
വൈപ്പിൻ∙ ഗോശ്രീ ദ്വീപുകളിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമായി സമാന്തര പാലങ്ങളും തീരദേശ പാതയും അടിയന്തരമായി നിർമിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാഗ് വിളിച്ചു ചേർത്ത യോഗത്തിൽ ആവശ്യമുയർന്നു. ഗോശ്രീ ഒന്നും മൂന്നും പാലങ്ങൾക്കുള്ള സമാന്തര പാലങ്ങളും തീരദേശ റോഡും അടിയന്തരമായി നിർമാണം ആരംഭിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. ഇതിനു മുന്നോടിയായി എംഎൽഎയുടെയും മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടേയും രാഷ്ട്രീയ നേതൃത്വത്തിന്റെയും സാന്നിധ്യത്തിൽ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് വിഷയം ബോധ്യപ്പെടുക്കണമെന്നും നിർദേശമുയർന്നു.
ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കിയേക്കാവുന്ന മുനമ്പം– അഴീക്കോട് പാലം ഉദ്ഘാടനത്തിനു മുൻപ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കണം.
കണ്ടെയ്നർ ടെർമിനലിലേക്കും ടെർമിനലിൽ നിന്നു പുറത്തേക്കുമുള്ള കണ്ടെയ്നർ നീക്കത്തിന്റെ മൂന്നിലൊന്നെങ്കിലും റെയിൽ മാർഗമാക്കിയാൽ റോഡിലുള്ള ലോറികളുടെ എണ്ണവും അതുവഴി ഗതാഗതക്കുരുക്കും കുറയ്ക്കാൻ കഴിയുമെന്ന് യോഗം ചൂണ്ടിക്കാട്ടി. വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന കളമശ്ശേരി-വല്ലാർപാടം റെയിൽവേ ലൈൻ യാത്രാവണ്ടികൾ ഓടിക്കാനായി ഉപയോഗിക്കാവുന്നതാണ്.
വല്ലാർപാടത്ത് ഒരു റെയിൽവേ സ്റ്റേഷൻ നിർമിച്ച് ആലുവ-വല്ലാർപാടം റൂട്ടിൽ ഒരു മെമു സർവീസ് ആരംഭിക്കുന്നതിനുള്ള സാധ്യതകളും ആരായണം.
പുക്കാട് നിന്ന് കണ്ടെയ്നർ റോഡിലേക്ക് നിർദേശിക്കപ്പെട്ടിട്ടുള്ള പാലത്തിന്റെ നിർമാണം വേഗത്തിലാക്കുക, കായലോരപാത ഗൗരവമായി പരിഗണിക്കുക, വാട്ടർ മെട്രോയ്ക്ക് കൂടുതൽ ജെട്ടികൾ നിർമിച്ച് പ്രവർത്തനം വിപുലപ്പെടുത്തുക, കൊച്ചി മെട്രോ വൈപ്പിനിലേക്ക് നീട്ടുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉയർന്നു.
ഫ്രാഗ് പ്രസിഡന്റ് വി.പി.സാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ് വിഷയാവതരണം നടത്തി.
സിപിഎം വൈപ്പിൻ ഏരിയ സെക്രട്ടറി എ.പി.പ്രിനിൽ, സിപിഐ പ്രതിനിധി കെ.എൽ.ദിലീപ്കുമാർ ,യുഡിഎഫ് ചെയർമാൻ വി.കെ.ഇക്ബാൽ, ബിജെപി നേതാവ് മഹേഷ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിൽ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ.എ.സാജിത്ത്, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.അക്ബർ,
എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല, നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം, ജില്ലാ പഞ്ചായത്ത് അംഗം എം.ബി.ഷൈനി, ടി.ജി.വിജയൻ കെ.കെ.തമ്പി, എ.എസ്.ശ്യാം കുമാർ, ഇ.കെ.അഷറഫ്, സിപ്പി പള്ളിപ്പുറം, ബെന്നി പി.നായരമ്പലം, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണൻ, വേലായുധൻ, ജോസി പി.തോമസ്, എൻ.ജി.രതീഷ്, ബിജോയ് ഭാസ്കർ, ഫ്രാഗ് നേതാക്കളായ സേവി താണിപ്പിള്ളി,പി.കെ.മനോജ് എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]