
കൊച്ചി ∙ വൈറ്റില ജംക്ഷനിലെ ഗതാഗതക്കുരുക്കഴിക്കാൻ 1.5 കോടി രൂപയുടെ പ്രവൃത്തികൾ നടപ്പാക്കും. മന്ത്രി പി.
രാജീവിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന യോഗത്തിലാണു തീരുമാനം.വൈറ്റില ഗതാഗത പരിഷ്കാരത്തിനു ട്രാഫിക് പൊലീസ് തയാറാക്കിയ വിശദ പ്ലാനും പിന്നീട് ഗതാഗത വകുപ്പ് നടപ്പാക്കിയ പ്ലാനും കൂട്ടിച്ചേർത്തുള്ള പരിഷ്കാരമാവും ജംക്ഷനിൽ നടപ്പാക്കുക. 1.5 കോടി രൂപ റോഡ് സുരക്ഷ അതോറിറ്റിയിൽ നിന്നു ലഭ്യമാക്കും. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ഇതിന്റെ എസ്റ്റിമേറ്റ് തയാറാക്കി.
വർക്ക് ടെൻഡർ ചെയ്യാൻ ഒരു മാസം വേണം. കരാർ ഉറപ്പിച്ചാൽ ഒരു മാസം കൊണ്ടു പൂർത്തിയാക്കും.എസ്എ റോഡിൽ നിന്നുള്ള വാഹനങ്ങൾക്കും തൃപ്പൂണിത്തുറ റോഡിൽ നിന്നുള്ള വാഹനങ്ങൾക്കും വേഗത്തിൽ ജംക്ഷൻ കടന്നുപോകാൻ പാകത്തിലാണു പരിഷ്കാരം.
ഇതോടെ ഇൗ 2 റോഡുകളിലും വാഹനങ്ങളുടെ നിര കുറയും. ∙ പാലാരിവട്ടം ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും തൃപ്പൂണിത്തുറ റോഡിലേക്കു കടക്കുന്നതു മൊബിലിറ്റി ഹബ് വഴിയായിരിക്കും.
നിലവിലെ റോഡിൽ നിന്നു ഹബ്ബിലേക്കുള്ള പുതിയ റോഡ് നിർമിക്കും.അവിടെ ഉപേക്ഷിച്ചിട്ടിരിക്കുന്ന ക്രെയിൻ ഇതിനായി മാറ്റണം. വൈറ്റില ക്ഷേത്രത്തിനു സമീപത്തെ റോഡിലൂടെ വാഹനങ്ങൾ പുറത്തേക്കു പോകണം.
∙ വൈറ്റില മേൽപാലത്തിന്റെ അടിയിൽ , പാലത്തിന്റെ അത്രതന്നെ വീതിയിൽ കോൺക്രീറ്റ് ചെയ്ത സെന്റർ മീഡിയൻ ഇരുവശത്തും 2 മീറ്റർ വരെ വീതിയിൽ 80 മീറ്റർ നീളത്തിൽ പോളിക്കും.
പാലാരിവട്ടം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ഇതുവഴി ഹബ്ബിലേക്ക് ഫ്രീ ലെഫ്റ്റ് കിട്ടും. പാലാരിവട്ടം, തമ്മനം ഭാഗത്തേക്കും ഫ്രീ യു ടേണും കിട്ടും.
80 മീറ്റർ നീളത്തിൽ ഇരുവശത്തുമായി 4 മീറ്റർ റോഡ് കൂടുതൽ കിട്ടുന്നതോടെ വാഹനങ്ങളുടെ നീക്കം എളുപ്പമാവും.
∙ പവർ ഹൗസ് സ്റ്റോപ്പിലെ ബസ് സ്റ്റോപ് ക്രമീകരിക്കും. തൃപ്പൂണിത്തുറ റോഡിൽ നിന്നു എസ്എ റോഡിലേക്കുള്ള വാഹനങ്ങളുടെ നീണ്ട
നിര ഒഴിവാക്കാൻ ഹബ് എക്സിറ്റ് മുതൽ വൈറ്റില ജംക്ഷൻ വരെ പടിഞ്ഞാറോട്ടുള്ള ട്രാക്കിന്റെ വീതി കൂട്ടും. കൂടുതൽ വാഹനങ്ങളെ ഇവിടെ ഹോൾഡ് ചെയ്യാം.
ജംക്ഷനിൽ ട്രയാംഗിൾ മീഡിയന്റെ മൂല അരിയും. കുന്നറ പാർക്ക് മുതൽ വൈറ്റില വരെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം ഓവർടേക്കിങ് ആണ്.
ഇവിടെ മീഡിയൻ വേർതിരിക്കും.
∙ എസ്എ റോഡിലെ തിരക്കാണ് വൈറ്റിലയിലെ ഏറ്റവും ഗുരുതര പ്രശ്നം. ജംക്ഷനിലേക്കു വാഹനങ്ങൾ കടക്കുന്ന ഭാഗത്തെ വീതി വെറും 4 മീറ്ററാണ്.
ഒരു ഭാഗത്തു ബഹുനില കെട്ടിടമാണെന്നതിനാൽ ഇനി ഇവിടെ വീതികൂട്ടാൻ കഴിയില്ല. ഇൗ കുപ്പിക്കഴുത്തിനും ജംക്ഷനും ഇടയിലുള്ള ഭാഗത്തു പരമാവധി വാഹനങ്ങൾ ഹോൾഡ് ചെയ്ത് , സിഗ്നൽ ലഭിക്കുമ്പോൾ ഒന്നിച്ചു കടത്തിവിടുകയെന്നതാണു പരിഹാരം.
ജംക്ഷൻ മീഡിയന്റെ ട്രയാംഗിളുകൾ അരിഞ്ഞും വീതിയുള്ള മീഡിയൻ മുറിച്ച് ഹബ്ബിലേക്കു പുതിയൊരു പ്രവേശന മാർഗം ഉണ്ടാക്കിയും കൂടുതൽ വാഹനങ്ങൾ കടത്തിവിടാം. ഒറ്റ സിഗ്നലിൽ ഹബ്ബിലേക്കും തൃപ്പൂണിത്തുറ റോഡിലേക്കും കുണ്ടന്നൂർ ഭാഗത്തേക്കും വാഹനങ്ങൾ കടന്നുപോകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]