
‘വലിയ’ ആൾക്കാരുടെ ജാമ്യാപേക്ഷ മെഡിക്കൽ ടൂറിസമായി മാറി ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കുന്നത് നിർത്തി: ഹൈക്കോടതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ജയിലിൽ മെഡിക്കൽ സൗകര്യമില്ലെന്നു പ്രോസിക്യൂട്ടർ വ്യക്തമാക്കിയിട്ടില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ ആർക്കും ജാമ്യം അനുവദിക്കില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. കേരളത്തിൽ ‘വലിയ’ ആൾക്കാരുടെ ജാമ്യാപേക്ഷകൾ മെഡിക്കൽ ടൂറിസമായി മാറിയെന്നും അത് അനുവദിക്കില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.പാതിവിലത്തട്ടിപ്പ് കേസിൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ.ആനന്ദകുമാറിന്റെ ജാമ്യ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യ പ്രശ്നങ്ങളും പ്രായവും ചൂണ്ടിക്കാട്ടിയാണ് ആനന്ദകുമാർ ജാമ്യ ഹർജി നൽകിയത്.
ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കുന്നത് നിർത്തിയെന്നു കോടതി പറഞ്ഞു. ഇതിനു കാരണവും വിശദീകരിച്ചു. പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ പ്രതിയായ മുൻമന്ത്രി ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടെന്ന് അറിയിച്ചു ജാമ്യാപേക്ഷ നൽകിയിരുന്നു. അപേക്ഷ തള്ളിയെങ്കിലും ജയിലിൽ തിരിച്ചയയ്ക്കുമ്പോൾ ജാമ്യാപേക്ഷ നൽകാമെന്നു വ്യക്തമാക്കി. ജയിലിലെത്തി അടുത്ത ദിവസംതന്നെ ജാമ്യാപേക്ഷ നൽകി. മരിച്ചുപോകുമെന്നു പറഞ്ഞായിരുന്നു അപേക്ഷ. ജാമ്യം അനുവദിച്ച് പുറത്തിറങ്ങിയപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വരെ തയാറായി.
ചാനൽ ചർച്ചയിൽ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ ബിജെപി നേതാവ് പി.സി.ജോർജിന്റെ മുൻകൂർ ജാമ്യ ഹർജി തള്ളിയിരുന്നു.എന്നാൽ അറസ്റ്റിലായപ്പോൾ ആരോഗ്യപ്രശ്നത്തിന്റെ പേരിൽ ആശുപത്രിയിലായി. തുടർന്ന് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. തുടർന്ന്, പിതാവിന്റെ മെഡിക്കൽ പരിശോധനയെല്ലാം നടത്താൻ കഴിഞ്ഞതിനു പരാതിക്കാരനോട് നന്ദിയുണ്ടെന്നാണ് പി.സി.ജോർജിന്റെ മകൻ മാധ്യമങ്ങളോടു പറഞ്ഞത്.
സാധാരണയായി പിതാവ് ആശുപത്രിയിൽ പോകാറില്ലത്രെ. ഇത് മെഡിക്കൽ ടൂറിസമാണ്. ഇത്തരത്തിൽ മെഡിക്കൽ ടൂറിസത്തിനുള്ള വഴിയാക്കി ജാമ്യാപേക്ഷകളെ മാറ്റാനാകില്ല. പി.സി.ജോർജിന്റെ മകൻ പറഞ്ഞത് പരോക്ഷമായി കോടതിയോടും കൂടിയാണെന്നും കോടതി പറഞ്ഞു. ഹർജിക്കാരന് ആവശ്യമായ എല്ലാ മെഡിക്കൽ സഹായവും ഉറപ്പാക്കാൻ കോടതി സർക്കാരിനു നിർദേശം നൽകി. ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും.