കൊല്ലം / കൊച്ചി ∙ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബോട്ട് മുങ്ങി കാണാതായവരിൽ എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തിനു(22) പുറമേ കൊല്ലം തേവലക്കര സ്വദേശിയും. തേവലക്കര നടുവിലക്കര ഗംഗയിൽ പി.പി.രാധാകൃഷ്ണൻ– ഷീല ദമ്പതികളുടെ മകൻ ശ്രീരാഗ് രാധാകൃഷ്ണനെയാണ് (35) കാണാതായത്.
ഇവർക്കൊപ്പമുണ്ടായിരുന്ന കോന്നി സ്വദേശി ആകാശ് ബോട്ടിൽനിന്നു തെറിച്ചു പോയതിനാൽ നീന്തി രക്ഷപ്പെട്ടു. അപകടത്തിൽ 3 ഇന്ത്യക്കാർ മരിച്ചു.
ശ്രീരാഗിനും ഇന്ദ്രജിത്തിനും പുറമേ 3 ഇന്ത്യക്കാരെക്കൂടി കാണാതായിട്ടുണ്ട്.
ബെയ്റാ തുറമുഖത്തിനു സമീപം വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. സ്കോർപിയോ മറൈൻ കമ്പനിയുടെ ഇലക്ട്രോ ടെക്നിക്കൽ ഓഫിസറാണ് ശ്രീരാഗ്.
എണ്ണ ടാങ്കറായ സീ ക്വസ്റ്റ് എന്ന കപ്പലിൽ ജോലിയിൽ പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജൻസിയുടെ ബോട്ട് മുങ്ങിയാണ് അപകടം. ബോട്ടിൽ 14 ഇന്ത്യക്കാരുണ്ടായിരുന്നു.
ശ്രീരാഗ് കപ്പൽ ജോലിയിൽ പ്രവേശിച്ചിട്ട് 7 വർഷമായി. ഭാര്യ ചുനക്കര സ്വദേശി ജിത്തു.
മക്കൾ: അതിഥി, അനശ്വർ.
പിറവം വെളിയനാട് പോത്തംകുടിലിൽ കെ.എൻ.സന്തോഷിന്റെയും ഷീനയുടെയും മകൻ ഇന്ദ്രജിത്തിന് കപ്പലിന്റെ പുറംപാളികളിൽ സുരക്ഷാ പരിശോധന നടത്തുന്ന ജോലിയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ കപ്പലിൽ ജോലി ചെയ്യുന്ന സന്തോഷ് നാളെ നാട്ടിൽ എത്തിയേക്കും.
പ്രതികൂല കാലാവസ്ഥ ഉണ്ടായിട്ടും തിരച്ചിൽ ഊർജിതമായി നടക്കുന്നതായി കമ്പനി അധികൃതർ വീട്ടുകാരെ അറിയിച്ചു.
കാണാതായവരുടെ വീട്ടുകാരുമായി ബന്ധപ്പെടുന്നുണ്ടെന്നും എല്ലാവിധ സഹായങ്ങളും നൽകുമെന്നും മൊസാംബിക്കിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]