
മെട്രോ മീഡിയനിൽ ടൈൽ വിരിക്കുന്നത് വഞ്ചന: നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കളമശേരി ∙ കെഎംആർഎൽ മീഡിയനിൽ ടൈൽ വിരിക്കാനും കോൺക്രീറ്റ് ചെയ്യാനുള്ള നടപടിയുമായി മുന്നോട്ടുപോകുന്നതു വിശ്വാസ വഞ്ചനയും ചതിയുമാണെന്നു കേരള നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ അഭിപ്രായപ്പെട്ടു. മെട്രോ തൂണുകൾക്കിടയിലെ മീഡിയൻ സ്ഥലത്തും മെട്രോ സ്റ്റേഷനുകളിലും പൂന്തോട്ടവും ഹരിതമതിലും ഹരിത റിബണും സൃഷ്ടിക്കുമെന്നും പദ്ധതി പരിസ്ഥിതി സൗഹൃദമാണെന്നും പ്രഖ്യാപിച്ചാണു കൊച്ചി മെട്രോ പദ്ധതിക്കു ജനപിന്തുണയും കേന്ദ്ര-കേരള പരിസ്ഥിതി മന്ത്രാലയം, മറ്റു ഫണ്ടിങ് ഏജൻസികൾ എന്നിവയിൽ നിന്നും അനുമതി നേടിയത്. ഡൽഹി മെട്രോ റെയിൽ കോർപറേഷൻ, കെഎംആർഎൽ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിയ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടുകളിലും കെഎംആർഎൽ പത്രക്കുറിപ്പുകളിലും ഇതു വ്യക്തമാക്കിയിട്ടുണ്ട്.
പദ്ധതിയുടെ ആദ്യ നാളുകളിൽ മെട്രോമാൻ ഇ.ശ്രീധരൻ ഇക്കാര്യങ്ങൾ അടിവരയിട്ട് ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതിക്കായി ഡിഎംആർസി കൊച്ചി സർവകലാശാലയുമായി ചേർന്നു നടത്തിയ പരിസ്ഥിതി ആഘാത പഠനത്തിൽ മീഡിയനിൽ തിരഞ്ഞെടുക്കേണ്ട ചെടികളുടെ ലിസ്റ്റ് പോലും നൽകിയിട്ടുണ്ട്. പദ്ധതിക്കായി ആയിരക്കണക്കിന് മരങ്ങളാണ് മുറിച്ചത്. അതിന് പകരം മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന വാഗ്ദാനം കെഎംആർഎൽ നടപ്പാക്കിയില്ല. കൊച്ചി നഗരം കോൺക്രീറ്റ് കാടായി വളരുകയും വാഹന പെരുപ്പം സംഭവിക്കുകയും നഗരാസൂത്രണം അനുസരിച്ചുള്ള നഗരത്തിലെ ആളോഹരി മരങ്ങളുടെ എണ്ണം ക്രമാതീതമായി താഴുകയും ചെയ്തിരിക്കുന്ന ഈ സമയത്തു നഗരത്തിലെ പ്രാണവായു കുറയാനുള്ള സാഹചര്യം നിലനിൽക്കുന്നു.
അർബൻ ഹരിത വൽക്കരണത്തിനു പകരം കെഎംആർഎൽ പരിസ്ഥിതി ആഘാത പഠനത്തിന്റെ നിർദേശത്തിൽ നിന്നു പിൻവലിയുന്നത് ജനദ്രോഹപരവും നിയമലംഘനവുമാണ്. ഇതു കൊച്ചി നിവാസികൾക്കുള്ള പ്രാണവായു നിഷേധിക്കലാണ്. കെഎംആർഎൽ മീഡിയനിൽ നടത്താൻ പോകുന്ന നിർമാണ പ്രവർത്തനങ്ങളിൽ നിന്നു പിന്മാറണമെന്നു കേരള നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് ഡോ.സി.എം.ജോയി , സെക്രട്ടറി എൽ.ആർ.വിശ്വനാഥൻ എന്നിവർ ആവശ്യപ്പെട്ടു.