
പറവൂർ ∙ ചേന്ദമംഗലം ഗവ.എൽപി സ്കൂളിൽ ചൊവ്വാഴ്ച വിദ്യാർഥികൾക്കു നൽകിയതു പഴകിയ അരിയുടെ ഉച്ചഭക്ഷണമാണെന്നു പരാതി. ഏതാനും ചില കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ രക്ഷിതാക്കൾ ഇന്നലെ പരാതിയുമായി സ്കൂളിലെത്തി. വിദ്യാലയത്തിൽ സൂക്ഷിച്ചിരുന്ന അരിച്ചാക്കുകൾ പരിശോധിച്ചപ്പോൾ പുഴുവിനെയും ഉച്ചിനെയും കണ്ടെത്തി.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്കൂളിലെത്തി അരി സൂക്ഷിച്ചിരുന്ന ഗോഡൗൺ പൂട്ടുകയും കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു.
സ്കൂളിന് പുറത്തു സമരം ചെയ്യണമെന്ന് ഏതാനും ഡിവൈഎഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടതു തർക്കത്തിനിടയാക്കി. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ദുർഗന്ധവും മറ്റും ഉണ്ടായതിനാൽ ചൊവ്വാഴ്ച നൽകിയ ഉച്ചഭക്ഷണം പല കുട്ടികളും പൂർണമായി കഴിച്ചില്ലെന്നു രക്ഷിതാക്കൾ പറഞ്ഞു.
വയറിന് അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഏതാനും ചില വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി. സപ്ലൈകോയിൽ നിന്നു വിദ്യാലയത്തിൽ എത്തിച്ച അരിച്ചാക്കുകളിൽ വിളവെടുപ്പു നടത്തിയ ‘ക്രോപ് ഇയർ’ 2023 – 2024 എന്നു മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.
പാക്ക് ചെയ്ത മാസവും തീയതിയും എക്സ്പയറി തീയതിയും ഇല്ല.
ജൂണിൽ കൊണ്ടുവന്ന അരിയും ഒരാഴ്ച മുൻപ് എത്തിച്ച അരിയും സ്കൂളിൽ ഉണ്ടായിരുന്നു. ജൂണിൽ കൊണ്ടുവന്ന അരിക്ക് നിറവ്യത്യാസമുണ്ട്.
സ്കൂളിലെത്തിയ ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ എല്ലാ അരിച്ചാക്കുകളും പരിശോധിക്കുകയും ജൂണിൽ കൊണ്ടുവന്ന അരി മോശമാണെന്നു വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, കുറച്ചു നാളുകൾക്കു മുൻപ് ഈ സ്കൂളിലെ ഒരു ക്ലാസിൽ തന്നെ ഇരുപതിൽപരം വിദ്യാർഥികൾ ഒരു ദിവസം അവധിയെടുത്തപ്പോൾ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധ ഉണ്ടായതായി പ്രചാരണം നടന്നിരുന്നു. പനിയും മറ്റും ബാധിച്ചാണ് ഇത്രയേറെ വിദ്യാർഥികൾ വരാതിരുന്നതെന്നാണ് സ്കൂൾ അധികൃതർ അന്ന് അറിയിച്ചത്. ജൂൺ 27 ന് സ്കൂളിലെ അരിയുടെ സാംപിൾ പരിശോധിച്ച ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട് രേഖാമൂലം സ്കൂളിനു നൽകുകയും ചെയ്തു. അതേ അരി തന്നെയാണ് മോശമാണെന്ന് ഇന്നലെ അവർ പറഞ്ഞത്.
ഭക്ഷണത്തിന് ദുർഗന്ധം ഉണ്ടെന്നു ചൊവ്വാഴ്ച സ്കൂളിൽ നിന്നു തന്നെ ഭക്ഷണം കഴിച്ച അധ്യാപകർക്കു വ്യക്തമായിട്ടും വിദ്യാർഥികൾക്ക് അതു നൽകുന്നത് ഒഴിവാക്കിയില്ലെന്ന ആക്ഷേപവും രക്ഷിതാക്കൾ ഉന്നയിച്ചു.
പ്രശ്നം രൂക്ഷമായതോടെ പുറത്തു നിന്നു അരി വാങ്ങിയാണ് ഇന്നലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകിയത്. എന്നാൽ, ദുർഗന്ധം എന്നതു റേഷൻ അരിയുടേതായ മണമായിരുന്നെന്നും ഭക്ഷണം കഴിച്ചപ്പോൾ കാര്യമായ പ്രശ്നം തോന്നിയില്ലെന്നും ദുർഗന്ധം തോന്നിയ അരിയുടെ ചോറ് കുട്ടികൾക്കു കൊടുക്കാതെ മാറ്റിയിരുന്നെന്നുമാണ് സ്കൂളിലെ പ്രധാനാധ്യാപിക പറയുന്നത്.
ഇന്നത്തേക്ക് ഉച്ചഭക്ഷണം തയാറാക്കാനുള്ള പുതിയ അരി സപ്ലൈകോ അധികൃതർ ഇന്നലെ വൈകിട്ടോടെ സ്കൂളിൽ എത്തിച്ചിട്ടുണ്ട്.
ഉച്ചഭക്ഷണത്തിനായി വിതരണം നടത്തിയ അരിയിൽ പുഴുവിനെയും ഉച്ചിനെയും കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഫ്രാൻസിസ് വലിയപറമ്പിലും ചേന്ദമംഗലം മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മനോഹറൂം ആവശ്യപ്പെട്ടു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂളിനെ തകർക്കാനുള്ള ചില നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അതിനെ പ്രതിരോധിക്കുമെന്നും കുട്ടികൾക്ക് ഗുണമേൻമയുള്ള ഭക്ഷണം നൽകുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]