മയൂർ വിഹാർ ഫേസ് 3 ∙ മയൂർ വിഹാറിൽ മലയാളികളെ ലക്ഷ്യമിട്ടുള്ള മോഷണം കൂടുന്നതായി പരാതി. 2 ആഴ്ച മുൻപ് മലയാളിയുടെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന സംഭവത്തിനു പിന്നാലെ ബുധനാഴ്ച പുലർച്ചെ ഫേസ് 3ലെ ധർമശാസ്താ ക്ഷേത്രത്തിൽ കാവൽക്കാരെ പൂട്ടിയിട്ട
ശേഷം കാണിക്കവഞ്ചി കുത്തിപ്പൊളിക്കാനും ശ്രമമുണ്ടായി. പോക്കറ്റ് 2 ലെ റോഡരുകിൽ നിന്ന വിദ്യാർഥിനിയുടെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ചോടിയത് കഴിഞ്ഞമാസം അവസാനം.
പ്രദേശത്ത് മലയാളി വീടുകൾ ലക്ഷ്യമിട്ട് മോഷ്ടാക്കൾ ചുറ്റിക്കറങ്ങുന്നുണ്ടെന്ന് റസിഡന്റ്സ് അസോസിയേഷനുകൾ പറയുന്നു. പല തവണ പൊലീസിൽ വിവരമറിയിച്ചിട്ടും കള്ളനെ പിടിക്കാൻ ശ്രമവുമുണ്ടായില്ലെന്നു അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.
എന്തുകൊണ്ട് മലയാളികൾ?
കഴിഞ്ഞ 29നാണു പോക്കറ്റ് എ3 ഡിഡിഎ ഫ്ലാറ്റിൽ താമസിക്കുന്ന അജിത് കുമാറിന്റെ വീട് കുത്തിത്തുറന്ന് 5 പവൻ സ്വർണവും പണവും മൊബൈൽ ഫോണും കവർന്നത്.
അജിത്തും ഭാര്യയും പുറത്ത് നടക്കാൻ പോയപ്പോഴായിരുന്നു മോഷണം. മുൻപ് പലപ്പോഴും മലയാളികളുടെ വീടുകളിൽ മോഷണമുണ്ടായെന്നും പ്രദേശത്തുള്ളവർ പറയുന്നു.
മലയാളികൾ വീട്ടിൽ സ്വർണവും പണവും സൂക്ഷിക്കുന്നവരാണെന്ന ചിന്തയിലാണ് കള്ളന്മാരെത്തുന്നതെന്നാണ് സൂചന. ഉത്തരേന്ത്യക്കാരെ അപേക്ഷിച്ച് കൂടുതൽ സ്വർണാഭരണങ്ങൾ ധരിച്ച് പുറത്തിറങ്ങുന്നതും മലയാളികളാണ്.
ഡിഡിഎ ഫ്ലാറ്റുകളിൽ വാടകയ്ക്ക് താമസിക്കുന്നവരാണ് മലയാളികളിലേറെയും എന്നതിനാൽ വീടുകളുടെ സുരക്ഷയിലും കാര്യമായ പോരായ്മകളുണ്ട്. ഡിഡിഎ ഫ്ലാറ്റുകളിലെ മിക്ക ഇരുമ്പു വാതിലുകളുടെ പൂട്ടുകളും ഒറ്റ താക്കോലുകൊണ്ട് തുറക്കാൻ സാധിക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.
ചെറുകിട
കള്ളന്മാർ?
പ്രദേശത്ത് ആവർത്തിക്കുന്ന മോഷണ സംഭവങ്ങൾക്ക് പിന്നിൽ ആസൂത്രിത കവർച്ച സംഘങ്ങളില്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശത്ത് ഇതുവരെ നടന്നതായി അറിവു ലഭിച്ച 8 മോഷണക്കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും വിരളടയാള വിദഗ്ധർ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ടെന്നും ഗാസിപുർ പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ധർമശാസ്താ ക്ഷേത്രത്തിൽ നടന്ന മോഷണ ശ്രമമടക്കമാണ് ഇത്രയും കേസുകൾ. മോഷണങ്ങൾക്കു പിന്നിൽ ചെറുകിട
കള്ളൻമാരാണെന്നും പ്രദേശത്തുതന്നെയുള്ളവരാകാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു. എന്നാൽ എന്തുകൊണ്ടാണ് ഒരു കേസിൽ പോലും പ്രതികളെ പിടികൂടാത്തതെന്ന നാട്ടുകാരുടെ ചോദ്യത്തിന് പൊലീസിന് മറുപടിയില്ലതാനും.
സ്റ്റേഷനിലെ ആൾക്ഷാമവും കേസുകളുടെ ബാഹുല്യവും മറ്റുമാണ് കാലതാമസത്തിനുള്ള കാരണമായി പൊലീസുകാർ പരാതിക്കാരോട് പറയുന്നത്.
പിന്നിൽ മദ്യവും ലഹരിമരുന്നും ?
മയൂർ വിഹാർ ഫേസ് 3 പ്രദേശത്തെ മദ്യക്കടയെയും സുഗമമായി ലഭിക്കുന്ന ലഹരി മരുന്നിനെയുമാണ് നാട്ടുകാർ പ്രതിസ്ഥാനത്തു നിർത്തുന്നത്. മദ്യപിച്ച ശേഷം റോഡരുകിൽ നിന്ന് അതുവഴി നടക്കുന്നവരെ ആക്രമിക്കാൻ ശ്രമിച്ച സംഭവങ്ങളും ഫോൺ തട്ടിപ്പറിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ടെന്ന് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നു.
പരസ്യമായ മദ്യപാനത്തിനെതിരെ പലതവണ പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ലെന്നും ഇവർ പറയുന്നു. ലഹരിക്ക് അടിമകളായ ആളുകൾ ഇതിനു പണം കണ്ടെത്തുന്നതിനായി മോഷണം നടത്തുന്നതാവാമെന്നും ഇത്തരക്കാർക്ക് കൂച്ചുവിലങ്ങിട്ടാൽ തന്നെ പ്രദേശത്ത് സമാധാനമുണ്ടാകുമെന്നും നാട്ടുകാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]