
എന്റെ കേരളം മെഗാ പ്രദർശന, വിപണന മേള കൊച്ചി മറൈൻ ഡ്രൈവിൽ 23 വരെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാർട്ടി അധികാരത്തിലിരുന്നപ്പോൾ നടപ്പാക്കാൻ കഴിയാത്ത കാര്യങ്ങളാണ് എറണാകുളം ജില്ലയിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയതെന്നു മന്ത്രി പി.രാജീവ് പറഞ്ഞു. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയിട്ടും സർക്കാർ ജീവനക്കാർക്കു ശമ്പളമോ, ക്ഷേമ പെൻഷനോ മുടങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന, വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെല്ലാനത്തു കടൽക്കയറ്റം തടയാനുള്ള ടെട്രാപോഡ് പദ്ധതി, ബ്രഹ്മപുരത്തെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതി, വാട്ടർ മെട്രോ തുടങ്ങി ഒട്ടേറെ പദ്ധതികൾ ജില്ലയിൽ നടപ്പാക്കി. കനാൽ നവീകരണത്തിനായുള്ള 3716 കോടി രൂപയുടെ പദ്ധതി, നഗരത്തിലേക്കു കൂടുതൽ വെള്ളമെത്തിക്കാൻ ആലുവയിലെ 190 ദശലക്ഷം ലീറ്റർ ശേഷിയുള്ള ജല ശുദ്ധീകരണ പദ്ധതി, മറൈൻഡ്രൈവ് എക്സ്റ്റൻഷൻ പദ്ധതി എന്നിവയ്ക്ക് അനുമതി നൽകി. ഐബിഎമ്മും ടിസിഎസും ഉൾപ്പെടെ ലോകോത്തര ഐടി കമ്പനികൾ കൊച്ചിയിൽ വലിയ നിക്ഷേപം നടത്താനൊരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
കെ.ജെ. മാക്സി എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ എം.അനിൽകുമാർ, ആന്റണി ജോൺ എംഎൽഎ, കലക്ടർ എൻ.എസ്.കെ. ഉമേഷ്, സബ് കലക്ടർ കെ.മീര, കോർപറേഷൻ സ്ഥിര സമിതി അധ്യക്ഷൻ വി.എ. ശ്രീജിത്, അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് വിനോദ് രാജ്, പിആർഡി റീജനൽ ഡപ്യൂട്ടി ഡയറക്ടർ നിജാസ് ജ്യുവൽ, ജില്ല ഇൻഫർമേഷൻ ഓഫിസർ എൻ.ബി.ബിജു, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ.നജീബ് എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ ലൈഫ് മിഷൻ പദ്ധതി വഴി ഭവന നിർമാണം പൂർത്തിയാക്കിയ 5 ഗുണഭോക്താക്കൾക്കു വീടിന്റെ താക്കോലും ഭൂരഹിതരായ 5 പേർക്കു ഭൂമിയുടെ ആധാരവും കൈമാറി. 23 വരെ നീണ്ടു നിൽക്കുന്ന മേളയിൽ വിവിധ സർക്കാർ വകുപ്പുകളുടെ 194 സ്റ്റാളുകൾ ഉൾപ്പെടെ മൊത്തം 276 സ്റ്റാളുകളുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിഭവങ്ങൾ ലഭ്യമാകുന്ന ഭക്ഷ്യമേള, വൈകുന്നേരങ്ങളിൽ സംഗീത നിശ എന്നിവയുമുണ്ട്. രാവിലെ 10 മുതൽ രാത്രി 9 വരെയാണു പ്രദർശനം. പ്രവേശനം സൗജന്യം.
വിവിധ വകുപ്പുകളുടെ സ്റ്റാളുകളിലെ പരിപാടികൾക്കു പുറമേ കുട്ടികൾക്കുള്ള ആക്ടിവിറ്റി സോണുകൾ, പൊലീസ് ഡോഗ് ഷോ, എഐ പ്രദർശനം, ടെക്നോ ഡെമോ ഏരിയ, മിനി തിയറ്റർ, സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയും മേളയിലുണ്ട്.