളുകൾ അപകട
ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
കോർപറേഷനിൽ നിന്നോ കെഎസ്ഇബിയിൽ നിന്നോ അനുമതി തേടാതെ വലിച്ച കേബിളിൽ കുരുങ്ങിയാണ് അപകടമുണ്ടായതെന്നു കൗൺസിലർ മാലിനി കുറുപ്പ് പറഞ്ഞു. അപകടത്തെത്തുടർന്നു കെഎസ്ഇബി ജീവനക്കാർ രാത്രി തന്നെ ഇവിടെയുള്ള കേബിളുകൾ മുറിച്ചു മാറ്റി.
അനുമതിയില്ലാതെ കേബിൾ സ്ഥാപിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നു കോർപറേഷൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഭാഗങ്ങളിൽ വളരെ കൂടുതൽ കേബിളുകൾ വലിച്ചിട്ടുണ്ടെന്നും ഇതിൽ അനുമതിയില്ലാത്തതു നീക്കം ചെയ്യാൻ ആവശ്യപ്പെടുമെന്നും കൗൺസിലർ പറഞ്ഞു.
മുറിച്ച് നീക്കുന്നുണ്ടെന്ന് കോർപറേഷൻ
ടാഗ് ചെയ്യാത്തതും താഴ്ന്നു കിടക്കുന്നതുമായ കേബിളുകൾ മുറിച്ചു നീക്കുന്നുണ്ടെന്നു കോർപറേഷൻ അധികൃതർ അറിയിച്ചു.
ശരാശരി രണ്ടര ടൺ ഭാരമുള്ള 8 ലോഡ് കേബിളുകൾ മുറിച്ചു നീക്കി ബ്രഹ്മപുരത്ത് എത്തിച്ചിട്ടുണ്ടെന്ന് ആരോഗ്യ സ്ഥിരസമിതി ചെയർപഴ്സൻ ടി.കെ. അഷ്റഫ് പറഞ്ഞു.
കോർപറേഷനിലെ ആരോഗ്യ വിഭാഗവും എൻജിനീയറിങ് വിഭാഗവും ചേർന്നാണു കേബിളുകൾ മുറിച്ചു നീക്കുന്നത്. 5 മീറ്റർ ഉയരത്തിനു താഴെ വീണു കിടക്കുന്നതും അപകടകരമായതുമായ കേബിളുകളെല്ലാം മുറിച്ചു നീക്കുന്നുണ്ട്.
ഏതെങ്കിലും ഭാഗങ്ങളിൽ അപകട ഭീഷണിയുള്ള കേബിളുകളുണ്ടെന്നു വിവരം ലഭിക്കുമ്പോഴെല്ലാം അതു നീക്കം ചെയ്യാറുണ്ട്.
അനുമതിയുള്ള കേബിൾ, ഇന്റർനെറ്റ് സേവന ദാതാക്കളോടെല്ലാം കേബിളുകൾ ടാഗ് ചെയ്യാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]