
അങ്കമാലി ∙ ദേശീയപാതയിൽ വൻകുഴികൾ. ബൈക്കുകൾ അപകടത്തിൽ പെടാനുള്ള സാധ്യതകൾ ഏറെ.പാതയുടെ കറുകുറ്റി –അങ്കമാലി റൂട്ടിൽ അരീക്കൽ, കരയാംപറമ്പ്, കോതകുളങ്ങര എന്നിവിടങ്ങളിലാണ് അപകടസാധ്യത ഉയർത്തി വൻകുഴികൾ രൂപപ്പെട്ടിട്ടുള്ളത്.
എളവൂർ കവലയിലെ കയറ്റത്തിൽ റോഡിലെ തടമുഴയിൽ കയറി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചിട്ട് ഏറെ നാളായിട്ടില്ല.
കറുകുറ്റി അരീക്കലിൽ നീണ്ടുനിവർന്ന റോഡിലൂടെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് അരീക്കലിലെ വലിയ കുഴി കാണാനാവില്ല.
ഇവിടെ അപകടസൂചന നൽകിയിട്ടുണ്ട്. രാത്രിയിൽ കാണാനാവില്ല.
അരീക്കൽ മുതൽ എളവൂർ കവല വരെയുള്ള ഭാഗത്ത് റോഡിനു നടുഭാഗത്ത് ഒട്ടേറെ കുഴികൾ വീണിട്ടുണ്ട്.
കരയാംപറമ്പ് സിഗ്നൽ എത്തുന്നതിനു മുൻപാണ് മറ്റൊരു വലിയ കുഴിയുള്ളത്. ഈ കുഴിയിൽ വീഴുന്ന ബൈക്കുകൾ നിയന്ത്രണം വിട്ടു മറിയാനുള്ള സാധ്യതകളേറെയാണ്.
കോതകുളങ്ങരയിൽ റോഡിന്റെ വലതുവശം ചേർന്നുള്ള രണ്ടു വലിയ കുഴികൾ പെട്ടെന്നു ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടുകയില്ല. കുഴിയിൽ വീഴുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അടിഭാഗം വലിയ ശബ്ദത്തോടെ ഇടിക്കുന്നു.
കുഴിയിൽ ചാടുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ടു സമീപത്തുകൂടി പോകുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറാനുള്ള സാധ്യതയേറെയാണ്.
റോഡിൽ കുഴികൾ വീണിട്ട് ഏറെ നാളുകളായെങ്കിലും കുഴികൾ അടയ്ക്കാനുള്ള നടപടി ദേശീയപാത അധികൃതർ എടുക്കുന്നില്ല. കറുകുറ്റി മുതൽ അങ്കമാലി വരെയുള്ള റൂട്ടിൽ പലയിടങ്ങളിലും ടാർ ഉരുണ്ടുകൂടി തടമുഴകൾ രൂപപ്പെട്ടിരിക്കുകയാണ്.
ഗുണനിലവാരമില്ലാത്ത ടാറിങ്ങിനെ തുടർന്നാണു തടമുഴകൾ രൂപപ്പെടുന്നത്.
ഒറ്റ നോട്ടത്തിൽ റോഡിൽ പ്രശ്നങ്ങൾ തോന്നില്ലെങ്കിലും തടമുഴകളുള്ള ഭാഗങ്ങളിൽ വലിയ അപകടക്കെണിയാണ് ബൈക്ക് യാത്രക്കാരെ കാത്തിരിക്കുന്നത്. തടമുഴകളിൽ കയറുന്ന ബൈക്കുകൾ ഒരുവശത്തേക്കു പെട്ടെന്നു വെട്ടിമാറുന്നു.
മഴയുണ്ടെങ്കിൽ നിയന്ത്രണം വിട്ടു മറിയുകയും ചെയ്യും.ദേശീയപാതയിലെ അപകടാവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]