
നിരീക്ഷണ ക്യാമറകൾ മോഷ്ടാക്കൾ ‘അടിച്ചു മാറ്റി’; മോഷണം വൈദ്യുതി ഇല്ലാതിരുന്ന സമയത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വരാപ്പുഴ ∙ മോഷ്ടാക്കളെയും നിയമ ലംഘനം നടത്തുന്നവരെയും കണ്ടെത്താൻ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പാലത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ മോഷ്ടാക്കൾ ‘അടിച്ചു മാറ്റി’ .വരാപ്പുഴ എടമ്പാടം പാലത്തിൽ വാടയ്ക്കകം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്ഥാപിച്ച നാലു ക്യാമറകളിൽ രണ്ടെണ്ണമാണു കഴിഞ്ഞ ദിവസം രാത്രി മോഷ്ടിക്കപ്പെട്ടത്. ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂമിലാണു കണക്ട് ചെയ്തിട്ടുള്ളത്. എന്നാൽ വൈദ്യുതി ഇല്ലാതിരുന്ന സമയം മോഷണം നടത്തിയതിനാൽ മോഷ്ടാക്കളെ കുറിച്ചു കൃത്യമായ തെളിവ് പൊലീസിനു ലഭിച്ചിട്ടില്ല.
വാഹനാപകടങ്ങൾ പതിവായതോടെയാണു റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇവിടെ ക്യാമറകൾ സ്ഥാപിച്ചത്. ഏതാനും മാസങ്ങൾക്കു മുൻപ് ക്യാമറയുടെ കേബിളുകൾ മുറിച്ചിട്ട നിലയിൽ കണ്ടെത്തിയെങ്കിലും ഇതിന്റെ പിന്നിലുള്ളവരെ കണ്ടെത്താനും ഇതുവരെ കഴിഞ്ഞില്ല. ഇൗ സംഘം തന്നെയാണു ക്യാമറ മോഷണത്തിനു പിന്നിലെന്നും സംശയിക്കുന്നതായി അസോസിയേഷൻ പ്രസിഡന്റ് ആൻസൻ ആലപ്പാട്ട് പറഞ്ഞു.
വരാപ്പുഴ, എടമ്പാടം പ്രദേശങ്ങൾ കേന്ദ്രീകരിച്ചു ലഹരി സംഘങ്ങൾ വ്യാപകമാകുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇവിടെയുള്ള സ്കൂളുകളിൽ എത്തുന്ന വിദ്യാർഥികളെ സാമൂഹികവിരുദ്ധർ ശല്യപ്പെടുത്തുന്നത് പതിവായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ തടയാൻ കൂടി ലക്ഷ്യമിട്ടാണു നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. ക്യാമറ മോഷ്ടിച്ചവരെ കണ്ടെത്താൻ നടപടികൾ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു അസോസിയേഷന്റെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകിയതായി ആൻസൻ ആലപ്പാട്ട് പറഞ്ഞു.
മോഷണം പെരുകുന്നു ; പൊലീസ് പട്രോളിങ് ശക്തമാക്കണം
ആലങ്ങാട് ∙ കരുമാലൂർ– ആലങ്ങാട് മേഖല കേന്ദ്രീകരിച്ച് അടിക്കടി മോഷണം നടക്കുന്ന സാഹചര്യത്തിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് ആവശ്യം.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 4 സ്ഥലത്താണു മോഷ്ടാക്കളുടെ സംഘമെത്തിയത്. കൂടാതെ സമീപ പ്രദേശങ്ങളായ കോട്ടുവള്ളി, ആലുവ എന്നീ ഭാഗത്തും മോഷ്ടാക്കളുടെ ശല്യം കൂടുതലാണ്. വഴിയരികിലും വീടിനു മുന്നിലും നിർത്തിയിടുന്ന ബൈക്കുകൾ, സൈക്കിളുകൾ വരെ ഇവർ കടത്തിക്കൊണ്ടു പോകുകയാണ്. കൂടാതെ റോഡരികിൽ വാഹനം നിർത്തിയിട്ടാൽ ബാറ്ററി കാണാതാകുന്നതും നിത്യസംഭവമായിമാറി. ആയുധങ്ങളുമായി മോഷ്ടാക്കൾ കറങ്ങി നടക്കാൻ തുടങ്ങിയതോടെ ജനം ഭീതിയിലാണ്. യുവാക്കളുടെ സംഘമാണു പിന്നില്ലെന്നു സിസിടിവി ദൃശ്യങ്ങളിലുണ്ട്.അതിനാൽ രാത്രികാല പൊലീസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.