പിറവം ∙ കപ്പയിൽ മുരടിപ്പുരോഗം വ്യാപകമായതോടെ കളമ്പൂരിലും പാഴൂരിലും കർഷകർ ആശങ്കയിൽ. കപ്പച്ചെടിയുടെ ഇലകൾ ചുരുണ്ടു വളർച്ച മുരടിക്കുന്നതാണു രോഗലക്ഷണം.
വളർച്ച നിലയ്ക്കുന്നതോടെ കിഴങ്ങു വളർച്ച എത്താതെ ചെടി നശിക്കും. ഇതിനു പുറമേ മഞ്ഞളിപ്പു രോഗവും കണ്ടു തുടങ്ങിയിട്ടുണ്ട്.
മുൻ വർഷങ്ങളിലും മുരടിപ്പു രോഗം കണ്ടിരുന്നെങ്കിലും ഇക്കുറി വ്യാപകമായി കൃഷിയിടങ്ങളിൽ മുരടിപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. 1 മാസം വളർച്ച എത്തിയ കപ്പച്ചെടികളിലും രോഗബാധ കണ്ടു തുടങ്ങി.
നെൽക്കൃഷിക്കു ജലസേചന സൗകര്യം ബുദ്ധിമുട്ടുള്ള പാടശേഖരങ്ങളിൽ 2ാം വിള നെൽക്കൃഷിക്കു പകരമായാണു മേഖലയിൽ കപ്പ നടുന്നത്.
6 മാസത്തിനുള്ളിൽ വിളവെടുപ്പ് പൂർത്തിയാകുന്ന ഉൽപാദന ക്ഷമത ഏറിയ പുതിയ ഇനം കപ്പയുടെ തണ്ടുകളാണു നടാൻ ഉപയോഗിക്കുന്നത്. ഇതിനാൽ ജൂണിൽ മഴക്കാലത്തിനു മുൻപേ വിളവെടുപ്പു പൂർത്തിയാക്കാൻ കഴിയുമെന്നതും കൂടുതൽ കൃഷിയിടങ്ങളിൽ കപ്പക്കൃഷിക്കു വേരോട്ടമുണ്ടാക്കി.
മറ്റു കൃഷികളെ അപേക്ഷിച്ചു തൊഴിലാളികളുടെ കുറച്ചു മതിയെന്നതും പ്രത്യേകതയാണ്. കാലാവസ്ഥ അനുകൂലമെങ്കിൽ 50 സെന്റ് സ്ഥലത്തു നിന്നു 1 ലക്ഷം രൂപ വരെ കപ്പക്കൃഷിയിൽ നിന്നു ലഭിക്കും.
ഇപ്പോഴത്തെ സ്ഥിതിയിൽ മുടക്കു മുതൽ തിരികെ ലഭിക്കുമോയെന്നു സംശയമുണ്ടെന്നു കർഷകൻ കളമ്പൂർ കല്ലിടുമ്പിൽ കുര്യൻ പറഞ്ഞു. ഫംഗസ് രോഗബാധയാണെന്ന സംശയത്തിൽ കൃഷിവകുപ്പ് അധികൃതർ കൃഷിയിടങ്ങളിൽ പരിശോധന നടത്തി.
മണ്ണിൽ കുമിൾനാശിനി പ്രയോഗിക്കുന്നതാണു പ്രതിവിധിയായി നിർദേശിക്കുന്നത്. ഇതു മൂലം ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിലും രോഗം പടരുന്നതു നിയന്ത്രിക്കാനാകും.
നൈട്രജൻ അളവു കൂടുതലുള്ള മണ്ണിൽ അഴുകൽ രോഗവും മുരടിപ്പും കാണാറുണ്ട്. നടീൽ വസ്തു, മണ്ണ്, വെള്ളം എന്നിവയിലൂടെയാണ് ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു രോഗം പകരുന്നത്.
അതിനാൽ കപ്പയുടെ നടീൽ വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ മുതൽ ജാഗ്രത വേണമെന്നും അധികൃതർ നിർദേശിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

