
കുണ്ടന്നൂർ ∙ ജംക്ഷനിൽ ഇന്നലെ മുതൽ നടപ്പാക്കിയ ഗതാഗത പരിഷ്കരണം പാളി. വടക്കോട്ട് കണ്ണാടിക്കാട് കഴിഞ്ഞും കിഴക്കോട്ട് മിനി ബൈപാസ് ജംക്ഷൻ വരെയും വാഹന നിര നീണ്ടു.
കുഴപ്പമില്ലാതെ പോയിരുന്ന ഗതാഗതമാണ് ഒറ്റ ദിവസത്തെ പരിഷ്കാരത്താൽ താറുമാറായത്. വൈറ്റില ഭാഗത്തു നിന്ന് തേവരയ്ക്കുള്ള വാഹനങ്ങൾ കാന്താരി ബാറിനു സമീപത്തെ അടിപ്പാതയിലൂടെ തിരിച്ചു വിട്ടതോടെയാണ് എല്ലാം തകരാറിലായത്. നേരത്തേ ഈ വാഹനങ്ങൾ പ്രധാന അടിപ്പാതയിലൂടെയാണ് പോയിരുന്നത്.
വൈകിട്ടത്തെ സ്വാഭാവിക തിരക്ക് മാത്രമേ ഈ സംവിധാനത്തിൽ ഉണ്ടായിരുന്നുള്ളൂ.
പരിഷ്കാരം തുടങ്ങിയപ്പോൾ തന്നെ മരട് ഭാഗത്തേക്ക് വാഹന നിരയായി. രാവിലെ പത്തരയോടെ മൂർധന്യത്തിലെത്തിയ കുരുക്ക് രാത്രി ആയിട്ടും അഴിഞ്ഞില്ല.
കുണ്ടന്നൂരിൽ നിന്ന് മരട് പള്ളിനടയിൽ എത്താൻ 20 മിനിറ്റിലേറെ എടുത്തതോടെ ഓട്ടോ ഡ്രൈവർമാർ ഓട്ടം എടുക്കാതെ വീട്ടിലേക്കു മടങ്ങി. ഓട്ടോ സ്റ്റാൻഡ് ഇതോടെ ശൂന്യമായി. മഴയത്ത് തിരക്കിൽ പെട്ട് കുഴികൾ അറിയാതെ ഒട്ടേറെ ഇരുചക്ര വാഹന യാത്രികർ അപകടത്തിൽ പെട്ടതും സ്ഥിതി രൂക്ഷമാക്കി.
തകർന്ന റോഡും മഴയും
∙ ടൈൽ ഇളകി കുണ്ടും കുഴിയുമായ സർവീസ് റോഡിലേക്കാണ് വാഹനങ്ങൾ വഴി തിരിച്ചു വിട്ടത്.
റോഡിലെ വെള്ളം കെട്ടി കിടക്കുന്ന കുഴികൾ കണ്ട് വാഹനങ്ങൾ ബ്രേക്കിടുന്നതോടെയാണ് ഗതാഗതക്കുരുക്ക് തുടങ്ങിയത്. ഇതോടെ പ്രധാന അടിപ്പാതയിലൂടെയും വാഹനങ്ങൾക്കു പോകാൻ പറ്റാതായി.
നിർത്താതെ പെയ്ത മഴയും സ്ഥിതി രൂക്ഷമാക്കി.
നഗരസഭാധ്യക്ഷൻ കത്തയച്ചു
∙ അശാസ്ത്രീയ ട്രാഫിക് പരിഷ്കാരങ്ങൾക്കു പകരം കുണ്ടന്നൂർ ജംക്ഷനിലെ തകർന്ന റോഡുകൾ നന്നാക്കുകയാണ് വേണ്ടതെന്ന് മരട് നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു. മേൽപാലത്തിനു താഴെയുള്ള റോഡുകൾ വർഷങ്ങളായി തകർന്നു കിടക്കുകയാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർക്കും മന്ത്രി പി.എ.മുഹമ്മദ് റിയാസിനും നഗരസഭാധ്യക്ഷൻ കത്തയച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]