കൊച്ചി∙ യുഎസ് പൗരനെ ആക്രമിച്ച് പണവും സ്വർണമോതിരവും ഉൾപ്പെടെ 3.10 ലക്ഷം കവർന്ന കേസിൽ 2 പേർ പിടിയിൽ. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ മുളന്തുരുത്തി സ്വദേശി ആദർശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്.
ന്യൂയോർക്കിൽ ഐടി പ്രഫഷനലായ യുഎസ് പൗരൻ ഒഡീഷയിൽ നിന്നുള്ളയാളാണ്. ഇൻഫോപാർക്കിൽ ഐടി കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട
ചർച്ചകൾക്കായാണ് വെള്ളിയാഴ്ച കൊച്ചിയിൽ എത്തിയത്. മറൈൻഡ്രൈവിലെ ഹോട്ടലിലായിരുന്നു താമസം.
തൊട്ടടുത്ത ദിവസം മദ്യം വാങ്ങാൻ ഇറങ്ങിയപ്പോഴാണ് വോട്ടെണ്ണൽ ആയതിനാൽ ബാർ ഉൾപ്പെടെ എല്ലാം അവധിയാണെന്ന് അറിഞ്ഞത്. ഈ സമയം മറൈൻ ഡ്രൈവ് പരിസരത്ത് ചുറ്റിത്തിരിയുകയായിരുന്ന ആദർശ് സഹായത്തിന് എത്തുകയായിരുന്നു.
അനധികൃത മദ്യം വാങ്ങിനൽകിയ ഇയാൾ മദ്യപിക്കാൻ യുഎസ് പൗരനൊപ്പം ഹോട്ടൽ മുറിയിലേക്ക് പോയി.
രാത്രി ഇരുവരും മദ്യപിച്ച് ഉറങ്ങിപ്പോയി. തൊട്ടടുത്ത ദിവസം രാവിലെ കോഴിക്കോട് പോകേണ്ടതിനാൽ യുഎസ് പൗരൻ ഉണർന്നതിനു പിന്നാലെ ആദർശിനെയും വിളിച്ചുണർത്തി.
ആദർശ് സുഹൃത്തായ ആകാശിനെ വിളിച്ചുവരുത്തി യുഎസ് പൗരനെ ബന്ദിയാക്കി മർദിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 75000 രൂപ ഭീഷണിപ്പെടുത്തി മൂന്ന് അക്കൗണ്ടുകളിലേക്ക് അയപ്പിച്ചു.
കൂടാതെ കയ്യിലുണ്ടായിരുന്ന മോതിരവും ഡോളറും എടിഎം കാർഡും തട്ടിയെടുത്തശേഷം മുറി പുറത്തുനിന്നു പൂട്ടി കടന്നുകളഞ്ഞു. എടിഎം കാർഡ് ഉപയോഗിച്ച് നാൽപതിനായിരം രൂപയും ഇവർ പിൻവലിച്ചു.
ഹോട്ടൽ ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
സെൻട്രൽ പൊലീസിന്റെ പരിശോധനയിൽ ഗുണ്ടാ ലിസ്റ്റിൽപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞു.
പേട്ടയിൽ നിന്ന് ആദർശിനെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്. തൊട്ടുപിന്നാലെ ആകാശും പിടിയിലായി.
കൊച്ചി സിറ്റി പൊലീസിന്റെ മിന്നൽ വേഗത്തിലുള്ള ഇടപെടലിന് യുഎസ് പൗരൻ നന്ദി അറിയിച്ചു. പള്ളുരുത്തിയിൽ പൊലീസ് ജീപ്പ് ആക്രമിച്ചതടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആദർശ്.
ആകാശിനെതിരെ അടിപിടി, പിടിച്ചുപറി ഉൾപ്പെടെ പന്ത്രണ്ടോളം കേസുകളുണ്ട്. തട്ടിയെടുത്ത പണവും സ്വർണ മോതിരവും പ്രതികളിൽനിന്നു കണ്ടെത്തി.
സെൻട്രൽ സിഐ അനീഷ് ജോയ്, എസ്ഐ അനൂപ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

