ഫോർട്ട്കൊച്ചി ∙ നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃക ശിലകൾ അവഗണിക്കപ്പെട്ട നിലയിൽ.
ചരിത്ര മ്യൂസിയങ്ങളുടെ അകത്തളങ്ങളിൽ സംരക്ഷിക്കപ്പെടേണ്ട കല്ലുകളാണ് കേരള പുരാവസ്തു വകുപ്പിന്റെ ജില്ലാ പൈതൃക മ്യൂസിയമായ ബാസ്റ്റ്യൻ ബംഗ്ലാവ് വളപ്പിൽ ആരോരും ശ്രദ്ധിക്കാതെ കിടക്കുന്നത്.
പോർച്ചുഗീസ്, ഡച്ച് കാലഘട്ടത്തിൽ കൊച്ചിയിലുണ്ടായിരുന്ന ചരിത്ര സ്മാരകങ്ങളുടെ അവശേഷിപ്പുകളാണ് ഇവയെന്ന് കരുതപ്പെടുന്നു.
2021ൽ ഫോർട്ട്കൊച്ചി ജല മെട്രോ സ്റ്റേഷൻ അടിത്തറ നിർമാണത്തിനായി കുഴിയെടുത്ത സമയത്താണ് ഈ ശിലകളും തൂണിന്റെ അവശിഷ്ടങ്ങളും കിട്ടിയത്. പുരാവസ്തു വകുപ്പ് അധികൃതരും ചരിത്ര വിദ്യാർഥികളും നടത്തിയ പരിശോധനയെ തുടർന്ന് ഇവയുടെ ചരിത്ര പ്രാധാന്യം മനസ്സിലാക്കി തൊട്ടടുത്തുള്ള ബാസ്റ്റ്യൻ ബംഗ്ലാവ് വളപ്പിലേക്ക് മാറ്റുകയായിരുന്നു.
അവ പിന്നീട് അവഗണിക്കപ്പെട്ടു.
കല്ലുകൾ കാടുകയറി കിടക്കുന്നതായി ഏതാനും മാസങ്ങൾക്ക് മുൻപ് പരാതി ഉയർന്നതിനെ തുടർന്ന് അധികൃതർ പരിസരം ശുചീകരിച്ചു. വീണ്ടും അവഗണന തന്നെ ഫലം.
23 കല്ലുകളാണ് ഇവിടെ കിടക്കുന്നത്. പ്രശ്നം സംബന്ധിച്ച് കേന്ദ്ര പുരാവസ്തു വകുപ്പിനും മറ്റ് അധികൃതർക്കും പരാതി നൽകിയതായി ദ് ഗ്രേ ബുക്ക് മ്യൂസിയം ആൻഡ് ആർക്കൈവ്സ് ഡയറകട്ർ റെയ്ഗൻ സ്റ്റാൻലി അറിയിച്ചു. 15 മുതൽ 17–ാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിലെ നിർമിതിയുടെ ഭാഗമാകാം ഫോർട്ട്കൊച്ചിയിൽ നിന്ന് കണ്ടെടുത്ത തൂണിന്റെ ഭാഗങ്ങളെന്ന് ഇന്തോ – പോർച്ചുഗീസ് ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന കൊച്ചി ചിറക്കൽ സ്വദേശിനി അയന ആന്റണി പറയുന്നു.
ബാസ്റ്റ്യൻ ബംഗ്ലാവ് വളപ്പിൽ സൂക്ഷിച്ചിട്ടുള്ള തൂണുകളുടെ അവശിഷ്ടങ്ങൾ പോർച്ചുഗലിലെ ലിസ്ബന് സമീപം സെത്തുബൽ ചരിത്ര മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള 15–17 നൂറ്റാണ്ടുകളിലെ തൂണുകളുടെ അതേ നിർമിതിയിലുള്ളതാണ്. ഗവേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം സെത്തുബൽ മ്യൂസിയത്തിൽ അയന സന്ദർശനം നടത്തിയിരുന്നു. ബാസ്റ്റ്യൻ ബംഗ്ലാവിലെ ശിലാവശിഷ്ടങ്ങളും പഠനത്തിന്റെ ഭാഗമായി കണ്ടിരുന്നു.
ബംഗ്ലാവ് വളപ്പിൽ ആർക്കിയോളജിക്കൽ സ്റ്റോൺ ഇൻസ്ക്രിപ്ഷൻ പാർക്ക് നിർമിച്ച് അതിലേക്ക് ഈ കല്ലുകൾ മാറ്റണമെന്ന നിർദേശം വകുപ്പ് അധികൃതർക്ക് സമർപ്പിച്ചിരുന്നതായി ജില്ലാ പൈതൃക മ്യൂസിയം ചാർജ് ഓഫിസർ ക്ലിൻസി ഫ്രാൻസിസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

