അരൂർ∙ വീടും കൂടുമില്ലാതെ വഴിയോരങ്ങളിൽ അന്തിയുറങ്ങുന്ന തെരുവു മക്കൾക്ക് ഒരു നേരത്തെ പൊതിച്ചോറു നൽകി ചേർത്തു പിടിക്കുകയാണു തെരുവോരം വുമൻ എംപവർമെന്റ് ഗ്രൂപ്പ്. തുറവൂർ പഞ്ചായത്തിൽ ഇന്ദു രമേഷിന്റെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മയുളളത്. പള്ളുരുത്തി സ്വദേശിയായ ഇന്ദു കൺസ്യൂമർ ഫെഡിലെ ഉയർന്ന ജോലി രാജിവച്ചാണ് വയർ എരിയുന്നവരുടെ കണ്ണീരൊപ്പാൻ വനിതകളുടെ കൂട്ടായ്മയുണ്ടാക്കിയത്.
2010ലാണു ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വനിതകള കണ്ടെത്തി തെരുവോരം വുമൺ എംപവർമെന്റ് ഗ്രൂപ്പിനു തുടക്കമിട്ടത്.
വിധവകളടക്കമുള്ള നിരാലംബരായ സ്ത്രീകൾക്ക് തൊഴിലും നിശ്ചിതമായ വരുമാനവും ഒപ്പം ജീവകാരുണ്യത്തിന്റെ വലിയ പാഠങ്ങളുമാണ് ഇവരുടെ കരുത്ത്. ഒരു പതിറ്റാണ്ടു പിന്നിടുമ്പോൾ പ്രതിദിനം നൂറു മുതൽ മുന്നൂറു വരെ പൊതിച്ചോർൾ ഉണ്ടാക്കി കൊച്ചി നഗരത്തിന്റെ ഓരങ്ങളിൽ എത്തിക്കുന്നു.
എരമല്ലൂർ, കോടംതുരുത്ത്, തുറവൂർ, പട്ടണക്കാട് എന്നീ പഞ്ചായത്തുകളിലുള്ളവരാണു കൂട്ടായ്മയിലുളളത്.
ഇവർ രാവിലെ 9 നു തുറവൂർ പഞ്ചായത്തിലെ തെരുവോരം ഓഫിസിലെത്തി ഭക്ഷണമൊരുക്കുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ഓട്ടോറിക്ഷയിൽ എറണാകുളം നഗരത്തിലേക്കു തിരിക്കും.
വൈറ്റില, കെഎസ്ആർടിസി സ്റ്റാൻഡ്, ജോസ് ജംക്ഷൻ, സൗത്ത് റെയിൽവേ സ്റ്റേഷൻ, കച്ചേരിപ്പടി, ടൗൺ ഹാൾ, നോർത്ത് റെയിൽവേ സ്റ്റേഷൻ, കലൂർ, തോപ്പുംപടി എന്നിവിടങ്ങളിൽ ഭക്ഷണമെത്തിക്കും. സുമനസ്സുകളുടെ കരുതലാണ് ഇക്കാലമത്രയും മുടക്കമില്ലാതെ തെരുവുമക്കൾക്കു ഭക്ഷണമെത്തിക്കാൻ തുണയാകുന്നതെന്ന് ഇന്ദു രമേഷ് പറഞ്ഞു.
എംബിഎ ബിരുദധാരിയായ ഇവർ നിയമ പഠനം പൂർത്തിയാക്കി കൂടുതൽ കരുത്തോടെ സ്ത്രീകളുടെയും നിരാലംബരുടെയും പ്രശ്നങ്ങളിലേക്ക് ഇറങ്ങാനുള്ള ശ്രമങ്ങളിലാണ്.
ഇതിന്റെ ഭാഗമായി അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, കടക്കരപ്പള്ളി എന്നീ പഞ്ചായത്തുകളിൽ ഒന്നിലേറെ തവണ വിവിധ തൊഴിൽ പരിശീലന ക്യാംപുകൾ നടത്തി. ഏതാനും വർഷം മുൻപ് സ്ത്രീകളുടെ നേതൃത്വത്തിൽ അരൂർ പള്ളി ജംക്ഷൻ, കലൂർ, കതൃക്കടവ്, കെഎസ്ആർടിസി സ്റ്റാൻഡ്, കാക്കനാട് എന്നിവിടങ്ങളിൽ വഴിയോര ഭക്ഷണശാലകൾ തുറന്നിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തോടെ ഇവ ഇല്ലാതായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]