
അമ്പട കള്ളാ..! യൂണിയൻ ഓഫിസ് ഗോഡൗണാക്കി മോഷ്ടാവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കളമശേരി / പാലക്കാട്∙ തൊഴിലാളി യൂണിയൻ ഓഫിസ് മോഷണ വസ്തുക്കളുടെ ഗോഡൗണാക്കി മാറ്റി മോഷ്ടാവ്. എച്ച്എംടിയിലെ ഐഎൻടിയുസി യൂണിയനായ എച്ച്എംടി വർക്കേഴ്സ് കോൺഗ്രസിന്റെ യൂണിയൻ ഓഫിസാണു മോഷ്ടാവ് കയ്യേറിയത്. പഴയ താഴ് പൊട്ടിച്ചുകളഞ്ഞു പുതിയ താഴിട്ടു പൂട്ടിയായിരുന്നു മോഷണ വസ്തുക്കൾ സംഭരിച്ചത്. സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നു മോഷ്ടിക്കുന്ന സാധനങ്ങളുടെ സംഭരണ കേന്ദ്രമായാണ് യൂണിയൻ ഓഫിസ് മാറ്റിയത്. യൂണിയൻ പ്രവർത്തകരും നേതാക്കളും ഈ ഓഫിസിലേക്കു അടുത്തകാലത്തു കയറാതിരുന്നതു മോഷ്ടാവിനു തുണയായി.
ഷൊർണൂർ ഗണേശഗിരി സ്കൂളിൽ നിന്ന് ലാപ്ടോപ്പുകളും ചാർജറും ഡിവിആറും മോഷ്ടിച്ച കേസിൽ വൈക്കം, വടക്കുമുറി ഷജാസ് ഭവനിൽ ഷിജാസ് (40) പിടിയിലായതോടെയാണു കളമശേരിയിലെ സംഭരണകേന്ദ്രത്തെക്കുറിച്ച് പൊലീസ് അറിയുന്നത്. ഫെബ്രുവരി 21നു രാത്രിയായിരുന്നു സ്കൂളിന്റെ പൂട്ടു തകർത്ത് 14 ലാപ്ടോപ്പുകളും ചാർജറും ഡിജിറ്റൽ വിഡിയോ റെക്കോർഡറും(ഡിവിആർ) ഷിജാസ് മോഷ്ടിച്ചത്. മോഷണം നടത്തിയ ശേഷം ഉപകരണങ്ങൾ കളമശേരി എച്ച്എംടി കവലയിലെ യൂണിയൻ ഓഫിസിൽ സൂക്ഷിച്ചു.
ഒന്നര മാസത്തോളം കളമശേരി മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ എന്ന പേരിൽ കഴിഞ്ഞു. തുടർന്ന് അതിരുമ്പുഴയിലേക്ക് താമസം മാറ്റി. അവിടെ കുട്ടികളുടെ ആശുപത്രിയിൽ ജീവനക്കാരനായി ഒരു മാസത്തോളം താമസിക്കുമ്പോഴാണ് ഇന്നലെ പുലർച്ചെ 4 മണിയോടെ ഷൊർണൂർ പൊലീസ് പിടികൂടിയത്. ഇയാൾക്ക് പാലക്കാട് ജില്ലയിൽ ഉൾപ്പെടെ സമാന രീതിയിൽ 16 കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതി ഇലക്ട്രോണിക് സാധനങ്ങൾ മാത്രമാണ് മോഷ്ടിക്കുകയെന്നും ആദ്യം സിസിടിവിയുടെ ഡിവിആർ എടുത്തു മാറ്റുകയാണ് രീതിയെന്നും പൊലീസ് വ്യക്തമാക്കി.
ഇന്നലെ ഷിജാസുമായി ഷൊർണൂർ പൊലീസ് കളമശേരിലെത്തി. ലാപ്ടോപ്പുകൾ ചാക്കുകളിൽ കെട്ടിവച്ച നിലയിൽ ഇവിടെ നിന്നു കണ്ടെടുത്തു. ഓഫിസ് മുറിയുടെ താക്കോൽ മോഷ്ടാവിന്റെ പക്കൽ തന്നെയുണ്ടായിരുന്നു. പ്രതിയെ ഗണേശഗിരി സ്കൂളിലെത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തി. ഇൻസ്പെക്ടർ വി. രവികുമാറിന്റെ നിർദേശപ്രകാരം എസ്ഐമാരായ ഡേവി, പി. സേതുമാധവൻ, എഎസ്ഐമാരായ അബ്ദുൽ റഷീദ്, സി. അനിൽകുമാർ, പി. കമലം, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി. റിയാസ്, ടി. സജീഷ്, പി.ജി. അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.