കുണ്ടന്നൂർ ∙ ജംക്ഷൻ വികസനത്തിനായി സ്ഥലം ഏറ്റെടുക്കലിന് ഗസറ്റ് വിജ്ഞാപനമായി 10 മാസം കഴിഞ്ഞിട്ടും നടപടി ഇഴയുന്നു. കോട്ടയം മുള്ളൻകുഴി കേരള വൊളന്ററി ഹെൽത്ത് സർവീസസ് നടത്തിയ സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ട് പദ്ധതിക്ക് അനുകൂലമായിരുന്നു.
കിഫ്ബി സഹായത്തോടെ റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനാണു (ആർബിഡിസികെ) ചുമതല.10.53 കോടി രൂപ ചെലവിൽ സ്ഥലം ഏറ്റെടുക്കൽ, വീതികൂട്ടൽ, നിർമാണം എന്നിങ്ങനെ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കേണ്ടത്.
ഫണ്ടും പാസായി. റവന്യു വകുപ്പിന്റെ മേൽനോട്ടത്തിൽ സംയുക്ത പരിശോധന നടത്തി അലൈൻമെന്റ് സ്റ്റോണുകൾ സ്ഥാപിച്ചു.
അതോടെ പദ്ധതിക്ക് അനക്കമില്ലാതായി. ജംക്ഷനിലെ തടസ്സം മാറ്റാൻ സമരങ്ങളും ഹൈക്കോടതിയിൽ കേസുമുണ്ടായി. ഫയൽ അനക്കാൻ വീണ്ടും സമരത്തിന് ഇറങ്ങേണ്ടി വരുമോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
കാത്തിരിപ്പ് കേന്ദ്രത്തിനായികാത്തുനിൽപ്
മേൽപാലം പണിയുടെ ഭാഗമായി 5 വർഷം മുൻപു പൊളിച്ചു മാറ്റിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ ഇനിയും പുനഃസ്ഥാപിച്ചില്ല.
സർവീസ് റോഡും പരിതാപകരം. താൽക്കാലികമായി വിരിച്ച ടൈലിലൂടെയാണ് ഇപ്പോഴും ഗതാഗതം.
ഏറെത്തിരക്കുള്ള ബസ് സ്റ്റോപ്പുകളാണിവ. മഴയും വെയിലുമേറ്റാണ് കാത്തുനിൽപ്.
കയറി നിൽക്കാൻ പോലും ഇടമില്ല.
നോക്കുകുത്തിയായി ട്രാഫിക് നിരീക്ഷണ കേന്ദ്രം
നിരീക്ഷണ ക്യാമറയുൾപ്പെടെ ആധുനിക സജ്ജീകരണങ്ങൾ ഉണ്ടായിരുന്ന ട്രാഫിക് വാച്ച് ടവർ മേൽപാലം നിർമാണത്തിന്റെ ഭാഗമായി റോഡിനു പടിഞ്ഞാറു മൂലയിലേക്കു ഷീറ്റടിച്ച് താൽക്കാലികമായി മാറ്റിയ അവസ്ഥ തന്നെയാണ് ഇപ്പോഴും. ഫാൻ പോലുമില്ല.
ചുട്ടുപൊള്ളുന്ന വെയിലിൽ ഷീറ്റ് കൂടിനുള്ളിലേക്കു കടക്കാൻ പോലുമാകില്ല. സൂക്ഷിച്ചു നിന്നില്ലെങ്കിൽ ടവർ അടക്കം പൊളിഞ്ഞു താഴെ വീഴും.
ഇരുട്ടിൽതപ്പിത്തടഞ്ഞ്
ജംക്ഷനിൽ ഇതുവരെ വഴിവിളക്ക് സ്ഥാപിച്ചിട്ടില്ല.
മേൽപാലത്തിലെ വിളക്കുകളും 7 മാസമായി തെളിയുന്നില്ല. അടിപ്പാതയിൽ വാഹനങ്ങൾ കൂട്ടിയിടിക്കുന്ന സ്ഥിതി. ഇരുട്ടിൽ അടിപ്പാത തിരിച്ചറിയാനാവില്ല.
സീബ്രാ ലൈൻ വരയ്ക്കാൻ പോലും ഇതുവരെ ആയില്ല. സിഗ്നൽ ലൈറ്റുകളും നോക്കുകുത്തി.
മനസ്സുവച്ചാൽ സൂപ്പറാക്കാം
മേൽപാലത്തിന് അടിഭാഗം പ്രയോജനപ്പെടുത്തിയാൽ പൊലീസ് കൺട്രോൾ റൂം, എയ്ഡ് പോസ്റ്റ്, പൊതു ശുചിമുറി, ട്രാഫിക് ഐലൻഡ്, ടേക് എ ബ്രേക്ക് എന്നിവ സ്ഥാപിക്കാനാകും.
അടിപ്പാതയിൽ ട്രാഫിക് ഐലൻഡിന് നിർദേശം ഉയർന്നെങ്കിലും നടപടി ആയില്ല. മരട് നഗരസഭയുടെ കഴിഞ്ഞ 3 വർഷത്തെ ബജറ്റിലും കുണ്ടന്നൂർ അടിപ്പാത പ്രയോജനപ്പെടുത്താനുള്ള നിർദേശം ഇടം നേടിയിരുന്നു. എന്നാൽ എൻഎച്ച്എഐ അനുമതി കിട്ടിയില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]