
പറവൂർ ∙ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതിരുന്നതിനാൽ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ വരാന്തയിൽ കഴിയുകയാണ് ദമ്പതികൾ. മൂത്തകുന്നം ചെട്ടിക്കാട് പുത്തൻപുരയ്ക്കൽ രെജി (60), ഭാര്യ സൈര (54) എന്നിവരാണ് 24 ദിവസമായി ഇങ്ങനെ കഴിയുന്നത്.
ശക്തമായ കാറ്റിനെയും മഴയെയും ഇഴജന്തുക്കളെയും ഭയന്ന് ഉറക്കമൊഴിച്ചിരിക്കുകയാണ് പല രാത്രികളിലും.
വീടു നിർമിക്കാനായി 10 ലക്ഷം രൂപ യൂണിയൻ ബാങ്കിന്റെ പറവൂർ ശാഖയിൽ നിന്നു 2017ലാണ് വായ്പയെടുത്തത്. പലിശയടക്കം 20 ലക്ഷം രൂപയായതോടെ ബാങ്ക് നടപടികളിലേക്ക് നീങ്ങി.
പലവട്ടം ഒറ്റ തവണ തീർപ്പാക്കൽ നടപടിയിലൂടെ ബാങ്ക് സമീപിച്ചെങ്കിലും മോശമായ സാമ്പത്തിക സ്ഥിതി കാരണം പണം കണ്ടെത്താനായില്ല. ജൂലൈ 23ന് ബാങ്ക് അധികൃതരെത്തി ദമ്പതികളെ പുറത്തിറക്കി വീട് സീൽ ചെയ്തു.
ഹൃദയസംബന്ധമായ അസുഖമുള്ള മത്സ്യത്തൊഴിലാളിയായ രെജിക്ക് വാഹനാപകടം സംഭവിച്ചതിനെത്തുടർന്നു തൊഴിലെടുക്കാനാകാത്ത സ്ഥിതിയാണ്.
അങ്കണവാടിയിലെ ഹെൽപ്പറായ സൈരയ്ക്ക് കിട്ടുന്ന ചെറിയ വരുമാനം മാത്രമേയുള്ളൂ. ഇവരുടെ 2 പെൺമക്കൾ വിവാഹം കഴിഞ്ഞു മറ്റിടത്താണ് താമസം. വർഷങ്ങൾക്കു മുൻപു സ്ഥലം വാങ്ങാൻ സമീപത്തെ സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പയും തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ നടപടിയിലാണ്.
സുമനസ്സുകൾ ആരെങ്കിലും സഹായിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ഈ ദമ്പതികൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]