
മൂവാറ്റുപുഴ∙ ഭൂമി ഏറ്റെടുക്കലിനു ഭീമമായ തുക ഉൾപ്പെടുത്തി നൽകിയ പദ്ധതി റിപ്പോർട്ട് മരവിപ്പിച്ചതിനെ തുടർന്ന് അനിശ്ചിതത്വത്തിലായ കോതമംഗലം, മൂവാറ്റുപുഴ ബൈപാസുകൾക്ക് പുതിയ ഡിപിആർ തയാറാക്കാൻ ടെൻഡർ ക്ഷണിച്ചു. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ടെൻഡർ നടപടികൾ ആരംഭിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. മൂവാറ്റുപുഴ, കോതമംഗലം നഗരങ്ങളിലായി ആകെ 15 കിലോമീറ്റർ നീളത്തിൽ രണ്ടുവരി പാതയായാണു ബൈപാസുകൾ വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിനുള്ള കൺസൽറ്റൻസി സേവനങ്ങൾക്കു വേണ്ടിയാണു ടെൻഡർ ക്ഷണിച്ചിട്ടുള്ളത്.
നേരത്തെ ബൈപാസ് നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കലിനായി 575 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നു 50% തുക ഭൂമി ഏറ്റെടുക്കലിനായി എൻഎച്ച്എഐ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന സർക്കാർ അതിന് തയാറായില്ല. പിന്നീട് ഭൂമി ഏറ്റെടുക്കൽ തുക 375 കോടി രൂപയായി പുനർ നിശ്ചയിച്ചു. എന്നാൽ 375 കോടി രൂപയിൽ കൂടുതൽ വന്നാൽ ആ തുക സംസ്ഥാനം വഹിക്കണം എന്ന് കേന്ദ്ര ഉപരിതല മന്ത്രാലയം നിലപാട് സ്വീകരിച്ചപ്പോഴും സംസ്ഥാനം ഇതിനോടു അനുകൂല നിലപാട് സ്വീകരിച്ചില്ല.
ഇതോടെ 2024 ഡിസംബർ 7ന് 3 എ വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞു.ഡീൻ കുര്യാക്കോസ് എംപി പാർലമെന്റിൽ ഉൾപ്പെടെ വിഷയം ഉന്നയിക്കുകയും കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുമായി നേരിൽ കണ്ട് ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.
തുടർന്ന് മുഖ്യമന്ത്രി ഉൾപ്പെടെ നടത്തിയ ചർച്ചകൾക്കു ശേഷമാണ് പദ്ധതി പുനരുജ്ജീവിപ്പിക്കാൻ തീരുമാനമായത്. പദ്ധതിയുടെ ജിഎസ്ടി, റോയൽറ്റി തുകയിൽ ഇളവു വരുത്തിയാൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ കേന്ദ്ര സർക്കാർ മുഴുവൻ തുകയും മുടക്കി റോഡ് വികസനം പൂർത്തീകരിക്കാമെന്നു ധാരണയിൽ എത്തുകയായിരുന്നു.
കൊച്ചി – ധനുഷ്കോടി റോഡിന്റെ ഭാഗമായുള്ള ഈ ബൈപാസുകൾ പൂർത്തിയാകുന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]