കൊച്ചി ∙ സാനിറ്ററി മാലിന്യം സംസ്കരിക്കാനായി മേഖല തലത്തിൽ ഇൻസിനറേറ്റർ സ്ഥാപിക്കാൻ ബ്രഹ്മപുരത്തെ ഒരേക്കർ ഭൂമി ക്ലീൻ കേരള കമ്പനിക്കു കൈമാറാൻ സർക്കാർ നിർദേശം. സംസ്ഥാനത്ത് 4 മേഖലകളിലാണു പ്രതിദിനം 20 ടൺ ശേഷിയുള്ള സാനിറ്ററി മാലിന്യം സംസ്കരിക്കാൻ കഴിയുന്ന ഇൻസിനറേറ്റർ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്. പൊതു– സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ചുമതല ക്ലീൻ കേരള കമ്പനിക്കാണ്.
കൊട്ടാരക്കര (കൊല്ലം), മൂവാറ്റുപുഴ (എറണാകുളം), കുറ്റിപ്പുറം (മലപ്പുറം), കടന്നപ്പള്ളി (കണ്ണൂർ) എന്നിവിടങ്ങളിലാണ് ഇൻസിനറേറ്റർ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്.
എന്നാൽ മൂവാറ്റുപുഴയിൽ ഉചിതമായ സ്ഥലം പദ്ധതിക്കായി കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണു ബ്രഹ്മപുരത്തു കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി പരിഗണിച്ചത്.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു ബ്രഹ്മപുരത്തു കോർപറേഷൻ മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ട്. അതിൽ ഭാവി വികസനത്തിനായി മാറ്റിവച്ച സ്ഥലത്തിൽ നിന്നാണ് ഇൻസിനറേറ്റർ പദ്ധതിക്കായി ഭൂമി വിട്ടു നൽകാൻ നിർദേശിച്ചിട്ടുള്ളത്.
ബ്രഹ്മപുരത്തു കോർപറേഷൻ സ്വന്തം നിലയിൽ ഇൻസിനറേറ്റർ പദ്ധതി നടപ്പാക്കുന്നുണ്ട്.
പ്രതിദിനം 3 ടൺ ശേഷിയുള്ള പ്ലാന്റ് നിർമാണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. ഇതിനോടു ചേർന്നുള്ള ഒരേക്കർ സ്ഥലമാണു പദ്ധതിക്കു വേണ്ടി കൈമാറാൻ നിർദേശിച്ചിട്ടുള്ളത്.
കൊച്ചി കോർപറേഷനിൽ അധികമായി ഉണ്ടാകുന്ന സാനിറ്ററി മാലിന്യം സംസ്കരിക്കാൻ മേഖല തല ഇൻസിനറേറ്ററിൽ മുൻഗണന നൽകണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
കൈമാറേണ്ട ഭൂമിയുടെ അതിർത്തി നിർണയിക്കാനും ശുചിത്വ മിഷനുമായും ക്ലീൻ കേരള കമ്പനിയുമായും കൂടിയാലോചിച്ചു ഭൂമി കൈമാറാനും കോർപറേഷൻ സെക്രട്ടറിക്കു തദ്ദേശ വകുപ്പ് നിർദേശം നൽകി.
ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ചെയർമാനും ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ കൺവീനറുമായ സമിതിക്കാണു പദ്ധതി നടപ്പാക്കുന്നതിന്റെയും മേൽനോട്ടത്തിന്റെയും ചുമതല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]