കാക്കനാട്∙ സീപോർട്ട് എയർപോർട്ട് റോഡിന്റെ വശങ്ങളിൽ ആഴത്തിൽ രൂപപ്പെട്ട വൻ ഗർത്തങ്ങൾ അപകടഭീഷണി ഉയർത്തുന്നു. റോഡിന്റെ പല ഭാഗങ്ങളിലും ടാർ ചെയ്ത ഭാഗവും വശങ്ങളിലെ പ്രതലവും തമ്മിൽ രണ്ടടി വരെ വ്യത്യാസം വരും വിധമാണ് ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് ജംക്ഷൻ മുതൽ ഓലിമുകൾ വരെയാണ് അപകട ഭീഷണി കൂടുതൽ.
രാത്രിയാണ് വാഹനങ്ങൾ റോഡു വക്കിലെ ഗർത്തത്തിൽ കുടുങ്ങുന്നത്.
ഇരുചക്ര വാഹനങ്ങളാണ് ഇതിൽ അകപ്പെടുന്നതിൽ കൂടുതലും. വലിയ വാഹനങ്ങളുടെ ചക്രങ്ങൾ ഈ ഗർത്തങ്ങളിൽ അകപ്പെട്ടാൽ മുന്നോട്ട് പോക്ക് അസാധ്യം.
വാഹനത്തിരക്കേറുമ്പോൾ റോഡു വക്കിലേക്ക് ഒതുക്കുന്ന ഇരുചക വാഹനങ്ങളിലെ യാത്രക്കാർ കാലു കുത്താൻ ശ്രമിക്കുമ്പോഴാണ് ഗർത്തത്തിലേക്ക് വീഴുന്നത്. മഴ പെയ്യുമ്പോൾ റോഡു വക്കിലെ ഗർത്തത്തിലൂടെ വെള്ളമൊഴുകി കനാൽ പോലെ രൂപപ്പെടുന്നു.
കുഴികൾക്കു ദിവസം ചെല്ലുംതോറും വ്യാപ്തി കൂടി വരികയാണ്.കുഴികളിലേക്ക് വീഴുന്ന ഇരുചക്ര വാഹനങ്ങൾ കാൽനടക്കാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് പൊക്കിയെടുക്കുന്നത്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ഗർത്തത്തിന്റെ വ്യാപ്തി കൂടാനും അപകടം പെരുകാനും സാധ്യതയുണ്ട്.സീപോർട്ട് എയർപോർട്ട് റോഡിൽ കാൽനടയാത്രികർക്കു സഞ്ചരിക്കാൻ ഭൂരിഭാഗം ഇടങ്ങളിലും നടപ്പാത ഇല്ലാത്തതും പ്രശ്നമാണ്.
ദിവസേന നൂറു കണക്കിനു പേർ വന്നുപോകുന്ന കലക്ടറേറ്റ് ജംക്ഷനിലൂടെയും കേരള മീഡിയ അക്കാദമിയുടെ മുൻപിലൂടെയുമുള്ള യാത്രയാണ് ഏറെ ദുഷ്കരം.മെട്രോ നിർമാണം തുടങ്ങിയതോടെ ക്ലേശം കൂടി.
പ്രത്യേക സാമ്പത്തിക മേഖലയിലെ ജീവനക്കാർക്കു റോഡിലൂടെ നടന്നു പോകാൻ പറ്റാത്ത സ്ഥിതിയാണ്. ഏകദേശം പതിനയ്യായിരത്തോളം ജീവനക്കാരുള്ള ഇവിടെ നിന്ന് ഒട്ടേറെ പേർ കാൽനടയായാണ് കാക്കനാട് ജംക്ഷനിലേക്കും മറ്റും പോകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]