പെരുമ്പാവൂർ ∙ കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുകയാണു ബംഗാളിലും അസമിലും. ഇതു കേരളത്തിന്റെ തൊഴിൽ മേഖലകളിലുണ്ടാക്കുന്നതു ‘കനത്ത തിരിച്ചടി’.
വോട്ടു രേഖപ്പെടുത്താനും അനുബന്ധ രേഖകൾ ചേർക്കാനുമായി കേരളത്തിന്റെ തൊഴിൽ മേഖലയിലെ അവിഭാജ്യഘടകങ്ങളമായ ‘ഭായിമാർ’ അടുത്തമാസം മുതൽ സംസ്ഥാനം വിടും. വോട്ടർപട്ടിക പരിഷ്കരണം, പൗരത്വവിഷയം തുടങ്ങിയവ വടക്കുകിഴക്കൻ മേഖലയിൽ ചൂടൻ വിഷയങ്ങളായതിനാൽ വോട്ട് ചെയ്യേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണു കേരളത്തിന്റെ ‘തൊഴിൽ കൂട്ടുകാർക്ക്’.
തിരക്കു മുന്നിൽകണ്ട് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു തുടങ്ങി.
ഭക്ഷണശാലകൾ, നിർമാണമേഖല, തടി വ്യവസായം, അരിമില്ല്, പാറമട, പ്ലാസ്റ്റിക് വ്യവസായം തുടങ്ങിയവയിലാണ് ഏറ്റവും കൂടുതൽ അതിഥിത്തൊഴിലാളികൾ ജോലിചെയ്യുന്നത്. മെഡിക്കൽ സ്റ്റോറുകൾ ഒഴികെ എല്ലായിടത്തും അതിഥിത്തൊഴിലാളികൾ ജോലിചെയ്യുന്നുവെന്നത് ഇവരുടെ ആവശ്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
ബംഗാളികൾ കൂടുതൽ നിർമാണമേഖലയിലും അസംകാർ തടിമേഖലയിലും കൂലിപ്പണിയിലുമാണ് ഏർപ്പെട്ടിരിക്കുന്നത്.
‘തടികേടാകും’
അതിഥിത്തൊഴിലാളികൾ താൽക്കാലികമായി സംസ്ഥാനം വിടുന്നതോടെ തടി വ്യവസായം, ഹോട്ടൽ വ്യവസായം എന്നീ മേഖലകൾ കഷ്ടപ്പെടും. ഈ രംഗങ്ങളിലാണു ബംഗാൾ, അസം തൊഴിലാളികൾ കൂടുതൽ പണിയെടുക്കുന്നത്.
ആകെയുള്ള അതിഥിത്തൊഴിലാളികളിൽ 25% പേർ പ്ലൈവുഡ് കമ്പനികളിലും അനുബന്ധ തടിവ്യവസായങ്ങളിലുമാണു ജോലി ചെയ്യുന്നതെന്നു സോമിൽ ഓണേഴ്സ് ആൻഡ് മാനുഫാക്ചേഴ്സ് (സോപ്മ) അസോസിയേഷൻ പ്രസിഡന്റ് എം.എം. മുജീബ് റഹ്മാൻ പറഞ്ഞു.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ഇത്തരം പ്രതിസന്ധി സാധാരണമാണ്. ഉൽപാദനം കുറയ്ക്കുകയെന്നതാണ് ഈ കാലത്തു ചെയ്യുന്നത്. മലയാളികളെയും ഒഡീഷ, ബിഹാർ എന്നിവിടങ്ങളിലെ തൊഴിലാളികളെയും ഉപയോഗിച്ചു കമ്പനികൾ പ്രവർത്തിപ്പിക്കും.
ഈ സമയത്ത് ഡിമാൻഡ് കുറവാണ്. ഈ മാസം വളരക്കുറച്ചു തൊഴിലാളികളെ പോയിട്ടുള്ളൂ.
ഇതത്ര പ്രതിസന്ധിയുണ്ടാക്കിയിട്ടില്ല. എന്നാൽ അടുത്ത മാസം മുതൽ കൂട്ടത്തോടെ തൊഴിലാളികൾ പോകുന്നതു വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലാളികൾ തിരിച്ചെത്താൻ 2 മാസം വരെയെടുക്കും.
ബദലില്ല
ഹോട്ടൽ ജോലിക്ക് അതിഥിത്തൊഴിലാളികൾക്കു ബദൽ കണ്ടെത്താൻ കഴിയുന്നില്ലെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു.
ചെറുകിട, ഇടത്തരം ഹോട്ടലുകളെയാണ് ഏറ്റവുമധികം ബാധിക്കുന്നത്. സ്റ്റാർ ഹോട്ടലുകൾക്കു പ്രതിസന്ധിയില്ല.
ഹോട്ടലുകളിൽ 90% അതിഥിത്തൊഴിലാളികളാണ്. ഇവരിൽ ഭൂരിപക്ഷവും അസംകാർ.
ഭായിത്തെരുവ് ശൂന്യം
പ്രാദേശിക വിപണിയിലെ ഏറ്റവും വലിയ ഉപയോക്താക്കളാണ് അതിഥിത്തൊഴിലാളികൾ.
ഇവരെ ലക്ഷ്യമിട്ടാണു പെരുമ്പാവൂർ പിപി റോഡിലെ ഭായിത്തെരുവ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുവരെ ഇവിടെ അതിഥിത്തൊഴിലാളികൾ വരുന്നു.
പെരുമ്പാവൂരിന്റെ സാമ്പത്തിക നെടും തൂണുകളാണ് ഇവരെന്നു സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡവലപ്മെൻറ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനോയ് പീറ്റർ പറഞ്ഞു.
ജില്ലയിൽ ഏറ്റവും കൂടുതൽ ഭായിമാർ പെരുമ്പാവൂരിലാണെന്നാണു കണക്ക്. സംസ്ഥാനത്ത് 15 ലക്ഷം ബംഗാളികളും 12 ലക്ഷം അസംകാരും ഉണ്ടെന്നാണു കണക്ക്.
ബംഗാളിയുടെ ഗൾഫ്
ബംഗാളിയുടെയും അസംകാരുടെയുമെല്ലാം പ്രവാസജീവിതമാണു കേരളത്തിൽ.
വിവിധ സാമ്പത്തിക പഠന റിപ്പോർട്ടുകൾപ്രകാരം അതിഥിത്തൊഴിലാളികൾ കേരളത്തിൽനിന്നു പ്രതിവർഷം സമ്പാദിക്കുന്നത് 60,000 കോടി രൂപ വരെയാണ്. ഇതിൽ പകുതിയോളം ഇവിടെ ചെലവഴിക്കുന്നു.
ആദ്യകാലത്തു പുരുഷൻമാർ ഒറ്റയ്ക്കുവന്നു തൊഴിലെടുക്കുന്ന രീതിയായിരുന്നു. ഇപ്പോൾ കുടുംബസമേതമായാണ് എത്തുന്നത്.
ഭർത്താവും ഭാര്യയും ഒരുമിച്ചു ജോലിയെടുത്തു പണം സമ്പാദിക്കുന്ന തൊഴിൽസംസ്കാരം ഇവർ വളർത്തിയെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

