പെരുമ്പാവൂർ ∙ തെരുവിൽ അലയുന്നവർക്ക് അഭയം നൽകുന്ന കൂവപ്പടി ബത്ലഹം അഭയഭവൻ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപകയും പ്രസിഡന്റുമായ മേരി എസ്തപ്പാൻ (67) അന്തരിച്ചു. സംസ്കാരം പിന്നീട്.
വാഹനാപകടത്തെ തുടർന്ന് 2 മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2025 ഓഗസ്റ്റ് 6ന് അടൂരിനു സമീപമാണ് അപകടമുണ്ടായത്.
അഭയഭവന്റെ ആവശ്യത്തിന് മന്ത്രി എം.ബി. രാജേഷിനെ കാണുന്നതിന് കാറിൽ പോകുമ്പോൾ നിയന്ത്രണം വിട്ടു മറിഞ്ഞായിരുന്നു അപകടം.
ആദ്യം അടൂരിലും പിന്നീട് കൊച്ചിയിലെ ആശുപത്രിയിലും ചികിത്സയിലായിരുന്നു.
അങ്കമാലി കവരപ്പറമ്പ് മേനാച്ചേരി ഉറുമീസിന്റെയും മറിയത്തിന്റെയും മകളായ മേരി വിവാഹ ശേഷമാണ് കൂവപ്പടിയിലെത്തുന്നത്. 3 മക്കളുടെ അമ്മയായി കഴിയുമ്പോഴാണ് 1998ൽ വീടിനോടു ചേർന്ന് ബത്ലഹം അഭയഭവൻ തുടങ്ങിയത്. ആരോരുമില്ലാതെ തെരുവിൽ അലയുന്നവരെയും മനോദൗർബല്യമുള്ളവരെയും സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം.
ഒരു അന്തേവാസിക്ക് അഭയം നൽകി ആരംഭിച്ച സ്ഥാപനത്തിൽ നൂറുകണക്കിന് അഭയാർഥികളെത്തി. ചിലർ അഭയഭവനിൽ മരിച്ചു.
മറ്റു ചിലരെ ബന്ധുക്കളെ കണ്ടെത്തി തിരികെ ഏൽപിച്ചു.
സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയായിരുന്നു പ്രവർത്തനം. കഴിഞ്ഞ 27 വർഷമായി 5000ത്തിലധികം തെരുവിലെ മക്കൾക്ക് അഭയം നൽകി.
നിലവിൽ 400ൽപരം പേർക്കു സംരക്ഷണം നൽകുന്നുണ്ട്.കാരുണ്യ രംഗത്തെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാർ 2017ലെ പ്രഥമ അക്കാമ ചെറിയാൻ വനിതാ രത്ന പുരസ്കാരം നൽകി.
കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ അവാർഡ്, മഹാത്മാ ഫുലെ നാഷനൽ എക്സലൻസി അവാർഡ്, ഗാന്ധിഭവൻ സ്മാരക അവാർഡ്, സർവോദയം കുര്യൻ അവാർഡ്, മർത്ത മറിയം പുരസ്കാരം തുടങ്ങിയവയും ലഭിച്ചു. മക്കൾ: നിഷ എസ്തപ്പാൻ, അനു എസ്തപ്പാൻ, ബിനു എസ്തപ്പാൻ. മരുമക്കൾ: സെൻസി (കൂരൻ, അങ്കമാലി), ടിന അനു, ടീന ബിനു.
P.12 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]