
ഓൾഡ് മിലിറ്ററി റോഡിൽ ‘ഭയ’ങ്കര കാട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലുവ∙ സ്കൂൾ തുറക്കാൻ ഇനി രണ്ടാഴ്ചയില്ല. തുരുത്ത് ഗ്രാമത്തിലെ കുട്ടികൾ നഗരത്തിലെ സ്കൂളുകളിലേക്കു വരുന്ന ഓൾഡ് മിലിറ്ററി റോഡിലെ കാടു വെട്ടുന്നതിൽ അധികൃതർക്ക് ഇപ്പോഴും അലംഭാവം. മഹാത്മാഗാന്ധി മുനിസിപ്പൽ ടൗൺ ഹാളിനോടു ചേർന്നാണ് ഓൾഡ് മിലിറ്ററി റോഡ്. ഇതിലൂടെ നടന്നു പെരിയാറിനു കുറുകെയുള്ള റെയിൽവേ നടപ്പാലം കടന്നാണ് വിദ്യാർഥികൾ വരുന്നതും പോകുന്നതും.800 വീട്ടുകാരുള്ള തുരുത്തിൽ പ്രൈമറി സ്കൂൾ മാത്രമേയുള്ളൂ. വിദ്യാർഥികൾ മാത്രമല്ല, വിവിധ സ്ഥലങ്ങളിൽ ജോലിക്കു പോകുന്നവരും സഞ്ചരിക്കുന്നത് ഇതിലെ തന്നെ.
റോഡിന്റെ ഇരുവശത്തും ഉയരത്തിൽ കാടും പുല്ലും വളർന്നു നിൽക്കുകയാണ്. ഒരു വശത്ത് റെയിൽവേയുടെ പഴയ ഇരുമ്പു സാമഗ്രികളും അട്ടിയിട്ടിട്ടുണ്ട്.അതിനുള്ളിൽ നിറയെ വിഷപ്പാമ്പുകളാണെന്നു നാട്ടുകാർ പറയുന്നു. സാമൂഹികവിരുദ്ധരുടെ ശല്യവുമുണ്ട്. നേരത്തെ ഇതുപോലെ കാടു വളർന്നപ്പോൾ അതിനുള്ളിൽ ഒരു ട്രാൻസ്ജെൻഡറിനെ കൊലപ്പെടുത്തിയ സംഭവം നാട്ടുകാരുടെ പേടി കൂട്ടുന്നു. തുരുത്തിൽ നിന്നു ദേശം കവല വഴി ആലുവയിലേക്കു വന്നാൽ പുറയാർ റെയിൽവേ ക്രോസിൽ ഏറെ നേരം കുടുങ്ങും. മഹിളാലയം പാലം വഴിയാണെങ്കിൽ കുറച്ചു ചുറ്റിക്കറങ്ങണം. അതിനാൽ റോഡ് മാർഗം വരാതെ നടപ്പാലത്തിലൂടെയാണ് തുരുത്ത് നിവാസികളിൽ ഭൂരിഭാഗം പേരുടെയും യാത്ര.