
കൊച്ചി ∙ ചിലവന്നൂർ കായൽ നവീകരണത്തിന് 8.4 കോടി രൂപയുടെ പദ്ധതി ഉടൻ ആരംഭിക്കും. കനാൽ പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണു ചിലവന്നൂർ കായൽ നവീകരിക്കുന്നത്.
കായലിലെ മുഴുവൻ ചെളിയും കോരി വൃത്തിയാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. കായൽ പുനരുജ്ജീവനത്തിന്റെ ഭാഗമായുള്ള മറ്റൊരു പദ്ധതിയായ ബണ്ട് റോഡ് പാലം നിർമാണം പൂർത്തിയായതായി മേയർ എം. അനിൽകുമാർ അറിയിച്ചു.
38.17 കോടി രൂപ ചെലവിലാണ് ഈ പദ്ധതി നടപ്പാക്കിയത്. പാലം നിർമാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് ഉൾപ്പെടെയുള്ളവ പൂർത്തിയാകാനുണ്ട്.ബണ്ട് റോഡ് പാലം പണി നടക്കുന്നതിനാൽ ബണ്ട് റോഡ് വഴിയുള്ള ഗതാഗതം ഒരു വർഷത്തിലേറെയായി പൂർണമായി നിരോധിച്ചിരിക്കുകയാണ്.
ഇതിനൊപ്പം ചിലവന്നൂർ കായലിന്റെ തീരം സൗന്ദര്യവൽക്കരിക്കാനുള്ള പദ്ധതി കിഫ്ബിയുടെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
കനാലിന്റെ തീരത്തു വോക്വേയും പൊതുയിടങ്ങളും ഒരുക്കുന്നതുമാണു പദ്ധതി. എളംകുളത്തു കൂടുതൽ ശേഷിയുള്ള ശുചിമുറി മാലിന്യ പ്ലാന്റിന്റെ നിർമാണവും ആരംഭിക്കും. ജല അതോറിറ്റി നടപ്പാക്കുന്ന പദ്ധതിക്ക് 341.97 കോടി രൂപയാണു ചെലവ്. കനാൽ പുനരുജ്ജീവന പദ്ധതിയിലുൾപ്പെടുന്ന മാർക്കറ്റ് കനാൽ നവീകരണവും ഉടൻ ആരംഭിക്കും.
കിഫ്ബി ഫണ്ടിൽ നിന്ന് 28.77 കോടി രൂപ പദ്ധതിക്കു ലഭിക്കും. കലൂർ സ്റ്റേഡിയം മുതലുള്ള വെള്ളമൊഴുകിയെത്തുന്നതു ചിലവന്നൂർ തോട്ടിലേക്കും അതുവഴി കായലിലേക്കുമാണ്.
തോടിനു കുറുകെ സുഭാഷ് ചന്ദ്രബോസ് റോഡിലുള്ള ചെട്ടിച്ചിറ പാലം ഏറെ ഇടുങ്ങിയതാണ്. അതു വലുപ്പം കൂട്ടി പുനർ നിർമിക്കാൻ 4.51 കോടി രൂപ ചെലവഴിക്കും.കനാൽ പുനരുജ്ജീവന പദ്ധതിയുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പൊതുജനങ്ങളുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി യോഗം ചേരുമെന്നു മേയർ അറിയിച്ചു. മന്ത്രി പി.
രാജീവും കൊച്ചി മെട്രോയുടെയും കോർപറേഷന്റെയും പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. 6 കനാലുകൾ നവീകരിച്ചു ജലഗതാഗത യോഗ്യമാക്കാനുള്ള കനാൽ പുനരുജ്ജീവന പദ്ധതിക്കു മൊത്തം 3716 കോടി രൂപയാണു ചെലവ്. 100 കോടി രൂപയുടെ പ്രവൃത്തികൾ ഈ വർഷം പൂർത്തീകരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു മേയർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]