
പറവൂർ ∙ തകർന്നു തരിപ്പണമായ ദേശീയപാത – 66 നന്നാക്കാത്തതിനെതിരെ പറവൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. പറവൂർ മുതൽ കോട്ടപ്പുറം വരെയുള്ള റോഡിന്റെ ദുരവസ്ഥ കാരണം സമയക്രമം പാലിച്ചു വണ്ടി ഓടിച്ചെത്തിക്കാൻ കഴിയുന്നില്ലെന്നു ബസ് തൊഴിലാളികൾ പറയുന്നു.
മുനമ്പം കവലയിൽ ബുധൻ രാവിലെ ഒരു ബസ് ബ്രേക് ഡൗൺ ആയി. കുര്യാപ്പിള്ളി ഭാഗത്ത് ദേഹത്തു വെള്ളം തെറിച്ചെന്ന കാരണത്താൽ ഇരുചക്രവാഹന യാത്രികൻ ബസ് ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിക്കാൻ ശ്രമിച്ചു.
ഒഴിഞ്ഞു മാറിയതിനാലാണ് ഡ്രൈവർ രക്ഷപ്പെട്ടത്.
കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞ റോഡിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിലും പ്രതിഷേധിച്ച് ബുധനാഴ്ച 11 മണിയോടെയാണ് ബസ് സർവീസുകൾ നിർത്തിയത്. പറവൂരിൽ നിന്നു കൊടുങ്ങല്ലൂരിലേക്ക് സർവീസ് നടത്തുന്ന മുപ്പതോളം സർവീസുകൾ നിലച്ചത് യാത്രക്കാരെയും പ്രതിസന്ധിയിലാക്കി.
പറവൂർ മുതൽ കൊടുങ്ങല്ലൂർ വരെ ഓടിയെത്താൻ സ്വകാര്യ ബസിന് 30 മിനിറ്റാണ് അനുവദിച്ചിരിക്കുന്ന സമയം.
എന്നാൽ, റോഡിന്റെ നിലവിലെ അവസ്ഥ കാരണം 50 മിനിറ്റിലേറെ സമയമെടുക്കുന്നു. പറവൂർ പാലം മുതൽ കോട്ടപ്പുറം പാലം വരെ റോഡ് തകർന്നു കിടക്കുകയാണ്.
കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ കൊടുങ്ങല്ലൂരിൽ എത്തിയാൽ 5 മിനിറ്റിനകം തന്നെ തിരിച്ചു പറവൂരിലേക്കുള്ള സർവീസ് തുടങ്ങേണ്ടി വരുന്നു. ഇതു ബസിൽ യാത്രക്കാരുടെ എണ്ണം കുറയാൻ കാരണമാകുന്നുണ്ട്.
ദേശീയപാത ഒഴിവാക്കി ഇടവഴിയിലൂടെ പോയാൽ എതിർവശത്തു നിന്നു ബസ് വന്നാൽ ചെറിയ വഴി ഗതാഗതക്കുരുക്കിലാകും.
ഒരു തരത്തിലും സർവീസ് നടത്താൻ കഴിയാത്ത സ്ഥിതിയിലേക്കാണു കാര്യങ്ങൾ പോകുന്നതെന്നും തകർന്നു കിടക്കുന്ന റോഡിൽ വാഹനാപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയുള്ളതിനാൽ എത്രയും വേഗം റോഡ് നവീകരിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും ബസ് തൊഴിലാളികൾ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]