കൊച്ചി ∙ കൊച്ചി– ധനുഷ്കോടി ദേശീയപാതയുടെ നേര്യമംഗലം മുതൽ വാളറ വരെ വനത്തിനുള്ളിലൂടെ പോകുന്ന 15 കിലോമീറ്റർ ദൂരം വനം അല്ലെന്നു ഡീ റിസർവ് ചെയ്തുള്ള തിരുവിതാംകൂർ സർക്കാരിന്റെ 1936 ലെ ഉത്തരവ് പുറത്ത്. തിരുവിതാംകൂർ സർക്കാരിനു വേണ്ടി ദിവാൻ സി.
പി. രാമസ്വാമി അയ്യരാണ് ഉത്തരവിറക്കിയിട്ടുള്ളത്.
ഇതു മറച്ചുവച്ചാണ് അഡീഷനൽ ചീഫ് സെക്രട്ടറി , ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിന്റെ തീരുമാനത്തിനു വിരുദ്ധമായി കോടതിയിൽ സത്യവാങ്മൂലം നൽകിയത്.ഇത്തരമൊരു ഉത്തരവ് ഇല്ലെന്നതിന്റെ അടിസ്ഥാനത്തിലാണു കഴിഞ്ഞ ദിവസം ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ കോടതി തടഞ്ഞത്.
അനുവദിച്ചതിലേറെ പ്രവർത്തനങ്ങൾ നടക്കുന്നെങ്കിൽ അതു നിർത്താൻ ചീഫ് സെക്രട്ടറി നടപടിയെടുക്കണമെന്നാണു ഉത്തരവ്. റോഡിന്റെ ഇരുവശവും റിസർവ് വനമാണെന്ന സർക്കാർ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണു ഇതുസംബന്ധിച്ചു കോടതിയിൽ ഹർജി വന്നത്.1924 ലെ പ്രളയത്തിൽ മൂന്നാറിലേക്കുള്ള പഴയ രാജപാത ഒലിച്ചുപോയപ്പോൾ തിരുവിതാംകൂർ മഹാരാജാവാണു നേര്യമംഗലം– വാളറ– അടിമാലി വഴി മൂന്നാറിലേക്കു പുതിയ റോഡുണ്ടാക്കിയത്.
വാഹനങ്ങൾ കുറവായതിനാൽ 30 അടി വീതിയിലാണു റോഡ് നിർമിച്ചതെങ്കിലും റോഡിനു വേണ്ടി 15 കിലോമീറ്റർ ദൂരം 100 അടി വീതിയിൽ സ്ഥലം ഒഴിച്ചിട്ടിരുന്നു.
കാലക്രമത്തിൽ ഇതു വനഭൂമി പോലെയാകുകയും വനമാണെന്നു വനം വകുപ്പു കണക്കാക്കുകയും ചെയ്തു.കൊച്ചി– ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായി ഇൗ റോഡ് 10 മീറ്റർ വീതിയിൽ ടാർ ചെയ്തു വികസിപ്പിക്കാനുള്ള നീക്കമാണു വനം വകുപ്പിന്റെ എതിർപ്പുമൂലം തടസ്സപ്പെട്ടത്. 2024 മേയിൽ ഇതു സംബന്ധിച്ചു ഹൈക്കോടതിയിൽ കേസ് വന്നപ്പോൾ, നിലവിലുള്ള റോഡിന്റെ മധ്യഭാഗത്തു നിന്ന് ഇരുവശത്തേക്കും 50 അടി വീതിയിൽ റോഡ് വികസനത്തിനു പുറമ്പോക്ക് ഭൂമിയുണ്ടെന്നു കോടതി കണ്ടെത്തിയിരുന്നു.
പിന്നീടു പൊതുതാൽപര്യ ഹർജിയിൽ സർക്കാരിനോടു സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ ഇതു പുറമ്പോക്ക് ആണെന്നു യോഗ തീരുമാനമായി മിനിറ്റ്സ് ചെയ്തു.
എന്നാൽ ചീഫ് സെക്രട്ടറിക്കു വേണ്ടി അഡീഷനൽ ചീഫ് സെക്രട്ടറി, ഇതു വനമാണെന്നും ഡീ റിസർവ് ചെയ്ത ഉത്തരവില്ലെന്നുമാണു സത്യവാങ്മൂലം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണു കോടതി ഉത്തരവ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]