അമ്പലമുകൾ∙ റിഫൈനറിയിലെ തീപിടിത്തത്തെത്തുടർന്ന് വീടു വിട്ടുപോയ അയ്യൻകുഴി സ്വദേശികളുടെ പുനരധിവാസക്കാര്യത്തിൽ 10 ദിവസത്തിനു ശേഷവും തീരുമാനമായില്ല. ഇപ്പോൾ ചോറ്റാനിക്കരയിലെ സ്വകാര്യ ലോഡ്ജിൽ റിഫൈനറിയുടെ ചെലവിലാണ് ഇവരുടെ താമസം. തീപിടിത്തത്തെ തുടർന്ന് കഴിഞ്ഞ 9ന് കലക്ടറും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയെത്തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 10 ദിവസത്തിനകം കമ്പനി അധികൃതരുമായി ചർച്ച നടത്തിയ ശേഷം ചീഫ് സെക്രട്ടറിതല ചർച്ച നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടിയായില്ല.
കഴിഞ്ഞ ദിവസം കലക്ടറെ കണ്ട
നാട്ടുകാർ, ഒരു കാരണവശാലും അയ്യൻകുഴിയിലേക്ക് തിരിച്ചു പോകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. അയ്യൻകുഴിയിലെ താമസം ജീവന് അപകടമാണെന്നും അവർ അറിയിച്ചിരുന്നു.
നിലവിലുള്ള വീടുകൾ വാസയോഗ്യമാണോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി മലിനീകരണ നിയന്ത്രണ ബോർഡ് വീടുകളിൽ നിന്ന് വായു ശേഖരിച്ചിരുന്നെങ്കിലും അതിന്റെ റിപ്പോർട്ടും പുറത്ത് വന്നിട്ടില്ല.ഇതേത്തുടർന്ന് 23നകം ഉന്നതതല ചർച്ച നടക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
കൊച്ചിൻ റിഫൈനറിയുടെയും എച്ച്ഒസിയുടെയും മതിലുകൾക്കുള്ളിൽ ഒൻപതര ഏക്കർ സ്ഥലത്താണ് അയ്യൻകുഴിയിലെ ജനവാസ മേഖല. ഇവിടെ താമസിക്കുന്ന 42 കുടുംബങ്ങൾ അന്തരീക്ഷ മലിനീകരണത്തിനെതിരെ വർഷങ്ങളായി ശക്തമായ സമരത്തിലാണ്.
അയ്യൻകുഴിയിലെ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ നടപടി വേണമെന്ന് കോടതി മുൻപ് ആവശ്യപ്പെട്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ സർക്കാരോ കമ്പനികളോ വേണ്ട നടപടികൾ സ്വീകരിക്കാൻ ഇതുവരെ തയാറായിട്ടില്ലെന്നാണ് ആക്ഷേപം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]