കൊച്ചി ∙ നഗരത്തിലെ കനാൽ നവീകരണ പദ്ധതിക്കു വിദേശ ഏജൻസികളുടെ ധനസഹായം ലഭിക്കാൻ സാധ്യത. ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പരിപാടി (യുനെപ്), ഐസിഎൽഇഐ എന്നീ സംഘടനകളുടെ സഹകരണത്തോടെ കോർപറേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കനാൽ നവീകരണ പദ്ധതിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ശിൽപശാലയിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടന്നു.
തേവര– പേരണ്ടൂർ കനാൽ (ടിപി കനാൽ) നവീകരണമാണു പരിഗണനയിലുള്ളത്
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കനാൽ പുനരുജ്ജീവന പദ്ധതിയിൽ ടിപി കനാൽ നവീകരണം ഉൾപ്പെടുന്നുണ്ട്. കെഎംആർഎൽ നടപ്പാക്കുന്ന പദ്ധതിയുടെ അവസാന ഘട്ടത്തിലാണിത്.
അതിനു മുൻപ് യുനെപിന്റെയും ഐസിഎൽഇഐയുടെയും സഹകരണത്തോടെ പ്രത്യേക പദ്ധതിയായി ടിപി കനാൽ നവീകരണം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു.
കനാൽ നവീകരണത്തിന്റെ ഭാഗമായുള്ള സുവിജ് പ്ലാന്റുകളുടെയും കനാലിന്റെ വശങ്ങളിലൂടെയുള്ള റോഡുകളെയും നിർമാണം നിലവിലുള്ള പദ്ധതി പ്രകാരം കെഎംആർഎൽ നിർവഹിക്കും.
പൊതുജന പങ്കാളിത്തത്തോടെയുള്ള നവീകരണ പ്രവർത്തനങ്ങളാണു പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തുക. കനാലുകളുടെ ജൈവ വൈവിധ്യ സംരക്ഷണത്തിലൂന്നി ജനങ്ങളുടെ മനോഭാവം മാറ്റാനുള്ള ശ്രമങ്ങൾക്കും ഇതിൽ മുൻഗണന നൽകും.
യുനെപിന്റെ നേതൃത്വത്തിൽ ടിപി കനാലിനു വേണ്ടി ജൈവ വൈവിധ്യ കർമ പദ്ധതിയും തയാറാക്കും.
പദ്ധതിക്ക് ആവശ്യമായ വിശദമായ പദ്ധതി രേഖ (ഡിപിആർ) തയാറാക്കാൻ യോഗത്തിൽ ധാരണയായി. മേയർ എം.
അനിൽകുമാർ, യുനെപ് ഇന്ത്യ മേധാവി ഡോ. ബാലകൃഷ്ണ പിസുപതി എന്നിവർ നേരിട്ടും തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി.
അനുപമ ഓൺലൈനായും ചർച്ചകളിൽ പങ്കെടുത്തു.
‘പണ്ടാരച്ചിറ തോടിനുംധനസഹായം ലഭിക്കും’
കൊച്ചിയിലെ പണ്ടാരച്ചിറ തോട് നവീകരണത്തിനു 100 കോടി രൂപയുടെ ഗ്രാന്റ് വിദേശ ഏജൻസികളിൽ നിന്നു ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു.
പണ്ടാരച്ചിറ തോട് നവീകരണത്തിനുള്ള പ്രാരംഭ ജോലികൾ ഐസിഎൽഇഐയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഡിപിആർ ഈയാഴ്ച തയാറാകും.
പണ്ടാരച്ചിറ തോട് നവീകരണം വിജയകരമായി പൂർത്തിയാക്കിയാൽ ഫോർട്ട് കൊച്ചിയിലെ രാമേശ്വരം ബൗണ്ടറി കനാൽ ഉൾപ്പെടെ പശ്ചിമ കൊച്ചിയിലെ മറ്റു കനാലുകളുടെ നവീകരണവും പദ്ധതിയിൽ ഉൾപ്പെടുത്തും.
അടുത്ത 5 വർഷം കൊണ്ടു നഗരത്തിലെ എല്ലാ കനാലുകളും പുനരുജ്ജീവിപ്പിക്കാൻ ഈ പദ്ധതികളിലൂടെ കഴിയും.
നഗരകാര്യ മന്ത്രാലയവും ജിഐസെഡും ചേർന്ന് 28നു ഡൽഹിയിൽ നടത്തുന്ന ഫണ്ടിങ് ഏജൻസികളുടെ ശിൽപശാലയിൽ ഈ പദ്ധതികൾ അവതരിപ്പിക്കും. വെള്ളക്കെട്ട് നിവാരണം, കൊതുക് നിർമാർജനം, ഉൾനാടൻ ജല ഗതാഗത– ടൂറിസം വികസനം എന്നിവയ്ക്ക് ഈ പദ്ധതികൾ സഹായകരമാകുമെന്നു മേയർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]