കൊച്ചി∙ ‘തന്റെ ചിത്രങ്ങളിലെ ഏറെ നീണ്ട വരകൾ പോലെയാണു ആർടിസ്റ്റ് നമ്പൂതിരി എന്റെ ജീവിതത്തിലേക്കും കടന്നുവന്നത്.
പിന്നെ, പടർന്നു പടർന്നു കയറിയ ആ നിഷ്കളങ്ക സ്നേഹം എന്നും എനിക്കൊപ്പമുണ്ടായിരുന്നു. കണ്ണൊന്നടച്ചാൽ ആ മൃദുസ്പർശം ഇപ്പോഴും എനിക്ക് അനുഭവിക്കാനാകുന്നുണ്ട്.’ നമ്പൂതിരിയോർമകളുടെ വരപ്പെരുക്കത്തിൽ അലിഞ്ഞു നടൻ മോഹൻലാൽ.
തന്റെയും നമ്പൂതിരിയുടെയും മനസ്സുകൾ തമ്മിലുണ്ടായിരുന്ന ഇഴയടുപ്പം വരഞ്ഞിട്ട ആ വാക്കുകൾ പലകുറി ഇടറി. രണ്ടു പ്രതിഭകളുടെ അപൂർവ സൗഹൃദനിമിഷങ്ങളിലേക്കു വാതിൽ തുറന്നു കിട്ടിയതിലെ വിസ്മയം പതിയെ സദസ്സിലേക്കും പടർന്നു.
ആർടിസ്റ്റ് നമ്പൂതിരിയുടെ സ്മരണാർഥം രൂപീകരിച്ച ‘ദ് ആർടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റിന്റെ’ പ്രഥമ പുരസ്കാരം (ഒരു ലക്ഷം രൂപ) പ്രമുഖ ചിത്രകാരൻ സി.ഭാഗ്യനാഥിനു സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു മോഹൻലാൽ. നമ്പൂതിരിയുമായി തനിക്കുണ്ടായിരുന്ന വർഷങ്ങളുടെ ആത്മബന്ധം മോഹൻലാലിന്റെ വാക്കുകളിൽ ആദ്യാവസാനം നിറഞ്ഞു.
മകനായും സുഹൃത്തായുമാണു നമ്പൂതിരി തന്നെ കണ്ടതെന്നും ലാൽ പറഞ്ഞു. വാനപ്രസ്ഥം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയിലാണു അദ്ദേഹവുമായി അടുത്തത്. നമ്പൂതിരിയുടെ 160 ചിത്രങ്ങളോളം തന്റെ കയ്യിലുണ്ട്.
പൊന്നുപോലെ അവ സൂക്ഷിക്കുന്നുണ്ട്. സൗന്ദര്യ ലഹരിയിലെ എട്ടാമത്തെ ശ്ലോകം ആസ്പദമാക്കി ഒരു ചിത്രം വരച്ചു തരണം എന്നു നമ്പൂതിരിയോട് ആവശ്യപ്പെട്ടിരുന്നു.
‘വല്ലാത്തൊരു പണിയാണല്ലോ ലാലേ താനെനിക്കു തന്നത്’ എന്നായിരുന്നു ആദ്യ പ്രതികരണം.
എങ്കിലും ശ്രമിക്കാം എന്നു സമ്മതിച്ചു. 5 വർഷമെടുത്തു ആ ചിത്രം പൂർത്തിയാകാൻ.
അദ്ദേഹം വരച്ച ചിത്രം കണ്ടപ്പോൾ വിസ്മയം കൊണ്ട് ഒന്നും മിണ്ടാനാകാത്ത അവസ്ഥയിലായിരുന്നു. ആ വിരലുകൾ എടുത്തു ശിരസ്സിൽ വച്ച് അനുഗ്രഹം വാങ്ങി. പിന്നീടൊരിക്കൽ സൗന്ദര്യ ലഹരി ചിത്രം ഒന്നു കാണണമെന്ന ആഗ്രഹവുമായി അദ്ദേഹവും സുഹൃത്തുക്കളും വീട്ടിൽ വന്നു.
ആ ചിത്രത്തിനു മുന്നിൽ കണ്ണുനിറഞ്ഞ് ഏറെനേരം നിന്നശേഷം നമ്പൂതിരി ചോദിച്ചു, ‘ഞാൻ തന്നെയാണോ ലാലേ ഇതു വരച്ചത്!’. തന്നെക്കൊണ്ട് ഏതോ അജ്ഞാത ശക്തി അതു വരപ്പിച്ചു എന്നു ധ്വനിപ്പിക്കുന്ന, അത്തരമൊരു ചോദ്യം ചോദിക്കാനുള്ള ലാളിത്യം ഉത്തമനായ കലാകാരനിൽ മാത്രമേ ഉണ്ടാകൂ എന്നും ലാൽ പറഞ്ഞു.
ആ സ്നേഹം അനുഭവിക്കാനായതു നിയോഗവും ഗുരുത്വവുമായി കാണുന്നു.
മലയാള സാഹിത്യത്തിലെ 10 പ്രശസ്ത കഥാപാത്രങ്ങളെ താൻ വേദിയിൽ അവതരിപ്പിച്ച മലയാള മനോരമയുടെ ‘കഥയാട്ടം’ എന്ന പരിപാടിക്കിടെ നമ്പൂതിരിക്കൊപ്പം ചേർന്നു ചിത്രം വരച്ച അപൂർവ നിമിഷവും ലാൽ ഓർത്തെടുത്തു.
ദ് ആർടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റി ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. ലളിതകലാ അക്കാദമി ചെയർമാനും ജൂറി അംഗവുമായ മുരളി ചീരോത്ത്, കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർനാഥ്, ജൂറി ചെയർമാൻ കെ.സി.നാരായണൻ, ട്രസ്റ്റിമാരായ രവി ശങ്കർ, ബിനുരാജ് കലാപീഠം, ആർടിസ്റ്റ് നമ്പൂതിരിയുടെ മകൻ കെ.എം.വാസുദേവൻ എന്നിവർ പ്രസംഗിച്ചു.
നമ്പൂതിരിയെപ്പറ്റി ബിനുരാജ് കലാപീഠം സംവിധാനത്തിൽ പുറത്തു വന്ന ‘നമ്പൂതിരി–വരയുടെ കുലപതി’ എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]